
ഡമാസ്‌കസ്: തടവുകാരെ വളർത്തുസിംഹത്തിന് ഭക്ഷണമായി നൽകിയ കൊടുംക്രൂരനായ സിറിയൻ സൈനികൻ തലാൽ ദക്കാക്കിനെ ജനക്കൂട്ടം പരസ്യമായി വധിച്ചു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. പടിഞ്ഞാറൻ നഗരമായ ഹമയിൽ വച്ച് പരസ്യവിചാരണയ്ക്കുശേഷം ജനക്കൂട്ടം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
സിറിയയിലെ ഏറ്റവും ക്രൂരനായ സൈനികൻ എന്ന് കുപ്രസിദ്ധിക്കുടമയാണ് തലാൽ ദക്കാക്ക്. സൈനികൻ എന്നതിനൊപ്പം ഹമയിലെ അതിശക്തനായ ബിസിനസുകാരനുമായിരുന്നു ഇയാൾ. അധികാരത്തിന്റെ ബലത്തിൽ മറ്റുള്ളവരെയെല്ലാം അടിച്ചമർത്തിയായിരുന്നു തലാലിന്റെ വളർച്ച. ഇയാൾ എയർഫോഴ്‌സ് ഇന്റലിജൻസിന് നേതൃത്വം നൽകിയിരുന്നു എന്നും റിപ്പോർട്ടുണ്ട്.
സിറിയയിലെ മൃഗശാലയിൽ നിന്ന് സ്വന്തം ഇഷ്ടപ്രകാരം എടുത്തവളർത്തിയ സിംഹക്കുട്ടിക്കാണ് ഇയാൾ മനുഷ്യമാസം ഭക്ഷണമായി നൽകിയതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. തടവുകാരായിരുന്നു സിഹത്തിന്റെ ഭക്ഷണമാകാൻ വിധിക്കപ്പെട്ടവർ. ദിവസവും നൂറുകണക്കിന് തടവുകാർ കൊല്ലപ്പെടുന്നതിനാൽ തലാലിന്റെ വളർത്തുസിംഹത്തിന് ഒരിക്കലും ഭക്ഷണത്തിന് ബുദ്ധിമുട്ടേണ്ടിവന്നിരുന്നില്ല. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, അവയവ വ്യപാരം, മയക്കുമരുന്ന് കച്ചവടം തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിൽ ഇയാൾ പങ്കാളിയായിരുന്നു എന്നാണ് വിമതർ പറയുന്നത്. അതുകൊണ്ടാണ് പരസ്യ വിചാരണയ്ക്കുശേഷം വധശിക്ഷ നടപ്പാക്കിയതും.
തലാലിനൊപ്പം പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷാൽ അൽ അസാസിന്റെ കാലത്തെ നിരവധി മുതിർന്ന സൈനികരും ഇപ്പോൾ വിമതരുടെ പിടിയിലാണ്. പലരെയും ജനക്കൂട്ടം പിടികൂടി വിമതരെ ഏൽപ്പിക്കുകയായിരുന്നു. ഐസിസ് അംഗങ്ങൾ, മുൻ സൈനികരെ പിടികൂടി വധിക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ഹോംസ് മരുഭൂമിയിൽ വച്ച് 54 മുൻ സൈനികരെ ഐസിസുകാർ കൊലപ്പെടുത്തിയതായി സിറിയൻ ഒബ്സർവേറ്ററി ഫാേർ ഹ്യൂമൺ റൈറ്റ്‌സ് അറിയിച്ചു.
അതേസമയം, സിറിയയിൽ പുതിയ ഭരണകൂടത്തെ തിരഞ്ഞെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ശക്തമായ ഭരണകൂടം ഉണ്ടായില്ലെങ്കിൽ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് വീഴാനുള്ള സാദ്ധ്യതയുണ്ടെന്ന് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഭയം വേണ്ടെന്നാണ് വിമതർ പറയുന്നത്. ക്രൂരപീഡനങ്ങളുടെ പേരിൽ കുപ്രസിദ്ധമായ സിറിയയിലെ ജയിലുകൾ അടച്ചുപൂട്ടുമെന്നും വിമത നേതാവ് അബു മുഹമ്മദ് അൽജുലാനി അറിയിച്ചു.
അതിനിടെ സിറിയയിലെ പുറത്താക്കപ്പെട്ട പ്രസിഡന്റ് ബാഷർ അൽഅസദിന്റെ പിതാവും രാജ്യത്തിന്റെ മുൻ പ്രസിഡന്റുമായ ഹാഫിസ് അൽഅസദിന്റെ ശവകുടീരം വിമതർ അഗ്നിക്കിരയിക്കി. വടക്കൻ സിറിയയിലെ കർദാഹയിൽ സ്ഥിതി ചെയ്യുന്ന ശവകുടീരമാണ് വിമതർ തകർത്തത്. ശവകുടീരത്തിന് തീയിട്ട ശേഷം അവിടെ സിറിയൻ പതാകയുമായി നിൽക്കുന്ന വിമതരുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.