gukesh

കഴിഞ്ഞ സെപ്തംബറിൽ ഹംഗറിയിൽ നടന്ന ചെസ് ഒളി​മ്പ്യാഡി​ലെ പത്തുമത്സരങ്ങളി​ൽ ഒന്നുപോലും തോൽക്കാതെ വ്യക്തി​ഗത ചാമ്പ്യനാവുകയും ഇന്ത്യയുടെ കി​രീടനേട്ടത്തി​ൽ പ്രധാനവങ്കുവഹി​ക്കുകയും ചെയ്തതാരമാണ് ഡി​.ഗുകേഷ്.

തന്റെ 18-ാം പിറന്നാളിന് മുമ്പ് കഴിഞ്ഞ ഏപ്രിലിൽ ലോക ചെസ്ചാമ്പ്യനെ നേരിടാനുള്ള ചലഞ്ചറെ കണ്ടെത്താനായി ടൊറാന്റൊയിൽ നടന്ന കാൻഡിഡേറ്റ് ചെസ് ടൂർണമെന്റിൽ ജേതാവായി, ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ചരിത്രം കുറിച്ച താരവുമാണ് ഗുകേഷ്.

കാൻഡിഡേറ്റ്സിലെ കളി

കാൻഡിഡേറ്റ് ടൂർണമെന്റിലെ 14 റൗണ്ട് പോരാട്ടത്തിൽ 9 പോയിന്റ് സ്വന്തമാക്കിയാണ് ഗുകേഷ് ചാമ്പ്യനായത്. അവസാന റൗണ്ടിൽ യു.എസ് ഗ്രാൻഡ് മാസ്റ്റർ ഹികാരു നകാമുറെയെ നേരിടാനിരിക്കുമ്പോൾ ഗുകേഷ് മറ്റുതാരങ്ങളെക്കാൾ അരപ്പോയിന്റ് മുന്നിലായിരുന്നു. നകാമുറയെ സമനിലയിൽ തളച്ചാണ് ഗുകേഷ് ചാമ്പ്യനായത്. ലോക ചെസ് ചമ്പ്യൻഷിപ്പിൽ കളിക്കാനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡോടെയാണ് ഗുകേഷ് ഡിംഗ് ലിറെനെ നേരിടാനെത്തിയത്. 2014ൽ വിശ്വനാഥൻ ആനന്ദ് ചാമ്പ്യനായ ശേഷം കാൻഡിഡേറ്റ് ചെസിൽ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ഗുകേഷ്.

ഏഴാം വയസിൽ

തുടങ്ങിയ തേരോട്ടം

2006 മേയ് 29ന് ചെന്നൈയിലെ ഒരു തെലുഗു കുടുംബത്തിലാണ് ഗുകേഷിന്റെ ജനനം. അച്ഛൻ ഇ.എൻ.ടി സർജനായ ഡോ. രജനികാന്ത് ചെന്നൈയിൽ ജോലിനോക്കുന്നതിനാലാണ് കുടുംബം ചെന്നൈയിലേക്ക് താമസം മാറിയത്. അമ്മ ഡോ.പത്മ ചെന്നൈയിൽ മൈക്രോ ബയോളജിസ്റ്റാണ്. മേൽ അയനമ്പാക്കത്തുള്ള വേലമ്മാൾ വിദ്യാലയത്തിലാണ് ഗുകേഷ് പഠിക്കുന്നത്. പ്രഗ്നാനന്ദയുടെ നേട്ടങ്ങൾ കണ്ടാണ് ഗുകേഷ് ചെസിലേക്ക് ആകൃഷ്ടനാകുന്നത്. ഗുകേഷിനേക്കാൾ ഒരു വയസിന് മൂത്തതാണ് പ്രഗ്ഗ്. അണ്ടർ -8 ചെസ് ലോകകപ്പിലെ പ്രഗ്ഗിന്റെ നേട്ടം കണ്ട് ആവേശം കയറിയ ഗുകേഷ് ഒരുനാൾ താനും പ്രഗ്ഗ് അണ്ണയെപ്പോലെ ലോകമറിയുന്ന കളിക്കാരനാകുമെന്ന് മനസിലുറപ്പിച്ചു.

2015ൽ ഏഷ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ -9 വിഭാഗത്തിൽ ജേതാവായതോടെയാണ് ചെസ് ലോകം ഗുകേഷിനെ ശ്രദ്ധിച്ചുതുടങ്ങിയത്. 2017 മാർച്ചിൽ ഫ്രാൻസിൽ നടന്ന കാപ്പലെ ലെ ഗ്രാൻഡെ ചെസ് ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച ഗുകേഷ് ഇന്റർ നാഷണൽ മാസ്റ്റർ പട്ടത്തിലേക്ക് മുന്നേറി. 2018ലെ യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ അഞ്ച് സ്വർണമെഡലുകളാണ് നേടിയത്.

2019 ജനുവരി 15ന് തനിക്ക് 12 വയസും ഏഴ് മാസവും 17 ദിവസവും പ്രായമുള്ളപ്പോൾ ഗുകേഷ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്ററായി ചരിത്രം കുറിച്ചു. 17 ദിവസത്തെ പ്രായക്കുറവിൽ റഷ്യക്കാരനായ സെർജി കാര്യാക്കിനായിരുന്നു ഒന്നാമൻ. 2021ൽ അമേരിക്കയിലെ ഇന്ത്യൻ വംശജനായ അഭിമന്യു മിശ്ര 12 വയസും നാലു മാസവും 25 ദിവസവും പ്രായമുള്ളപ്പോൾ ഗ്രാൻഡ് മാസ്റ്ററായതോടെ ഗുകേഷ് ഇക്കാര്യത്തിൽ മൂന്നാമനായി.

വഴികാട്ടിയ

വിശ്വനാഥൻ

2020ലാണ് ഗുകേഷ് ചെന്നൈയിലെ വെസ്റ്റ് ബ്രിജ് - ആനന്ദ് ചെസ് അക്കാഡമിയിലേക്ക് എത്തുന്നത്. പ്രഗ്നാനന്ദയേയും ഗുകേഷിനെയും പ്രത്യേക ശ്രദ്ധയോടെ കണ്ട ആനന്ദിന്റെ ദീർഘവീക്ഷണമാണ് ഇരുവരുടെയും കരിയറിൽ മാറ്റമുണ്ടാക്കിയത്. ചെന്നൈയിലെ തന്റെ പിൻഗാമികൾക്ക് സ്പോൺസർഷിപ്പ് കണ്ടെത്തുന്നതിലുൾപ്പടെ ആനന്ദ് മുന്നിട്ടിറങ്ങിയതോടെ രണ്ട് ലോകോത്തര താരങ്ങളുടെ അശ്വമേധത്തിനാണ് അരങ്ങൊരുങ്ങിയത്.

2021 ജൂണിൽ ഗുകേഷ് ജൂലിയസ് ബേയർ ചെസ് ടൂർണമെന്റിൽ ജേതാവായി. 2022 ആഗസ്റ്റിൽ മഹാബലിപുരത്ത് നടന്ന 44-ാമത് ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യയുടെ രണ്ടാം ടീമിലായിരുന്നു ഗുകേഷ്. ഒളിമ്പ്യാഡിന്റെ എട്ടാം റൗണ്ടിൽ ഒന്നാം നമ്പർ ടീമായ അമേരിക്കയെ അട്ടിമറിക്കാൻ ഇന്ത്യയ്ക്ക് കരുത്തായത് ഗുകേഷിന്റെ പ്രകടനമായിരുന്നു. ഫസ്റ്റ് ബോർഡിൽ സ്വർണം നേടാനും ഗുകേഷിന് കഴിഞ്ഞു.2022 സെപ്തംബറിൽ ഗുകേഷ് ആദ്യമായി 2700 റേറ്റിംഗ് പോയിന്റ് കടന്ന് മുന്നേറി. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ താരമായിരുന്നു ഗുകേഷ്. വേ ഫേയ്, അലിറേസ ഫിറോസ എന്നിവരാണ് ഗുകേഷിനെക്കാൾ കുറഞ്ഞ പ്രായത്തിൽ 2700 ഫിഡേ റേറ്റിംഗ് പോയിന്റിൽ എത്തിയിരുന്നത്. ആ വർഷം ഒക്ടോബറിൽ എയിം ചെസ് റാപ്പിഡ് ടൂർണമെന്റിൽ സാക്ഷാൽ മാഗ്നസ് കാൾസനെ തോൽപ്പിക്കാനും ഗുകേഷിന് കഴിഞ്ഞു. കാൾസൺ ലോക ചാമ്പ്യനായശേഷം അദ്ദേഹത്തെ തോൽപ്പിക്കുന്ന മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു ഗുകേഷ്.

2023 ഫെബ്രുവരിയിൽ ജർമ്മനിയിലെ ഡസൽഡോർഫിൽ നടന്ന ഡബ്ളിയു.ആർ മാസ്റ്റേഴ്സ് ടൂർണമെന്റിൽ ഒൻപത് റൗണ്ടുകൾ പിന്നിട്ടപ്പോൾ ഗുകേഷും ലെവോൺ ആരോണിയനും ഇയാൻ നിപ്പോം നിയാഷിയും 5.5 പോയിന്റുകൾ നേടി ഒന്നിച്ച് മുന്നിലെത്തി. ടൈബ്രേക്കറിൽ ആരോണിയന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി. ജൂലായ്‌യിൽ അസർബൈജാനിലെ ബാക്കുവിൽ നടന്ന ലോകകപ്പിൽ ക്വാർട്ടർ ഫൈനലിലെത്തി. ക്വാർട്ടറിൽ കാൾസനോടാണ് തോറ്റത്. ആഗസ്റ്റോടെ 2750 റേറ്റിംഗ് പോയിന്റിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. സെപ്തംബറോടെ ഫിഡേ റേറ്റിംഗിൽ വിശ്വനാഥൻ ആനന്ദിനെ പിന്തള്ളി ഇന്ത്യയിലെ ഒന്നാം സ്ഥാനക്കാരനായി. 37 വർഷത്തിന് ശേഷമാണ് ആനന്ദ് അല്ലാതെ ഒരാൾ ഇന്ത്യയിൽ ഫിഡേ റേറ്റിംഗിൽ ഒന്നാമതായത്.

ഡിസംബറിൽ നടന്ന ഫിഡെ സർക്യൂട്ട് ചാമ്പ്യൻഷിപ്പിൽ രണ്ടാമതെത്തിയതോടെയാണ് കാൻഡിഡേറ്റ്സ് ടൂർണമെന്റിനുള്ള അവസരം ലഭിച്ചത്. ബോബി ഫിഷറിനും മാഗ്നസ് കാൾസനും ശേഷം കാൻഡിഡേറ്റ്സിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗുകേഷ്.