
ന്യൂയോർക്ക് : ക്രിസ്മസ് ഇങ്ങെത്തി. പുൽക്കൂടായാലും ക്രിസ്മസ് ട്രീയാലും അലങ്കരിക്കാൻ വിവിധ നിറത്തിലെ ചെറിയ ബോളുകൾ അഥവാ ബോബ്ൾസിനെ വേണം. ക്രിസ്മസ് ട്രീയിൽ മാത്രമല്ല തന്റെ മുഖത്തെ താടിയും ബോബ്ൾസ് കൊണ്ട് അലങ്കരിക്കാമെന്ന് തെളിയിച്ചയാളാണ് യു.എസിലെ ഐഡാഹോ സ്വദേശിയായ ജോയൽ സ്ട്രാസർ.
2022 ഡിസംബർ 2നാണ് ഇദ്ദേഹം ഈ റെക്കാഡ് സ്ഥാപിച്ചത്. വിവിധ നിറത്തിലെ 710 കുഞ്ഞൻ ബോബ്ൾസാണ് ഇദ്ദേഹം തന്റെ താടിയിൽ ഘടിപ്പിച്ചത്. അതേ സമയം, സ്വന്തം റെക്കാഡ് തന്നെയാണ് ജോയൽ തകർത്തത്. 2019ൽ 302, 2020ൽ 542, 2021ൽ 686 എന്നിങ്ങനെ ബോബ്ൾസ് താടിയിൽ ഘടിപ്പിച്ച് ജോയൽ റെക്കാഡ് സ്ഥാപിച്ചിരുന്നു. കാണുന്ന പോലെ അത്ര എളുപ്പമല്ല കാര്യങ്ങൾ.
ബോബ്ൾസിനെ താടിയിൽ സൂഷ്മമായി സെറ്റ് ചെയ്യാൻ അങ്ങേയറ്റം ക്ഷമയും കഠിനാധ്വാനവും വേണമെന്ന് ജോയൽ പറയുന്നു. 710 ബോബ്ൾസ് താടിയിൽ സെറ്റ് ചെയ്യാൻ രണ്ടര മണിക്കൂർ വേണ്ടി വന്നു. ഒരു മണിക്കൂറിലേറെ വേണ്ടി വന്നു അവ അഴിച്ചുമാറ്റാൻ. ഏതായാലും ഗിന്നസ് റെക്കാഡിൽ ഇടംനേടിയതിന് പിന്നാലെ ജോയലിനോട് ഇനിയെങ്കിലും താടിയൊന്ന് ട്രിം ചെയ്യാൻ ഭാര്യ ആവശ്യപ്പെട്ടു.
അദ്ദേഹം അത് അനുസരിക്കുകയും ചെയ്തു. പക്ഷേ 2023ലും ജോയൽ തന്റെ താടി കൊണ്ട് റെക്കാഡ് തീർത്തു. ബോബ്ൾസിന് പകരം 187 കാൻഡി കെയ്നുകളാണ് (ക്രിസ്മസുമായി ബന്ധപ്പെട്ട ചുവപ്പും വെള്ളയും വരകളുള്ള വടിയുടെ ആകൃതിയിലെ മിഠായി ) ജോയൽ തിരഞ്ഞെടുത്തത്.