
മിക്കവാറും ആഹാര പാക്കറ്റുകളിൽ നാം കാണുന്ന രണ്ട് ലേബലുകളാണ് 'ബെസ്റ്റ് ബിഫോർ', 'എക്‌സ്‌പൈറി ഡേറ്റ്' എന്നിവ. പണ്ടുകാലങ്ങളിൽ ഇവ ശ്രദ്ധിക്കാറില്ലായിരുന്നെങ്കിലും ഇന്ന് ഭക്ഷ്യവിഷബാധ പതിവായതോടെ മിക്കവാറും പേരും പ്രത്യേകിച്ച് ചെറിയ കുട്ടികളുടെ മാതാപിതാക്കൾ ഇവയ്ക്ക് പ്രാധാന്യം നൽകുന്നുണ്ട്. എന്നാൽ ബെസ്റ്റ് ബിഫോർ ഡേറ്റും എക്‌സ്‌പൈറി ഡേറ്റും ഒന്നല്ല. ഇവ രണ്ടും തമ്മിലെ വ്യത്യാസം തീർച്ചയായും മനസിലാക്കിയിരിക്കണം.
ലേബലിൽ കൊടുത്തിരിക്കുന്ന തീയതിക്ക് മുൻപ് ആ ഭക്ഷണം ഉപയോഗിച്ചിരിക്കണം എന്ന നിർദേശമാണ് ബെസ്റ്റ് ബിഫോർ തീയതി നൽകുന്നത്. മേൽപ്പറഞ്ഞ തീയതിക്കുശേഷം പാക്കറ്റിനുള്ളിലെ ആഹാരത്തിന്റെ ഗുണം, രുചി, ഘടന എന്നിവ വ്യത്യാസപ്പെടും എന്ന മുന്നറിയിപ്പ് ബെസ്റ്റ് ബിഫോർ തീയതി നൽകുന്നു. അതേസമയം, നിശ്ചിത തീയതിക്കുശേഷം പാക്കറ്റിലെ ആഹാരം ഉപയോഗിക്കുന്നത് സുരക്ഷിതമല്ല എന്ന് ചൂണ്ടിക്കാട്ടുന്നതാണ് എക്‌സ്‌പൈറി ഡേറ്റ്. ഇവയ്ക്കൊപ്പം പ്രധാനപ്പെട്ട മറ്റൊരു തീയതിയാണ് 'ഡേറ്റ് ഒഫ് മാന്യുഫാക്‌ച്ചർ'. പ്രസ്തുത ആഹാര പദാർത്ഥം എന്നാണ് തയ്യാറാക്കിയതെന്നും പാക്കറ്റിനുള്ളിലാക്കിയത് എന്നുമാണ് ഈ തീയതി പറയുന്നത്.
ബെസ്റ്റ് ബിഫോർ
ഏത് തീയതിവരെയാണ് പാക്കറ്റിലെ ഭക്ഷണം ഉപയോഗിക്കാൻ നല്ലതെന്നും അതിലെ ഗുണവും രുചിയും നിലനിൽക്കുന്നതെന്നും വ്യക്തമാക്കുന്ന തീയതിയാണ് ബെസ്റ്റ് ബിഫോർ. ഉദാഹരണത്തിന് ഒരു ആഹാരപദാർത്ഥം 10 ഏപ്രിലിലാണ് പാക്ക് ചെയ്തത്. അതിൽ നൽകിയിരിക്കുന്ന ബെസ്റ്റ് ബിഫോർ തീയതി മൂന്ന് മാസമാണെങ്കിൽ 10 ജൂലായ് 2024വരെ ആ ആഹാരം ഉപയോഗിക്കാം. ഈ തീയതി കഴിഞ്ഞാലും പ്രസ്‌തുത ആഹാരം ഉപയോഗിക്കുന്നതിൽ പ്രശ്നമില്ല. എന്നാൽ അതിന്റെ രുചിയും മണവും ഗുണവുമെല്ലാം വ്യത്യാസപ്പെടാൻ സാദ്ധ്യതയുണ്ട്.
എക്‌സ‌്പൈറി ഡേറ്റ്
പാക്കറ്റിൽ നൽകിയിരിക്കുന്ന തീയതിക്കുശേഷം അതിലെ ആഹാരപദാർത്ഥം ഉപയോഗിക്കുന്നത് സുരക്ഷിതമല്ല എന്ന മുന്നറിയിപ്പാണ് എക്‌സ്‌പൈറി ഡേറ്റ് നൽകുന്നത്. കാലാവധി കഴിഞ്ഞാലും പാക്കറ്റിലെ ആഹാരം കഴിക്കാമെങ്കിലും ഭക്ഷ്യവിഷബാധ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. എക്‌സ‌്പൈറി ഡേറ്റ് കഴിഞ്ഞ ആഹാരം ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്‌ടി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഒഫ് ഇന്ത്യ മുന്നറിയിപ്പ് നൽകുന്നു.