
'എന്തിനാണ് ഇവിടേക്കു വന്നത്?"- പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം തേടിയെത്തിയ ഷാജി എൻ. കരുണിനോട് ഇന്റർവ്യൂവിനു നേതൃത്വം നൽകിയ വിഖ്യാത സംവിധായകൻ മൃണാൾസെൻ ചോദിച്ചു. പഠിക്കാൻ വന്നതാണെന്ന് ഉത്തരം. 'വല്ലതും അറിയാമോ" എന്നായിരുന്നു അടുത്ത ചോദ്യം. പിൽക്കാലത്ത് ജീവിതസഖിയായ അയൽപക്കത്തെ പെൺകുട്ടി അനസൂയയുടെ സഹോദരൻ കൃഷ്‌ണവാര്യരുമൊത്ത് ട്രെക്കിംഗിനു പോയപ്പോൾ എടുത്ത കുറച്ചു ഫോട്ടോകൾ കാണിച്ചുകൊടുത്തു. എം.ബി.ബി.എസിന് അഡ്മിഷൻ കിട്ടിയത് ഉപേക്ഷിച്ചാണ് ഇങ്ങോട്ടേക്കു വന്നതെന്നും, ഇഷ്ട സംവിധായകൻ ഡേവിഡ് ലീൻ ആണെന്ന എന്റെ ഉത്തരവും മൃണാൾദായെ ആകർഷിച്ചിരിക്കാം.
'അന്ന് മൃണാൾ സെൻ എന്ന മനുഷ്യനെ എനിക്കറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ ഇതൊക്കെ പറയാനുള്ള ധൈര്യവും കിട്ടി. 40 പേരുണ്ടായിരുന്നു, ഇന്റർവ്യൂവിന്. ഉച്ചയോടെ എല്ലാവരുടെയും കഴിഞ്ഞു. വീട്ടിൽ നിന്ന് അധികം മാറി നിൽക്കാത്തയാളായിരുന്നു ഞാൻ. എത്രയും വേഗം തിരിച്ചെത്തിയാൽ മതിയെന്ന മൂഡിലായിരുന്നു. ഇത് മനസിൽ വച്ചായിരുന്നു എന്റെ ഉത്തരങ്ങളും. പക്ഷേ, വൈകിട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ ഒന്നാം റാങ്ക് എനിക്കായിരുന്നു. അങ്ങനെയാണ് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഛായാഗ്രഹണം പഠിച്ചത്..."
ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേൽ പുരസ്കാരം നേടിയ ഷാജി എൻ.കരുൺ ഓർമ്മകളുടെ പഴയ റീലുകളിലൂടെ സംസാരിക്കുകയാണ്. തിരുവനന്തപുരത്ത്, വഴുതയ്ക്കാട്ടെ വീടായ 'പിറവി"യിലിരുന്ന് ഷാജി എൻ. കരുൺ പഴയ കാലത്തെക്കുറിച്ച് പറയുമ്പോൾ ഭാര്യ അനസൂയയും ഒപ്പമുണ്ടായിരുന്നു.
? സത്യജിത്ത് റേയെ കണ്ടില്ലേ.
 ഇൻസ്റ്റിറ്റ്യൂട്ടിൽ ഞങ്ങളുടെ കോൺവൊക്കേഷനു വന്നത് റേ ആയിരുന്നു. ഡിപ്ലോമ ഫിലിമിന് എനിക്കായിരുന്നു അന്ന് ഗോൾഡ് മെഡൽ. 'ജനസിസ്" എന്നായിരുന്നുചിത്രത്തിന്റെ പേര്. അന്ന് റേ ആണ് മെഡൽ സമ്മാനിച്ചത്. അതോടൊപ്പം രണ്ടാമതൊരു ചിത്രത്തിന് ക്യാമറ ചെയ്യാൻ അവസരം ലഭിച്ചു. മലേഷ്യയിൽ നിന്ന് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാനെത്തിയ സുബ്രഹ്മണ്യൻ എന്നയാൾ സംവിധാനം ചെയ്ത ഒരു ഡിപ്ലോമ ഫിലിം. ഹൊറർ ചിത്രമായിരുന്നു അത്. 'ലേഡി ഓൺ ദ ലാൻഡിംഗ്" എന്നായിരുന്നു പേര്. ഒരു ഫോട്ടോഗ്രാഫർക്ക് ഫോട്ടോഗ്രാഫി ചെയ്യാൻ ലഭിച്ച ഏറ്റവും നല്ല അവസരമായിരുന്നു ആ ഹൊറർ പടം. ഈ സിനിമ റേ അവിടെ വച്ച് കണ്ടിരുന്നു. അന്ന് ഈ ചിത്രങ്ങളെ പ്രശംസിച്ച് റേ പറഞ്ഞു, 'ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ ഇപ്പോഴേ ഇൻഡസ്ട്രി സ്റ്റാൻഡേർഡിലേക്ക് ഉയർന്നു"വെന്ന്.
? ക്യാമറയിൽ ഫോട്ടോ എടുത്തുള്ള താത്പര്യമാണോ സിനിമ പഠിക്കാൻ പ്രേരണയായത്.
 വലിയ സ്ക്രീനിൽ സിനിമകൾ കാണുമ്പോൾ സംവിധായകനേക്കാൾ വലിയ റോൾ ഛായാഗ്രാഹകനാണെന്ന ധാരണയായിരുന്നു എനിക്ക്. എന്നാൽ ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ടാം വർഷത്തിലാണ് അറിയുന്നത്, സിനിമറ്റോഗ്രാഫർ എന്നത് സെക്കന്റ് ലെഫ്റ്റനന്റ് മാത്രമാണെന്ന്. പി.കെ. നായർ ഫിലിം ആർക്കൈവ്സ് സെറ്റ് ചെയ്യുന്ന കാലം. സിനിമകളുടെ ക്വാളിറ്റി ചെക്ക് ചെയ്യുന്നതിന്റെ ഭാഗമായി രാത്രിയിൽ സിനിമകൾ ഇട്ടുകാണും. ആ സമയം ഞാനും ഒപ്പം കൂടും. മലയാളിയായതിനാൽ അദ്ദേഹത്തിനും സന്തോഷമായിരുന്നു. ഞങ്ങളോടൊപ്പം കുറച്ച് തെരുവുനായകളുമുണ്ടായിരുന്നു. അവയും സ്ക്രീനിൽ നോക്കിയിരിക്കും. മോശം സിനിമകളാണെങ്കിൽ ഇറങ്ങിപ്പോവുകയും ചെയ്യും!
? ആദ്യമായി കണ്ട സിനിമ ഏതാണെന്ന് ഓർക്കുന്നുണ്ടോ.
 ഡേവിഡ് ലീനിന്റെ ചിത്രങ്ങളാണ്. മാസീവ് ആയിട്ടുള്ള ബിഗ് പിക്ചർ ആണവ. അതിലൂടെയൊക്കെയാണ് ഫോട്ടോഗ്രാഫിയുടെ പ്രാധാന്യം മനസിലാക്കിയതും.
? ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയ ശേഷമുള്ള ആദ്യസിനിമ 'ലക്ഷ്മിവിജയ"മാണോ.
 അല്ല. അതിനു മുമ്പ് മധു അമ്പാട്ടുമായി ചേർന്ന് അസീസിന്റെ 'ഞാവൽപ്പഴം" എന്ന ചിത്രം ചെയ്തു. മധു- ഷാജി ടീം എന്ന പേരിലാണ് അന്ന് അതു ചെയ്തത്. അന്ന് ഭാര്യയോടൊപ്പം മദ്രാസിലെത്തി ഒരു വീടിനായി തപ്പി. ജോലി എന്താണെന്ന് വീട്ടുടമ ചോദിച്ചപ്പോൾ സിനിമാക്കാരനെന്നു പറഞ്ഞു. സിനിമാക്കാരനാണെങ്കിൽ വീട് തരില്ലെന്നായിരുന്നു മറുപടി. അനസൂയയ്ക്ക് പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് വകുപ്പിൽ ടെലിഫോൺ ഓപ്പറേറ്ററായി ജോലി കിട്ടിയിരുന്നു.അതു പറഞ്ഞാണ് വീട് സംഘടിപ്പിച്ചത്.
അന്ന് അന്യഭാഷാ ചിത്രങ്ങളുടെ ടൈറ്റിൽ എടുക്കുന്നതിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് എനിക്കുണ്ടായിരുന്നത്. അതിനു ശേഷമാണ് കെ.എസ്.എഫ്.ഡി.സിയിലേക്ക് എത്തുന്നത്. തുടർന്നാണ് 'ലക്ഷ്മി വിജയം." അത് ഇൻഡിപെൻഡന്റായി ചെയ്തതാണ്. ബുക്ക് നോക്കി പാചകം ചെയ്യുന്നവരെപ്പോലെയാണ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചെത്തിയവരെ അന്ന് പൊതുവെ കണ്ടിരുന്നത്. നാച്വറൽ ലൈറ്റിലായിരുന്നു 'ലക്ഷ്‌മി വിജയ"ത്തിന്റെ ചിത്രീകരണം. സ്‌റ്റിൽ എടുത്ത ഫോട്ടോഗ്രാഫർക്ക് കാര്യമായൊന്നും കിട്ടിയില്ല. അയാൾ നിർമ്മാതാവിനോട് രഹസ്യമായി ചെന്നു പറഞ്ഞു; എന്റെ ക്യാമറയിൽ വല്ലതും പതിഞ്ഞോയെന്നു സംശയമാണെന്ന്. അങ്ങനെ എനിക്ക് രൂണ്ടുദിവസം അവധി നൽകി. ചിത്രീകരിച്ച ഫിലിം മദ്രാസിൽ ലാബിലയച്ചു. മികച്ച നെഗറ്റീവാണെന്ന കത്തു കൂടി വച്ചാണ് ലാബിൽ നിന്ന് തിരികെ ലഭിച്ചത്.
? ജി.അരവിന്ദനെ പരിചയപ്പെട്ടത്.
 രാമു കാര്യാട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കാൻ വന്നിരുന്നു. ഞങ്ങൾ കുറച്ച് മലയാളി വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ മുറിയിലെത്തി കാണുമായിരുന്നു. പഠനം രണ്ടാം വർഷം കഴിയാറായപ്പോൾ ഹിന്ദി നടൻ ദിലീപ് കുമാർ തൃശൂരിൽ വന്നതിന്റെ ഒരു ഔട്ട്ഡോർ ഷൂട്ട് അദ്ദേഹം പ്ലാൻ ചെയ്തു. അതിൽ എനിക്ക് ക്യാമറ ചെയ്യാൻ അവസരം ലഭിച്ചു. അന്ന് ഷൂട്ട് ചെയ്ത ഫിലിം മദ്രാസിലെ ലാബിൽ പ്രോസസ് ചെയ്യാൻ കൊടുക്കുമ്പോൾ അരവിന്ദേട്ടൻ അവിടെയുണ്ടായിരുന്നു. 'ഉത്തരായന"ത്തിന്റെ ലാബ് വർക്ക് ചെയ്തുകൊണ്ടിരിക്കുന്ന സമയമായിരുന്നു. രാത്രിയിൽ ഞാൻ പ്രോസസിംഗ് ഒക്കെ കഴിഞ്ഞ് തിരികെ നടന്നുപോകുന്നതിനിടെയാണ് അരവിന്ദേട്ടനെ കാണുന്നതും പരിചയപ്പെടുന്നതും. കോട്ടയത്ത് അനസൂയയുടെ കസിൻ പ്രഹ്ളാദന്റെ അയൽക്കാരനായിരുന്നു അദ്ദേഹം. 'ഉത്തരായന"ത്തോടെ മങ്കട രവിവർമ്മയുമായി അരവിന്ദേട്ടൻ അകന്നിരുന്നു. പുതിയ ചിത്രത്തിന് ഛായാഗ്രാഹകനെ അന്വേഷിക്കുകയായിരുന്നു. പ്രഹ്ളാദനാണ് എന്നെ നിർദ്ദേശിച്ചത്.
? ആദ്യം ചെയ്യുന്നത് 'കാഞ്ചനസീത"യല്ലേ... അതേക്കുറിച്ച്.
 രാജമുണ്ട്രിയിലായിരുന്നു ഷൂട്ടിംഗ്. ജനറൽ പിക്ചേഴ്സ് രവീന്ദ്രനാഥൻ നായരായിരുന്നു നിർമ്മാണം. അന്ന് ഒരു ലക്ഷം രൂപയായിരുന്നു അതിന്റെ ബഡ്ജറ്റ് ഇട്ടിരുന്നത്. കഥ കേട്ടപ്പോൾ ദൃശ്യഭംഗി ഉറപ്പാക്കാൻ കളറിൽ ഷൂട്ട് ചെയ്യണമെന്ന അഭിപ്രായം ഞാൻ പറഞ്ഞു. എന്നാൽ അതിനുള്ള ഫണ്ടില്ലായിരുന്നു. തുടർന്ന് ഓർവോ എന്ന ഫിലിം കമ്പനിയിൽ നിന്ന് കളർ ഫിലിം സംഘടിപ്പിച്ചു. പ്രസാദ് ലാബ് തുടങ്ങിയ സമയമായിരുന്നു. അവിടെ നിന്നാണ് ഫിലിം പ്രോസസ് ചെയ്തത്. പുതിയ ക്യാമറയും ലെൻസുമൊക്കെയായതിനാൽ മികച്ച റിസൾട്ട് ലഭിച്ചു. പി. പദ്മരാജനായിരുന്നു അതിലെ അസിസ്റ്റന്റ് ഡയറക്ടർ. സിനിമ പഠിക്കാനെത്തിയതായിരുന്നു അദ്ദേഹം.
? അരവിന്ദനുമായുള്ള ആശയവിനിമയം എങ്ങനെയായിരുന്നു.
 അദ്ദേഹം ഒരു പെയിന്ററാണ്, കാർട്ടൂണിസ്റ്റാണ്. സംഗീതത്തിന്റെ കാര്യത്തിലും വളരെ സ്ട്രോംഗാണ്. ഞങ്ങൾ തമ്മിൽ ഒരു കെമിസ്ട്രി ഉണ്ടായി. പരസ്പര ബഹുമാനവും സ്നേഹവും ഉണ്ടായിരുന്നു. കെ.എസ്.എഫ്.ഡി.സിയിൽ നിന്ന് വർഷത്തിൽ ഒരു സിനിമ ചെയ്യാനുള്ള അനുവാദമേ എനിക്കുണ്ടായിരുന്നുള്ളൂ. സിനിമയിൽ നിന്നു ലഭിക്കുന്ന പ്രതിഫലം കെ.എസ്.എഫ്.ഡി.സിയിൽ അടയ്ക്കണം. അതിന്റെ മൂന്നിലൊന്നു മാത്രമേ അവർ നമുക്ക് തരൂ. 800 രൂപയൊക്കെയേ അന്ന് ലഭിച്ചിരുന്നുള്ളൂ. അരവിന്ദേട്ടൻ വർഷത്തിൽ ഒരു പടം ചെയ്യും. ഞാനാണ് ഛായാഗ്രഹണം. മറ്റുള്ളവരുടെ സിനിമകൾ ചെയ്യാൻ എനിക്ക് പറ്റാത്ത അവസ്ഥയായിരുന്നു.
? ആ സമയം വേറെ ഓഫറുകൾ....
 വന്നിരുന്നു. കെ.എസ്.എഫ്.ഡി.സിയിൽ ജോലി ചെയ്തിരുന്നതിനാൽ പറ്റില്ലായിരുന്നു. പദ്മരാജൻ 'പെരുവഴിയമ്പല"ത്തിലേക്ക് വിളിച്ചിരുന്നു. എന്നാൽ പോകാനായില്ല.
? പദ്മരാജന്റെ കൂടെ വർക്ക് ചെയ്തല്ലോ.
 'കൂടെവിടെ"യിലും 'അരപ്പട്ട കെട്ടിയ ഗ്രാമ"ത്തിലും വർക്ക് ചെയ്തു.
? അരവിന്ദന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ.
 'തമ്പ്" തന്നെയാണ്. എന്റെ ആദ്യ നാഷണൽ അവാർഡും അതിനായിരുന്നു.
? എം.ടിയുടെ കൂടെ വർക്ക് ചെയ്തിട്ടില്ലേ.
 ഉണ്ട്. 'മഞ്ഞി"ൽ.
? 'പിറവി"യുടെ സംഗീതം നിർവഹിച്ചത് അരവിന്ദനല്ലേ.
 അതെ. മോഹൻ സിതാരയുടെ സഹായമുണ്ടായിരുന്നു. ഞാനൊരു സിനിമ സംവിധാനം ചെയ്യുമ്പോൾ
അരവിന്ദേട്ടന്റെ പേര് അതിനൊപ്പം ഉണ്ടാകണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.
? അരവിന്ദനുമായുള്ള ബന്ധത്തിൽ എപ്പോഴെങ്കിലും അകൽച്ച സംഭവിച്ചിരുന്നോ.
 എനിക്കില്ലായിരുന്നു. 'പിറവി"ക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയില്ല. രവീന്ദ്രന്റെ 'ഒരേ തൂവൽപക്ഷികൾ"ക്കായിരുന്നു മികച്ച ചിത്രത്തിനുള്ള അവാർഡ്. 'പിറവി" മികച്ച രണ്ടാമത്തെ ചിത്രമേ ആയുള്ളൂ. അന്നൊക്കെ അരവിന്ദേട്ടൻ എന്നെയല്ല, രവിയെയാണ് പിന്തുണച്ചതെന്ന് എനിക്ക് തോന്നാതിരുന്നില്ല. എന്നാലും അരവിന്ദേട്ടന്റെ അടുത്ത പടം ചെയ്യാൻ ഞാൻ പോയി. 'ഉണ്ണി" എന്ന ആ സിനിമ കുറച്ച് ചെയ്തു. പിന്നെ അത് സണ്ണി ജോസഫ് ഏറ്റെടുത്തു. ഞാൻ 'സ്വം" എടുക്കുന്ന സമയത്താണ് അരവിന്ദേട്ടൻ 'വാസ്തുഹാര" ചെയ്തത്. പിന്നെ അധികം നാളുകൾ കഴിയും മുമ്പ് അദ്ദേഹത്തിന്റെ മരണവും സംഭവിച്ചു. അതിന്റെ പഴിയും നമ്മുടെ തലയിൽ തൂക്കാൻ ചിലർ ശ്രമിച്ചു.
? 'പിറവി"ക്ക് അവാർഡ് കിട്ടാതിരുന്നതിൽ അരവിന്ദന് പങ്കുണ്ടോ.
 അറിയില്ല. ബുദ്ധദേവ്ദാസ് ഗുപ്ത ആയിരുന്നു ജൂറി ചെയർമാൻ. 'പിറവി"യുടെ നിർമ്മാണത്തിന് എൻ.എഫ്.ഡി.സിയിൽ അപേക്ഷിച്ചിരുന്നു . അന്ന് എൻ.എഫ്.ഡി.സി ബോർഡിൽ അരവിന്ദേട്ടനുണ്ട്. അന്ന് എന്റെ സിനിമയുടെ കാര്യം ചർച്ചയ്ക്കു വന്നപ്പോൾ അദ്ദേഹം ബോർഡിൽ നിന്നിറങ്ങിപ്പോയി. അതിനെ പിന്തുണച്ചില്ല. അതിലെനിക്ക് വലിയ വിഷമമുണ്ടായിരുന്നു.
? താങ്കൾ സിനിമ സംവിധാനം ചെയ്യുന്നതിനോട് അരവിന്ദന് താത്പര്യമില്ലായിരുന്നോ.
 എന്താണെന്നറിയില്ല.
? കേരളത്തിൽ അവാർഡ് കിട്ടിയില്ലെങ്കിലും 'പിറവി" ദേശീയ, അന്തർദ്ദേശീയ തലത്തിൽ അവാർഡുകൾ
വാരിക്കൂട്ടിയല്ലോ...
 അന്ന് ദേശീയ അവാർഡ് വന്നപ്പോൾ 'പിറവി"ക്ക് മികച്ച ചിത്രത്തിനും സംവിധാനത്തിനും മികച്ച നടനും (പ്രേംജി) അവാർഡുകൾ ലഭിച്ചു. ചാർളി ചാപ്ളിൻ ജന്മശതാബ്ദിയോടനുബന്ധിച്ചുള്ള ചലച്ചിത്ര മേളയിൽ ലഭിച്ച പുരസ്ക്കാരം അടക്കം അനവധി അവാർഡുകൾ. അതെ സമയം 'പിറവി" ഇവിടെ ചലച്ചിത്രോത്സവത്തിൽ കാണിച്ചില്ല. ഡോ. പി.കെ.ആർ. വാര്യർ (അനസൂയയുടെ പിതാവും പ്രശസ്ത സർജനും ഇടതു സഹയാത്രികനും) സംഘാടകരിലെ പ്രധാനിയോട് പറയുകയും ചെയ്തിരുന്നു. പക്ഷെ കാണിച്ചില്ല.
? 'പിറവി"ക്കു ലഭിച്ച ഏറ്റവും വലിയ ബഹുമതി ചാർളി ചാപ്ലിൻ അവാർഡ് ആയിരുന്നോ.
 അതെ. ചാർളി ചാപ്ലിനെ ഒരുകാലത്തും നമുക്ക് വിസ്മരിക്കാനാകില്ല. അദ്ദേഹത്തിന്റെ പേരിലുള്ള അവാർഡ് ഒരു മലയാള ചിത്രത്തിനു കിട്ടുകയെന്നത് വലിയ കാര്യമാണ്. രാജ്യം പദ്മശ്രീ നൽകിയതും കേന്ദ്ര- സംസ്ഥാന അവാർഡുകൾ ലഭിച്ചതുമെല്ലാം വലിയ അംഗീകാരമായിട്ടാണ് ഞാൻ കാണുന്നത്. ജെ.സി. ഡാനിയേൽ അവാർഡ് എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാനുള്ള നാടിന്റെ അംഗീകാരമാണ്.
? 'പിറവി"ക്ക് അവാർഡ് നൽകാതിരുന്നതിനെക്കുറിച്ച് ബുദ്ധദേവ് എന്തു പറഞ്ഞു.
 അദ്ദേഹം ജൂറിയിൽ ഒറ്റപ്പെട്ടുപോയെന്നു പറഞ്ഞു. 'പിറവി"ക്ക് അവാർഡ് നൽകാൻ കഴിയാത്തതിൽ പിൽക്കാലത്ത് ബുദ്ധദേവ് എന്നോട് മാപ്പു പറഞ്ഞു.
? 'പിറവി"യിൽ പ്രേംജിയെ കാസ്റ്ര് ചെയ്യാനുള്ള കാരണം.
 തൃശൂരിൽ പ്രേംജി താമസിച്ചിരുന്നത് അനസൂയയുടെ കസിന്റെ വീടിനു മുൻപിലായിരുന്നു. അദ്ദേഹം നടന്നുപോകുന്നത് എനിക്ക് അവിടെ നിന്ന് കാണാമായിരുന്നു. കുടയുമായുള്ള ആ നടത്തം കണ്ടാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. മോഹന്റെ 'മംഗളം നേരുന്നു" എന്ന സിനിമയിൽ പ്രേംജി അഭിനയിച്ചിരുന്നു. ക്യാമറയിലൂടെ ഞാൻ നോക്കുമ്പോൾ അദ്ദേഹത്തിൽ കണ്ട നോട്ടങ്ങളും ഭാവങ്ങളും അന്നേ ഇഷ്ടപ്പെട്ടിരുന്നു.
?അടൂർ ഗോപാലകൃഷ്ണൻ എപ്പോഴെങ്കിലും ക്യാമറ ചെയ്യാൻ വിളിച്ചിട്ടുണ്ടോ.
 ഇല്ല.
? അടൂരുമായി ബന്ധവുമില്ലായിരുന്നോ.
 ഇല്ല. അക്കാലത്ത് അരവിന്ദേട്ടന്റെ ക്യാമ്പുകൾ മുഴുവൻ അടൂരിന് എതിരായിരുന്നു. ആ ഗ്രൂപ്പുകളിൽ ഞാനില്ലായിരുന്നെങ്കിലും സ്വാഭാവികമായും എന്നെയും ആ ക്യാമ്പിന്റെ ഭാഗമായേ കണ്ടിരുന്നുള്ളൂ. രണ്ട് ക്യാമ്പുകളും ശത്രുക്കളായിട്ടാണ് പരസ്പരം കണ്ടിരുന്നത്.
? അടൂരിന്റെ സിനിമകൾ ഇഷ്ടമാണോ.
 ആദ്യകാല സിനിമകളുടെ ക്രാഫ്റ്റ് വലിയ ഇഷ്ടമായിരുന്നു. അടൂരിന്റെ സിനിമകൾ ക്ലിനിക്കൽ സ്വഭാവമുള്ളതാണ്. റേയുടെ സിനിമകളും അങ്ങനെയാണ്.
? ഇന്ത്യൻ ഫിലിം മേക്കേഴ്സിൽ ഏറ്റവും താത്പര്യം റേയോടായിരുന്നോ?
 സംശയമില്ല
? 'വാനപ്രസ്ഥ"ത്തിൽ മോഹൻലാലിനെ തിരഞ്ഞെടുത്തത്...
 കഥകളിയിൽ ഏറ്റവും നല്ല നടനായി നമ്മൾ കണ്ടിരിക്കുന്നത് കലാമണ്ഡലം കൃഷ്ണൻനായർ ആശാനെയല്ലേ... അതേ ഫിസിക്കും ലുക്കുമാണ് മോഹൻലാലിനും. വേഷമിടുമ്പോഴും അഭിനയിക്കുമ്പോഴുമെല്ലാം.
വളരെ ആത്മാർത്ഥമായി അദ്ദേഹം അത് ചെയ്തു. സിനിമയുടെ കോ- പ്രൊഡ്യൂസറും ആയിരുന്നു.
? 'കുട്ടി സ്രാങ്കി"ൽ മമ്മൂട്ടിയെ ആണ് കാസ്റ്റ് ചെയ്തത്. രണ്ടു പേരെയും
താരതമ്യം ചെയ്യുമ്പോൾ എങ്ങനെയാണ്.
 റിഹേഴ്സലിൽ കാണുന്ന മോഹൻലാലും ക്യാമറയിൽ കാണുന്ന മോഹൻലാലും തികച്ചും വ്യത്യസ്തമാണ്. ഇതെങ്ങനെയാണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിനു പോലും അറിയില്ല. നമ്മൾ ഉദ്ദേശിക്കുന്നതിനേക്കാൾ ഭംഗിയായി ചെയ്യാൻ എങ്ങനെ സാധിക്കുന്നുവെന്ന് ഞാൻ ചോദിച്ചിരുന്നു. തനിക്കറിയില്ലെന്നും, അത് സംഭവിക്കുന്നതാണെന്നും, അഭിനയിക്കുമ്പോൾ ഏതോ ഒരു ശക്തിയുടെ സ്വാധീനമാകാമെന്നും അദ്ദേഹം ഉത്തരം പറഞ്ഞു. 'കുട്ടിസ്രാങ്കിൽ" എനിക്കു വേണ്ടിയിരുന്നത് സുന്ദരനായ ഒരു പുരുഷനെയായിരുന്നു. ഞാൻ മമ്മൂട്ടിയോടു തന്നെ പറഞ്ഞിട്ടുണ്ട്; നിങ്ങളുടെ മുഖത്ത് ടാർ ഉരുക്കി ഒഴിച്ചാലും നിങ്ങൾ സുന്ദരനായിരിക്കുമെന്ന്. വളരെ നന്നായി അദ്ദേഹം ആ വേഷം ചെയ്യുകയും ചെയ്തു.
? ടി. പദ്മനാഭന്റെ 'കടൽ" സിനിമയാക്കുമെന്ന് പറഞ്ഞിരുന്നു. ഉപേക്ഷിച്ചോ...
 ചെയ്യണമെന്നാണ് ആഗ്രഹം. മനസിൽ നിന്ന് പോയിട്ടില്ല.
? ഇനി എന്നായിരിക്കും ഒരു സിനിമയെടുക്കുക.
 പി. പദ്മരാജന്റെ 'മഞ്ഞുകാലം നോറ്റ കുതിര" എടുക്കണമെന്നാണ് ആഗ്രഹം. പദ്മരാജന്റെ ഭാര്യ രാധാലക്ഷ്മി പദ്മരാജനാണ് അതിന്റെ അവകാശം. അവർ അത് ആർക്കും കൊടുക്കാൻ തയ്യാറല്ല. ഞാൻ ചെയ്യാമെങ്കിൽ തരാമെന്ന് സമ്മതിച്ചിട്ടുണ്ട്.
? ലീഡർ കെ. കരുണാകരനുമായുള്ള പ്രശ്നം എന്തായിരുന്നു.
 കെ.എസ്.എഫ്.ഡി.സിയായിരുന്നു അന്ന് ഡോക്യുമെന്ററി ന്യൂസ് റീൽസ് ഉണ്ടാക്കിയിരുന്നത്. ന്യൂസ് റീൽസിൽ ചിത്രങ്ങളെടുക്കാൻ പലപ്പോഴും ഞാനും പോയിട്ടുണ്ട്. ലീഡർ മാളയിലും നേമത്തും മത്സരിക്കുന്നുണ്ടായിരുന്നു.അദ്ദേഹം പങ്കെടുത്ത ഒരു സർക്കാർ പരിപാടിയുടെ പടം എടുക്കാൻ ഞാൻ വിസമ്മതിച്ചെന്നു പറഞ്ഞ് പ്രശ്നമുണ്ടായി. ചിത്രാഞ്ജയിലെ ലാബ് എയർ കണ്ടിഷൻ ചെയ്തതാണ്. ഉപകരണങ്ങളൊക്കെ അതിനുള്ളിലാണുള്ളത്. ഒരു ദിവസം ഉച്ചയ്ക്ക് ഞാൻ അതുവഴി പോയപ്പോൾ ഒരാൾ ഈ മുറിയിലിരുന്ന് ഭക്ഷണം കഴിക്കുന്നതു കണ്ടു. ഭക്ഷണം അവിടെ വച്ചാൽ എലി കയറി ഉപകരണങ്ങൾ നശിപ്പിക്കും. ഉടൻ ഞാൻ അയാളെ സസ്പെൻഡ് ചെയ്തു. ഈ ദേഷ്യത്തിൽ ആ ജീവനക്കാരൻ കരുണാകരനോട് കള്ളം പറഞ്ഞു; ഞാൻ അദ്ദേഹത്തിന്റെ പടമെടുക്കാൻ വിസമ്മതിച്ചുവെന്ന്. ഇതിന്റെ പേരിൽ എന്നെ സസ്പെൻഡ് ചെയ്തു. മൂന്നുവർഷം നീണ്ടു, ആ സസ്പെൻഷൻ.
? ലീഡറുമായി പിന്നെ സംസാരിച്ചിരുന്നോ.
 പിന്നീട് ഒരിക്കൽ ഒരു ഡോക്യുമെന്ററി എടുക്കാൻ പോയപ്പോൾ അദ്ദേഹത്തെ കണ്ടിരുന്നു. പലകാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. 'പിറവി" ഇറങ്ങുന്ന സമയത്ത്, അദ്ദേഹത്തെക്കുറിച്ചാണോ ഈ സിനിമയെന്നോർത്ത് ലീഡർക്ക് ആശങ്കയുണ്ടായിരുന്നു. സിനിമ ഇറങ്ങാതിരിക്കാൻ അദ്ദേഹം ഗുരുവായൂരിൽ പോയി പ്രാർത്ഥിച്ചു എന്നുവരെ കഥയിറങ്ങിയിരുന്നു. കോഴിക്കോട് ചാത്തമംഗലം എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി രാജന്റെ തിരോധാനത്തെക്കുറിച്ചാണ് 'പിറവി" യുടെ കഥയെന്ന് ചിലർ പ്രചരിപ്പിച്ചിരുന്നു. 'പിറവി" കസ്റ്റഡി മരണമെന്ന ലോക പ്രമേയമാണ് ചർച്ച ചെയ്തത്. അടിയന്തരാവസ്ഥയുടെ രക്തസാക്ഷിയായിരുന്നു രാജൻ. 'പിറവി" യിൽ 1988-ലെ ഒരു കലണ്ടർ ഉപയോഗിച്ചിട്ടുണ്ടായിരുന്നു. രാജൻ കേസുമായി സിനിമയ്ക്കു ബന്ധമില്ലെന്ന് ഞാൻ പറയുന്നുണ്ടായിരുന്നെങ്കിലും കാര്യമുണ്ടായില്ല. സിനിമ ഇറങ്ങിയ ശേഷമാണ് അത് ബോദ്ധ്യമായത്.
? ഇ.എം.എസ്, എ.കെ.ജി എന്നിവരുമായി നല്ല അടുപ്പമായിരുന്നില്ലേ.
 എ.കെ.ജിയെക്കുറിച്ച് ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ കണ്ടിട്ടില്ല. ഇ.എം.എസ് എന്റെ അയൽക്കാരനായിരുന്നു. ഇടയ്ക്ക് കാണാനൊക്കെ പോകുമായിരുന്നു. വലിയ വാത്സല്യമായിരുന്നു.
? അരവിന്ദനെക്കുറിച്ച് ഡോക്യുമെന്ററി എടുത്തില്ലേ.
 എടുത്തു. അതെന്റെ ട്രിബ്യൂട്ട് ആയിരുന്നു.
? കേരളത്തിൽ പുതിയ തലമുറയിൽ പ്രതീക്ഷ ആരിലാണ്.
 ബ്ലെസി കമ്മിറ്റഡ് ആണ്.
? 'സ്വം" കാനിൽ മത്സരിക്കുമ്പോൾ പാം ഡി ഓർ പ്രതീക്ഷിച്ചിരുന്നോ.
 അന്ന് എന്റെ കൂടെ മത്സരിച്ചത് കീസ് ലോവ്സ്ക്കിയെപ്പോലുള്ള മാസ്റ്റേഴ്സിന്റെ ചിത്രങ്ങളായിരുന്നു. അദ്ദേഹത്തിനും കിട്ടിയില്ല. അതുകൊണ്ട് വലിയ പ്രതീക്ഷയില്ലായിരുന്നു. ഒളിമ്പിക്സിൽ പങ്കെടുക്കും പോലെയാണത്. ഓടി ജയിക്കണമെന്നില്ല; ആ വേദിയിൽ ഓടി എന്നുള്ളതാണ് കാര്യം. അതുപോലെയാണ് കാനും. തുടർച്ചയായി മൂന്നു സിനിമയും കൊണ്ടുപോകാനായി എന്നുള്ളതും അഭിമാനമാണ്. അത് ആത്മവിശ്വാസം വളരെ കൂട്ടി.
പേരു പറയുമ്പോൾ അന്തർദ്ദേശീയ തലത്തിൽ ലഭിക്കുന്ന സ്വീകാര്യത കാനിലൂടെ ലഭിച്ചതാണ്. ഒരു സംവിധായകന്റെ മൂന്നു ചിത്രങ്ങൾ തുടർച്ചയായി ഔദ്യോഗിക വിഭാഗത്തിൽ വരുന്നത് അപൂർവതയാണ്.
(പിന്നീട് 30 വർഷം വേണ്ടിവന്നു, ഒരു ഇന്ത്യൻ സിനിമ കാനിൽ മത്സര വിഭാഗത്തിൽ എത്താൻ!)
? അയൽപക്കത്ത് താമസമാക്കിയ പെൺകുട്ടിയെ വിവാഹം കഴിച്ചു. പിന്നിൽ എപ്പോഴും ബാക്ക് ബോണായി
ഭാര്യ ഉണ്ടല്ലോ.
 അതെ. കുട്ടികളെ വളർത്തുന്നതിലും അവരെ ഇന്നത്തെ നിലയിലാക്കുന്നതിലുമെല്ലാം അനസൂയയ്ക്ക് വലിയ റോളുണ്ട്. ഞങ്ങൾ സ്കൂളിൽ പഠിക്കുമ്പോഴേ പരിചയപ്പെട്ടവരാണ്.
? സിനിമാ നയം രൂപീകരിക്കുന്നതിന്റെ ചെയർമാൻ അല്ലേ. അതിന്റെ നടപടികൾ എന്തായി.
 അസോസിയേഷനുകൾ പറഞ്ഞ കാര്യങ്ങൾ സർക്കാർ വകുപ്പുകളുമായി ആലോചിച്ച് അതിൽ നിന്നു വേണം നയം രൂപീകരിക്കേണ്ടത്.
? സംവിധായകനായി മാറാനുള്ള കാരണം, പൂനെയിൽ പഠിച്ചപ്പോൾ സിനിമറ്റോഗ്രാഫർ സെക്കന്റ് ലെഫ്റ്റനന്റ് മാത്രമാണെന്ന് മനസിലായതുകൊണ്ടാണോ.
 അതെ. ഛായാഗ്രാഹകനായി 15 വർഷമെടുത്തു, ആ ധൈര്യം ഏറ്റെടുക്കാൻ.
? മക്കൾ എന്തു ചെയ്യുന്നു.
 മൂത്ത മകൻ അനിൽ തിരുവനന്തപുരം 'ഐസറി"ലെ അക്കാഡമിക് ഡീൻ ആണ്. അദ്ദേഹത്തിന്റെ ഭാര്യയും അവിടെത്തന്നെ ജോലി ചെയ്യുകയാണ്. ഇളയയാൾ അപ്പു ജർമനിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനി നടത്തുന്നു.
? സിനിമയിൽ 50 വർഷം പിന്നിടുമ്പോൾ...
 ഒരുപാട് അഭിമാന മുഹൂർത്തങ്ങളും, അതുപോലെ തന്നെ തിരിച്ചടികളും ഉണ്ടായിട്ടുണ്ട്. അത് ഒരു ഫിലിം മേക്കർ അനുഭവിക്കേണ്ട ഉത്തരവാദിത്വമാണ്.
? 'പിറവി" റീമാസ്റ്റർ ചെയ്യാൻ പദ്ധതിയുണ്ടോ.
 അത് ഇപ്പോൾ എൻ.എഫ്.ഡി.സി ചെയ്തുകൊണ്ടിരിക്കുകയാണ്. എനിക്ക് നാഷണൽ അവാർഡ് കിട്ടിയ ചിത്രങ്ങളെല്ലാം എൻ.എഫ്.ഡി.സി ചെയ്യുന്നുണ്ട്.
കെ.എസ്.എഫ്.ഡി.സി ചെയർമാൻ എന്ന തിരക്കുകളിലാണ് ഷാജി. ഐ.എഫ്.എഫ്.കെയുടെ ചില ഉത്തരവാദിത്വങ്ങളുമുണ്ട്. ആ തിരക്കുകൾക്കെല്ലാം ഇടയിലിരുന്നാണ് ഷാജി 'കേരളകൗമുദി"യുമായി സംസാരിച്ചത്.