
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്തിമ വാദം തുറന്ന കോടതിയിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് അതിജീവിത. ഇത് സംബന്ധിച്ച് അതിജീവിത വിചാരണ കോടതിയിൽ ഹർജി നൽകി. വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാർത്ഥ വശങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്നാണ് അതിജീവിത ഹർജിയിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കും.
പ്രതിയായ നടൻ ദിലീപിനെതിരെ തെളിവില്ലെന്ന മുൻ ഡി ജി പി ആർ ശ്രീലേഖയുടെ പ്രസ്താവനയ്ക്കെതിരെ അതിജീവിത വിചാരണക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു. കൂടാതെ നീതി തേടി രാഷ്‌ട്രപതിക്കും അതിജീവിത കത്തയച്ചിരുന്നു. തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ച സംഭവത്തിൽ ഹൈക്കോടതിയും സുപ്രീം കോടതിയും നടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് അതീജീവിത നീതിതേടി രാഷ്‌ട്രപതിക്ക് കത്തയച്ചിരിക്കുന്നത്.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്നുതവണ ഈ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചുവെന്ന് ശാസ്ത്രീയ പരിശോധനയിൽ ഉൾപ്പെടെ തെളിഞ്ഞിരുന്നു. ഈ കുറ്റകൃത്യം ചെയ്‌ത ആളുകളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും സുപ്രീം കോടതിയെയും സമീപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പരാതിയിൽ പറയുന്നത്.
മെമ്മറി കാർഡ് പരിശോധിച്ച ആളുകളെ കണ്ടെത്തേണ്ടതും നടപടിയെടുക്കേണ്ടതും കോടതികളാണ്. എന്നാൽ, ഇവരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ജുഡീഷ്യറിയുടെ മേൽ ഭരണപരമായ ഒരു നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇപ്പോൾ രാഷ്‌ട്രപതിക്ക് കത്ത് നൽകിയിരിക്കുന്നത്.