
''മനുഷ്യരുടെ വ്യക്തിബന്ധങ്ങളിൽ, സമാധാനത്തിന്റെ ദീർഘായുസ് നിലനിൽക്കണമെങ്കിൽ, തീർച്ചയായും, പരസ്പരം ഒരൽപ്പം അകലം പാലിച്ചുപോകുന്നതാണ് ബുദ്ധി! എന്താ, വിഷമമായോ? വിഷമങ്ങൾ ഉണ്ടാകാതിരിക്കാൻ ഞാൻ ഓർമ്മിപ്പിച്ചെന്നേയുള്ളു, കാരണം ഇതൊരു പുതിയ അറിവല്ല എന്നതുകൊണ്ടുതന്നെ! അപ്പോൾ, ഭാര്യയും, ഭർത്താവുമായാലും അകലം വേണമെന്നാണോ? എന്താ സംശയം, ഭാര്യയെ എപ്പോഴും'ചൊറിയുന്ന" ഭർത്താവിനെ ഏതെങ്കിലും ഭാര്യയ്ക്കുവേണോ? അതുപോലെ ഭർത്താവിന്റെ അടുത്തിരുന്ന്, അനുനിമിഷം ഉള്ളിൽ കലഹിച്ചുകൊണ്ടിരിക്കുന്ന ഭാര്യയൊരു അതിസുന്ദരിയാണെങ്കിലും, സഹിച്ചു മുന്നേറാൻ തയ്യാറാവുന്ന ഭർത്താക്കന്മാരൊന്നു കൈ ഉയർത്തികാണിച്ചേ! ങേ, ആർക്കും കൈയില്ലേ!"" സദസിൽ നിന്നുയർന്ന കൂട്ടച്ചിരിക്കുമുന്നിൽ, അതുവരെ ബലം പിടിച്ചു നിന്നിരുന്ന പ്രഭാഷകനും, കൂടാതിരിക്കാൻ കഴിഞ്ഞില്ല. അപ്രകാരം ശബ്ദമുഖരിതമായ അന്തരീക്ഷം സദസിൽ സംജാതമായിട്ടും അപൂർവ്വം ചിലർ നിർവികാര ഭരിതരെ പോലെ കാണപ്പെട്ടു! അപ്രകാരം അഞ്ചാറു മുഖങ്ങളിൽ തെളിഞ്ഞ മ്ളാനതയുടെ ആഴമറിയാക്കയങ്ങളിലേക്ക്, ആധുനിക സിദ്ധികളുള്ള മുന്തിയ ഇനത്തിലെ സൂക്ഷ്മദർശിനിയിലൂടെ നോക്കുന്ന ഭാവത്തിൽ ഒരു നിമിഷം നിന്നശേഷം, പ്രഭാഷകൻ സദസ്യരെയാകെ പുഞ്ചിരിയോടെ നോക്കിക്കൊണ്ട് ഇപ്രകാരം തുടർന്നു:
''കുടുംബജീവിതത്തിൽ സമദൂരം ശരിയാകില്ല. അല്ലെങ്കിലും'സമദൂര സിദ്ധാന്ത"മെന്നു പറയുതേയൊരു ചെപ്പടി വിദ്യയല്ലേ! ആളുകൾ കാണുമ്പോളുള്ള ദൂരം, മറ്റാളുകളില്ലാത്തപ്പോൾ ഉണ്ടാകണമെന്നില്ലല്ലോ! അപ്പോൾ, മിതദൂരമായാലോ? അത്, സൗഹൃദങ്ങൾക്ക്, വളരെ ഹിതകരമായിരിക്കാം. എന്നാൽ, കുടുംബത്തിൽ വേണ്ട. അപ്പോൾ കുടുംബത്തിൽ ഏതു സിദ്ധാന്തമെന്നല്ലേ? അത്,'സ്മിതസിദ്ധാന്ത"മായാലോ? എപ്പോഴും, സുസ്മേരവദനരായിരിക്കണമെന്നതല്ല സിദ്ധാന്തം, കുടുംബത്തിനുള്ളിൽ, മുഖത്തെ സ്നേഹം മായാതിരിക്കാൻ ശ്രദ്ധിക്കുക, അത് കുട്ടികളെയും പഠിപ്പിക്കുക. പിന്നെ, മുഖമൊന്നു മാറ്റേണ്ടിവന്നാലും, ഉള്ളിലെ സ്മിതമണയാതെ ശീലിക്കുക! കുട്ടികളെയും ശീലിപ്പിക്കുക കാരണം, കുടുംബം നമ്മുടെയാണല്ലോ!
പേരറിയാത്ത ആ പക്ഷിയുടെ അതിമനോഹരമായ പാട്ട് യുവാവിനെ വല്ലാതെ ഹരം പിടിപ്പിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനോഹരിയായ ആ പക്ഷിയെ അയാൾ സ്വപ്നം കാണുകയായിരുന്നു! ഒടുവിലൊരു ദിവസം, അയാൾ രണ്ടുംകൽപ്പിച്ച്, പാട്ടു കേൾക്കുന്ന ദിക്കിലേക്ക് പക്ഷിയെ ലക്ഷ്യമിട്ട് നടക്കാൻ തുടങ്ങി. കുറെദൂരം നടപ്പോഴാണ്, പക്ഷിയുടെ വാസസ്ഥലം, വലിയൊരു മാമരത്തിൻ മുകളിലാണെന്നു മനസിലായത്. പക്ഷിയെ സ്വന്തമാക്കീട്ടു തന്നെ ബാക്കിയുള്ള കാര്യങ്ങളെന്നുറപ്പിച്ച്, പിടിച്ചാൽ കൈകളിൽ ഒതുങ്ങാത്ത ആ വൃക്ഷത്തിൽ അയാൾ കയറാൻ തുടങ്ങി. ആ മരത്തിന്റെ മുകളിലേക്ക് കയറും തോറും, അസഹനീയമായ ദുർഗന്ധം അയാൾക്ക് അനുഭവപ്പെട്ടു തുടങ്ങി. അതിന്റെ ഉറവിടത്തെപ്പറ്റിയുള്ള അന്വേഷണം ചെന്നെത്തിയത് ആ സുന്ദരിപ്പക്ഷിയിൽ തന്നെയായിരുന്നു. അതിന്റെ ശാരീരത്തിന്റെ സുഗന്ധം, ശരീരത്തിനില്ലയെന്ന തിരിച്ചറിവിൽ യുവാവ് തന്റെ ഉദ്യമം ഉപേക്ഷിച്ചു. ഇപ്രകാരം നിങ്ങളാരെങ്കിലും ഉദ്യമങ്ങൾ ഉപേക്ഷിച്ചിട്ടുണ്ടോ? അപ്പോൾ, അകലെ നിന്നു കണ്ട അഴകിന്റെ, അരികിലെത്തിയപ്പോൾ, അതിനുള്ളിൽ നിറയെ അഴുക്കാണെന്നു കണ്ടാൽ കഥയെന്താകും!""
ഇപ്രകാരം പറഞ്ഞു നിർത്തിയ പ്രഭാഷകൻ, സദസ്യർക്കിടയിലെ ആ
'മ്ളാനവദനരെ"പ്രത്യേകം ശ്രദ്ധിച്ചത് അവരറിഞ്ഞില്ല, കാരണം അവരപ്പോൾ ആരും കാണാതെ സ്വയം കണ്ണീരൊപ്പുകയായിരുന്നു!