iffk

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം. വൈകിട്ട് ആറിന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.

ലൈഫ് ‌ടൈം അച്ചീവ്മെന്റ് അവാർഡ് വിഖ്യാത ഹോങ്കോങ്ങ് സംവിധായികയും തിരക്കഥാകൃത്തും നടിയുമായ ആൻ ഹുയിക്ക് മുഖ്യമന്ത്രി സമ്മാനിക്കും. പത്തുലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. തുടർന്ന് ഉദ്ഘാടന ചിത്രമായ ഐ ആം സ്റ്റിൽ ഹിയർ പ്രദർശിപ്പിക്കും. വിഖ്യാത ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസ് സംവിധാനം ചെയ്ത പോർച്ചുഗീസ് ഭാഷയിലുള്ള ചിത്രം ബ്രസീൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്.ഏഷ്യയിലെ വനിത സംവിധായകരിൽ പ്രധാനിയായ ആൻഹുയി ഹോംങ്കോങ്ങ് നവതരംഗ പ്രസ്ഥാനത്തിന്റെ മുഖ്യ പ്രയോക്താക്കളിലൊരാളാണ്. 2020ൽ നടന്ന 77-ാമത് വെനീസ് ചലച്ചിത്രമേളയിൽ ആയുഷ്‌കാല സംഭാവനയ്ക്കുള്ള ഗോൾഡൻ ലയൺ പുരസ്കാരം നേടിയിരുന്നു. അൻഹുയിയുടെ അഞ്ച് സിനിമകളാണ് 29-ാമത് ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുക. ജൂലായ് റാപ്‌സഡി, ബോട്ട് പീപ്പിൾ, എയ്‌റ്റീൻ സ്‌പ്രിങ്സ്, ഡി സിമ്പിൾ ലൈഫ്, ദ പോസ്റ്റ് മോഡേൺ ലൈഫ് ഒഫ് മൈ ഒാൺട് എന്നീ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 15 തിയേറ്ററുകളിലായി 20 വരെ നടക്കുന്ന മേളയിൽ 68 രാജ്യങ്ങളിൽ നിന്ന് 177 സിനിമകൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് സിനിമകളും പ്രദർശിപ്പിക്കും. ലോക സിനിമാ വിഭാഗത്തിൽ 63 സിനിമകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദക്ഷിണ കൊറിയൻ സംവിധായകൻ ഹോങ്സാങ് സൂ, സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ നടി ശബാന ആസ്മി, ഛായാഗ്രാഹകൻ മധു അമ്പാട്ട് എന്നിവരുടെ റെട്രോസ്പെക്റ്റീവ്, ദി ഫിമേൽ ഗേയ്സ് എന്ന പേരിലുള്ള വനിത സംവിധായകരുടെ ചിത്രങ്ങളുടെയും ലാറ്റിനമേരിൻ സിനിമകളുടെയും പ്രത്യേക പാക്കേജുകൾ തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ. മലയാള സിനിമയുടെ ശൈശവ ദശ മുതൽ എൺപതുകളുടെ തുടക്കം വരെ തിരശീലയിൽ തിളങ്ങിയ മുതിർന്ന നടിമാരെ ആദരിക്കുന്ന മറക്കില്ലൊരിക്കലും ചടങ്ങ് 15ന് വൈകിട്ട് 6.30ന് മാനവീയം വീഥിയിൽ നടക്കും.