
ബംഗളൂരു: സ്‌കൂളിൽ നിന്ന് വിനോദയാത്രയ്‌ക്ക് പോയ സംഘത്തിലെ നാല് വിദ്യാർത്ഥികൾ മുരുഡേശ്വറിലെ കടലിൽ മുങ്ങിമരിച്ചു. കോലാർ മുളബാഗിലു മൊറാർജി ദേശായി റെസിഡൻഷ്യൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക എന്നിവരാണ് മരിച്ചത്. നാലുപേരുടെയും കുടുംബങ്ങൾക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
ചൊവ്വാഴ്‌ച വൈകിട്ട് 5.30നാണ് 46 വിദ്യാർത്ഥികളടങ്ങിയ സംഘം അദ്ധ്യാപകർക്കൊപ്പം മുരുഡേശ്വറിൽ എത്തിയത്. ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് വകവയ്‌ക്കാതെ കടലിലിറങ്ങിയ ഏഴ് വിദ്യാർത്ഥിനികൾ മുങ്ങിത്താഴുകയായിരുന്നു. ഇതിൽ ഒരാളുടെ മൃതദേഹം ചൊവ്വാഴ്‌ച വൈകിട്ടും മൂന്നുപേരുടെ മൃതദേഹങ്ങൾ ഇന്നലെ രാവിലെയുമാണ് ലഭിച്ചത്. മറ്റ് മൂന്നുപേരെ ലൈഫ് ഗാർഡും പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് സുരക്ഷിതമായി കരയ്‌ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദ്യാർത്ഥി സംഘത്തോടൊപ്പം ഉണ്ടായിരുന്ന ആറ് അദ്ധ്യാപകരെ അറസ്റ്റ് ചെയ്‌ത ശേഷം ജാമ്യത്തിൽ വിട്ടയച്ചതായി ഉത്തരകന്നഡ എസ്‌പി എം നാരായണ പറഞ്ഞു. ഇത്തരം അപകടകരമായ സ്ഥലങ്ങളിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നതിന് മുമ്പ് അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് സുരക്ഷാ ബോധവൽക്കരണം നൽകണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശിച്ചു.