
തൃക്കാർത്തിക ദിവസം ഒരിക്കൽ എടുക്കുന്നത് വളരെ നല്ലതാണ്. അരിയാഹാരം ഒഴിവാക്കി ഒരുനേരം മാത്രം ഭക്ഷണം കഴിക്കുന്നതാണ് ഒരിക്കൽ. വൈകുന്നേരം വിളക്ക് കൊളുത്തുന്നത് മാത്രമല്ല തൃക്കാർത്തിക. തലേദിവസം വീടും പരിസരവും വൃത്തിയാക്കുക. ലക്ഷ്‌മീ ദേവിയെ സ്വീകരിക്കുന്നതിന് വേണ്ടിയാണത്. തുടർന്ന് കാർത്തിക നാളിൽ ലക്ഷ്മീ ദേവിയുടെയോ ദുർഗാ ഭഗവതിയുടെയോ ക്ഷേത്രത്തിൽ ദർശനം നടത്തുക. രാവിലെ തുളസിക്ക് വെള്ളം ഒഴിച്ച് വന്ദിക്കുന്ന ശുഭകരമാണ്. കാരണം തൃക്കാർത്തിക എന്ന് പറയുന്നത് തുളസീ ദേവിയുടെ കൂടി അവതാരദിനമാണ്. സർവ ഐശ്വര്യങ്ങളുടെയും സമ്പദ് സമൃദ്ധിയുടെയും ദിനമാണ് തൃക്കാർത്തിക. ലളിതാ സഹസ്രനാമം, ദേവീ മഹാത്മ്യം എന്നിവയെല്ലാം ഈ ദിവസം പാരായണം ചെയ്യുന്നത് കൂടുതൽ നല്ല ഫലം പ്രദാനം ചെയ്യും. സ്കന്ദപുരാണ പ്രകാരം സുബ്രഹ്മണ്യന്റെ ജന്മദിനവും തൃക്കാർത്തിക നാളിലാണ്. ആഗ്രഹ സാഫല്യത്തിന് ഏറ്റവും ഉത്തമമായ നാൾ കൂടിയാണ് തൃക്കാർത്തിക.
18 നാളുകാർക്ക് തൃക്കാർത്തിക വിവിധ ഫലങ്ങൾ നൽകും. കാർത്തിക, ഉത്രം, ഉത്രാടം, രോഹിണി, അത്തം, തിരുവോണം, മകയിരം, ചിത്തിര, അവിട്ടം, ചതയം, ചോതി, തിരുവാതിര, പുണർതം, വിശാഖം, പൂരുരുട്ടാതി, പൂയം, അനിഴം, ഉത്തൃട്ടാതി എന്നി നക്ഷത്ര ജാതർ കാർത്തിക നാളിൽ വീട്ടിൽ ദീപം തെളിയിക്കേണ്ടതാണ്. ആഗ്രസാഫല്യം സുനിശ്ചിതമാണ്.
കാടാമ്പുഴയിൽ ഒരുക്കങ്ങൾ പൂർണം
കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക പിറന്നാൾ സദ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി. ബിനേഷ്‌കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 13നാണ് ഈ വർഷത്തെ തൃക്കാർത്തിക. അന്ന് പുലർച്ചെ മൂന്നുമുതൽ ക്ഷേത്രത്തിൽ തൃക്കാർത്തിക ദീപം തെളിയിക്കും. തുടർന്ന് ഭക്തർക്ക് ദർശനസൗകര്യമുണ്ട്. അന്നേ ദിവസം ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മുട്ടറുക്കൽ ഉച്ചയ്ക്ക് രണ്ടു മുതലേ ആരംഭിക്കൂ. രാവിലെ 10 മുതൽ ദേവസ്വം ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പിറന്നാൾ സദ്യ ആരംഭിക്കും.
പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാവും സദ്യ. കഴിഞ്ഞ വർഷത്തെ വലിയ തിരക്ക് കണക്കിലെടുത്ത്, ഭക്തജനങ്ങൾക്ക് കൂടുതൽ സമയം വരി നിന്ന് പ്രയാസമുണ്ടാക്കാത്ത രീതിയിലാണ് ഇത്തവണ ക്രമീകരണം. 18,000 പേരാണ് കഴിഞ്ഞ തവണ പിറന്നാൾ സദ്യയിൽ പങ്കെടുത്തത്. രാവിലെ പത്തിനാരംഭിച്ച സദ്യ വൈകിട്ട് നാലരയോടെയാണ് തീർന്നത്. ഇത്തവണ കൂടുതൽ പേർ എത്തുമെന്നാണ് പ്രതീക്ഷ. അതിനാലാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയത്.