chintha-jerome

കൊല്ലം: സി പി എം കൊല്ലം ജില്ലാ സമ്മേളനത്തിലെ കുപ്പിവെള്ളത്തെ ബിയർ കുപ്പിയോട് ഉപമിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് സി പി എം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം. പാർട്ടിയെ ആക്രമിക്കാനുള്ള ഏറ്റവും മോശപ്പെട്ട ശ്രമമാണ് നടക്കുന്നതെന്നും അവർ ആരോപിച്ചു.

ചൂടുവെള്ളം വിതരണം ചെയ്ത കുപ്പിയാണ് ചിത്രങ്ങളിലുള്ളത്. താൻ മാത്രമല്ല കൂടെയുണ്ടായിരുന്ന സഖാക്കളും ആ വെള്ളം കുടിച്ചെന്നും സൈബർ ആക്രമണങ്ങളിൽ തുടർനടപടി സ്വീകരിക്കുന്നത് പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ചിന്ത ജെറോം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

ചിന്ത അടക്കമുള്ളവർ ഈ ബോട്ടിലിൽ വെള്ളം കുടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കരിങ്ങാലി വെള്ളകുപ്പി കാണുമ്പോൾ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് ഇന്നലെ അവർ പ്രതികരിച്ചിരുന്നു.

ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച്, ഹരിത രാഷ്ട്രീയത്തിന്റെ മാതൃകാ പാഠങ്ങൾ പകർത്തിയാണ് പാർട്ടിയുടെ സമ്മേളനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. അതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന കുപ്പിയിൽ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയിൽ വിതരണം ചെയ്തതെന്നും അവർ ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. എന്നാൽ പോസ്റ്റിന് താഴെ പോലും നിരവധി പേർ വിമർശിച്ച് കമന്റിട്ടിരുന്നു. ഇതിനുപിന്നാലെയാണ് നിയമനടപടിയിലേക്ക് കടന്നേക്കുമെന്ന് ചിന്ത ജെറോം വ്യക്തമാക്കിയത്.