
കാസർകോട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്‌ദുൾ ഗഫൂർ ഹാജിയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ജിന്നുമ്മ എന്ന ഷമീനയുടെയും ഭർത്താവ് ഉബൈസിന്റെയും വീട്ടിലുള്ള ചില ദൃശ്യങ്ങൾ പുറത്ത്. കൂളിക്കുന്നിലെ അത്യാഡംബര വീട്ടിലാണ് ജിന്നുമ്മയും ഭർത്താവും താമസിച്ചിരുന്നത്.
പ്രദേശവാസിയായ മുഹമ്മദ് എന്നയാളിൽ നിന്നും വീട് വാങ്ങിയശേഷം കോടികൾ മുടക്കി ഇവർ അതിന്റെ മോടി കൂട്ടി. ചുറ്റും സിസിടിവി നിരീക്ഷണ സംവിധാനം സ്ഥാപിച്ചു. ഉയരമുള്ള മതിലായതിനാൽ വീടിനുള്ളിലോ പരിസരത്തോ എന്താണ് സംഭവിക്കുന്നതെന്ന് സമീപത്ത് താമസിക്കുന്നവർക്ക് പോലും അറിയാൻ സാധിച്ചിരുന്നില്ല. വീട്ടിൽ നിത്യ സന്ദർശകരായിരുന്നത് പ്രമുഖരടക്കം നിരവധിപേരാണെന്ന് പൊലീസ് പറയുന്നു. ഈ ഉന്നത ബന്ധങ്ങൾ കാരണമാണ് ബേക്കൽ പൊലീസ് നേരത്തേ അന്വേഷണം ഉഴപ്പിയതിന് കാരണമെന്നും ആക്ഷൻ കമ്മിറ്റി ആരോപിച്ചിരുന്നു.
ആഡംബര വീട്ടിൽ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ സന്ദർശിക്കുന്നതിന്റെ ദൃശ്യങ്ങൾ ഒരു മാദ്ധ്യമം പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ, കളനാട് ഒരു പള്ളി ഉദ്‌ഘാടനത്തിനെത്തി തിരിച്ച് പോകുമ്പോൾ ഇവിടെ ഹ്രസ്വ സന്ദർശനം നടത്തിയെന്നാണ് വിശദീകരണം. പ്രസ്ഥാനവുമായി സഹകരിക്കുന്ന ചിലർ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു സന്ദർശനമെന്നും മറ്റ് വ്യാഖ്യാനങ്ങൾ ഇതിൽ കണ്ടെത്തേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി. കാന്തപുരം മാത്രമല്ല, മറ്റ് പല പ്രമുഖരും ഇവരുടെ വീട് സന്ദർശിച്ചിട്ടുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. രാഷ്‌ട്രീയ സ്വാധീനമുള്ള പലരുമായും ജിന്നുമ്മയ്‌ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം.

ഗഫൂർ ഹാജിയുടെ കൊലപാതകത്തിൽ പ്രതികളെ അറസ്റ്റ് ചെയ്‌ത ശേഷം പോലും രാഷ്‌ട്രീയ ഇടപെടലുകൾ ഉണ്ടായി എന്നും ആക്ഷൻ കമ്മിറ്റി പരാതി ഉയർത്തുന്നുണ്ട്.