
വൈക്കം സത്യഗ്രഹത്തിൽ 'വൈക്കം വീരർ" ഇ.വി. രാമസാമി നായ്ക്കർ പങ്കെടുത്തതിന്റെ ശതാബ്ദി സമാപനം വൻ വാർത്താ പ്രാധാന്യത്തോടെ നടത്തപ്പെടുകയാണല്ലോ. ആരോഗ്യ പരിമിതികൾ പരിഗണിക്കാതെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ നേരിൽ പങ്കെടുത്ത് ആഘോഷം ഉദ്ഘാടനം ചെയ്തു. കൂടാതെ തമിഴ്നാടിന്റെ മൂന്നു മന്ത്രിമാരും ഡി.എം.കെ അധ്യക്ഷനും ചീഫ് സെക്രട്ടറിയും പങ്കെടുത്തത് അവർ ഇക്കാര്യത്തിന് എത്രമാത്രം പ്രാധാന്യം നല്കുന്നുവെന്നതിന് തെളിവാണ്.
ഡി.എം.കെ വക്താവ് മനുരാജ് ഷണ്മുഖസുന്ദരം 'ദ ഹിന്ദു" പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ എഴുതിയ കുറിപ്പിൽ 'സ്റ്റേറ്റ് കോൺഗ്രസ് കമ്മിറ്റി നേതാക്കന്മാരും ചില സമുദായ നേതാക്കളും മാത്രം ചേർന്ന് തുടങ്ങിയ സമരം രാമസാമി നായ്ക്കരുടെ വരവോടെയാണ് എല്ലാ വിഭാഗം ആളുകളെയും കൂട്ടിച്ചേർത്ത വൻ ജനകീയ സമരമായി മാറിയതെന്നും" പറയുന്നു. അതുവരെ 'തന്തൈ പെരിയാർ" മാത്രമായിരുന്ന രാമസാമി നായ്ക്കർ അതോടെ 'വൈക്കം വീരർ" എന്നുകൂടി പ്രഖ്യാതനായി.
എസ്.എൻ.ഡി.പി യോഗത്തിന്റെ തുടക്കക്കാരനും പിന്നീട് ജനറൽ സെക്രട്ടറിയുമായ മഹാരഥൻ ടി.കെ മാധവൻ 1917-ൽ 'ദേശാഭിമാനി"യിൽ എഴുതിയ ഒരു ദീർഘലേഖന പരമ്പരയാണ് യഥാർത്ഥത്തിൽ ഇത്തരത്തിൽ ഒരു ജനകീയ പ്രസ്ഥാനത്തിന് ചാലകശക്തിയായത്. സ്റ്റേറ്റ് കോൺഗ്രസ് നേതാവ് കെ. കേളപ്പൻ, ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ കെ.പി. കേശവ മേനോൻ എന്നിവരാണ് സമരത്തിന് ചുക്കാൻ പിടിച്ചത്. മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമിയുമൊക്കെ പിന്തുണച്ച സമരത്തിലേക്ക് പിന്നീട് രാമസാമി നായ്ക്കർ വന്നുചേരുകയായിരുന്നു.
രാമസാമി നായ്ക്കർക്കു മാത്രമായി ഒരു സ്മാരകം കേരളത്തിൽ നിർമ്മിച്ചതിലൂടെ എന്താണ് തമിഴ്നാട് കേരളത്തിനു നൽകുന്ന സന്ദേശമെന്ന് മനസിലാകുന്നില്ല. കേരളത്തെക്കാളേറെ വിഭവസമ്പത്തുള്ള തമിഴ്നാടിന് വേണമെങ്കിൽ വൈക്കം സത്യഗ്രഹത്തിന്റെ മുന്നണിപ്പോരാളികൾക്കെല്ലാം കൂടി ബൃഹത്തായ ഒരു സ്മാരകം സാക്ഷാത്കരിക്കാമായിരുന്നു. കേരളത്തിന്റെ സഹകരണവും തേടാമായിരുന്നു. 'ആലോചിച്ചുനോക്കൂ, നൂറു വർഷം മുൻപ് നമ്മുടെ സമൂഹം എവിടെയായിരുന്നു ഇപ്പോൾ നാം എവിടെയെത്തിനിൽക്കുന്നു..."എന്ന സ്റ്റാലിന്റെ സമൂഹ മാദ്ധ്യമത്തിലെ വരികൾക്ക് ഒരു മറുപടിയേയുള്ളൂ: 'ജാതിചിന്തയിൽനിന്ന് കേരളം എത്രയോ മുന്നേറി, എന്നാൽ പുരോഗമന തത്വശാസ്ത്രം അടിസ്ഥാനമാക്കിയ ദ്രാവിഡ പ്രസ്ഥാനങ്ങൾ മാറിമാറി ഭരിക്കുന്ന തമിഴ്നാട്ടിൽ നിന്ന് ഇപ്പോഴും ജാതിക്കൊലവെറികൾ ഉയർന്നു കേൾക്കുന്നുണ്ട്!"
എല്ലാ പുരോഗമന ആശയങ്ങളുടെയും അവകാശപത്രം ഏറ്റെടുക്കാൻ പാർത്തിരിക്കുന്ന ദ്രാവിഡകക്ഷികൾ അങ്ങനെ വൈക്കം സത്യഗ്രഹത്തെയും അവരുടെ ദ്രാവിഡസത്വ വിജയമായി ഉദാരമായ ഫണ്ടിംഗും പ്രചാരണവും നൽകി എഴുന്നെള്ളിക്കുന്നു. തമിഴ് സ്വാഭിമാനം പ്രദർശിപ്പിക്കാവുന്ന തരത്തിൽ തമിഴ്നാടിനു പുറത്തെല്ലാം അവർ അത് ആവോളം ചെയ്യുന്നുണ്ട്. സ്മാരകങ്ങളായും മറ്റു സർവകലാശാലകളിലെ തമിഴ് സംസ്‌കാര, നാഗരിക ഭാഷാ, ലിംഗ്വിസ്റ്റിക് ചെയറുകളായും സ്‌കോളർഷിപ്പുകളായുമൊക്കെ അത് നിർലോപം പ്രസരിക്കുന്നു. അതേസമയം യഥാർത്ഥ വൈക്കം സത്യഗ്രഹ വീരന്മാർക്ക് യഥോചിതമായ സ്മാരകം നിർമ്മിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുമില്ല എന്നത് നമ്മൾ കുറ്റബോധത്തോടെ ഓർക്കേണ്ടതാണ്. കേരളത്തിലെ ഭരണ, രാഷ്ട്രീയ, സമുദായ നേതൃത്വങ്ങൾക്ക് തമിഴ്നാട്ടിൽ നിന്ന് ഇക്കാര്യത്തിൽ ഏറെ പഠിക്കാനുണ്ട്.
പിന്നുര: തമിഴ്നാടും കേരളവുമായുള്ള ഹൃദയബന്ധം ഇടയ്ക്കിടെ പ്രഖ്യാപിക്കാറുള്ള സ്റ്റാലിൻ ഹൃദയംതുറക്കുമ്പോൾ, കേരളത്തിലെ ആറു ജില്ലകൾക്കു മീതെ ജലബോംബായി നിൽക്കുന്ന നമ്മുടെ മുല്ലപ്പെരിയാർ പുതുക്കിപ്പണിയാൻ അനുവദിക്കുമെന്നും നാലു ജില്ലകളുടെ വെള്ളംകുടി മുട്ടിക്കുന്ന വൈപ്പാർ സംയോജന പദ്ധതിയിൽ നിന്ന് പിന്മാറാമെന്ന് സമ്മതിക്കുമെന്നും പ്രതീക്ഷിക്കാം!
(എഴുത്തുകാരനും കോളമിസ്റ്റുമാണ് ലേഖകൻ)