curd

നല്ല തിളക്കവും നീളവുമുള്ള മുടി ആഗ്രഹിക്കാത്തവർ കുറവാണ്. എന്നാൽ ഈ കാലഘട്ടത്തിൽ അകാല നര, മുടി കൊഴിച്ചിൽ, വരണ്ട മുടി തുടങ്ങിയ നിരവധി പ്രശ്നങ്ങൾ നാം നേരിടുന്നുണ്ട്. എങ്ങനെ ഇതിൽ നിന്ന് മുടിയിഴകളെ സംരക്ഷിക്കണമെന്ന് പലർക്കും അറിയില്ല. കെമിക്കൽ നിറഞ്ഞ ഡെെയും കെമിക്കൽ ക്രീമുകളുമാണ് ഇതിന് പരിഹാരമായി പലരും കാണുന്നത്. എന്നാൽ ഇത് ചെറിയ ഒരു ആശ്വാസം മാത്രമേ തരുകയുള്ളൂ. ശേഷം ഇരട്ടി പ്രശ്നങ്ങൾ മുടിക്ക് ഇവ കാരണം ഉണ്ടാകും.

പ്രകൃതിദത്ത രീതിയിൽ മുടി സംരക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. അതിന് വീട്ടിലുള്ള ചില സാധനങ്ങൾ മാത്രം മതി. അതിൽ ഒന്നാണ് തെെര്. ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മുടി സംരക്ഷണത്തിനും തെെര് വളരെ നല്ലതാണ്. ഇതിൽ പ്രോട്ടീനും ലാക്റ്റിക് ആസിഡും ഉണ്ട്. ഇത് തലയോട്ടിയെ പോഷിപ്പിക്കാനും മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയിൽ തെെര് ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും നല്ലതാണ്. തെെര് ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ചില ഹെയർ മാസ്കുകൾ നോക്കിയാലോ?

അതിൽ ഒന്നമത്, തെെരും തേനും ഉപയോഗിച്ചുള്ള ഹെയർ മാസ്കാണ്. ഇത് രണ്ടും തുല്യ അളവിൽ എടുത്ത് മിക്സ് ചെയ്യുക. ശേഷം രണ്ട് കെെകളിൽ എടുത്ത് തലയിൽ നല്ലപോലെ തേച്ച് പിടിപ്പിക്കണം. അരമണിക്കൂ‌ർ കഴിഞ്ഞ് ചെറിയ ചൂടുള്ള വെള്ളത്തിൽ കഴുകാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. മുടിക്ക് തിളക്കവും നൽകുന്നു.

തേനിന് പകരം നിങ്ങൾക്ക് കറ്റാർവാഴയും തെെരും വെള്ളിച്ചെണ്ണയും ചേർന്ന മിശ്രിതവും ഉപയോഗിക്കാവുന്നതാണ്. ഇത് താരനെ അപ്പാടെ ഇളക്കി മാറ്റാൻ സഹായിക്കുന്നു. ആരോഗ്യമുള്ള മുടിയിഴകൾ ലഭിക്കുകയും ചെയ്യുന്നു. തെെര് മാത്രം മുടിയിൽ തേയ്ക്കുന്നതും വളരെ നല്ലതാണ്. തെെരിനൊപ്പം നാരങ്ങനീര് അല്ലെങ്കിൽ മുട്ടയുടെ വെള്ള എന്നിവ ചേർത്ത് മുടിയിലും തലയോട്ടിയിലും തേയ്ക്കുന്നതും താരൻ പൂർണമായി അകറ്റാനും അകാല നരയെ തടയാനും സഹായിക്കുന്നു. ആഴ്ചയിൽ രണ്ട് തവണ ഹെയർ മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണ്.