diabetes

ശരിയായ ആഹാരക്രമം, മതിയായ വ്യായാമം, കൃത്യമായ ഔഷധങ്ങൾ ഇവ മൂന്നിനും പ്രമേഹരോഗചികിത്സയിൽ ഒരുപോലെ പ്രാധാന്യമുണ്ട്. ഇവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുന്നപക്ഷം പ്രമേഹത്തെ സ്വാഭാവികവും സമഗ്രവുമായി നിയന്ത്രിക്കാൻ സാധിക്കും. രോഗിയുടെ സഹകരണം ലഭ്യമായാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുക, പാൻക്രിയാസ് ഗ്രന്ഥിയ്ക് ആവശ്യമായ സംരക്ഷണവും ഉത്തേജനവും നൽകി ഇൻസുലിൻ ഉൽപ്പാദനം വർധിപ്പിക്കുക, ഇൻസുലിൻ റെസിസ്റ്റൻസ് കുറയ്ക്കുക, പ്രമേഹാനുബന്ധരോഗങ്ങളെ തടഞ്ഞ് രോഗിയുടെ സമഗ്രമായ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുക എന്നീ പരിഹാരങ്ങൾ ആയുർവേദത്തിനു നൽകാനാകും.

രക്തപരിശോധനകൾ കൃത്യമായ ഇടവേളകളിൽ ചെയ്ത് രോഗത്തിന്റെ അവസ്ഥ നിരീക്ഷിക്കുക. മരുന്നും ജീവിതരീതിയും അതനുസരിച്ചു ക്രമീകരിക്കേണ്ടതുണ്ട്. വളരെ അനിയന്ത്രിതമായ പഞ്ചസാരയുടെ അളവുകാരണം ആധുനിക മരുന്നുകളോ ഇൻസുലിനോ ഉപയോഗിക്കേണ്ടിവരുന്ന രോഗികൾക്കുപോലും, പ്രമേഹാനുബന്ധ രോഗങ്ങളെ തടയാനായി ആയുർവ്വേദം ഒരു പൂരക ചികിത്സയായി ഉപയോഗ്യമാകുന്നു.

പ്രമേഹരോഗികൾക്ക് അനുകൂലമായ ഭക്ഷണക്രമം

രക്തത്തിലെ ഷുഗർ അളവ് മാത്രം നോക്കി ചികിത്സ നിശ്ചയിക്കുന്നതിലുപരിയായി പ്രകൃതിദത്ത നാരുകൾ, വൈറ്റമിനുകൾ, പോഷക ഘടകങ്ങൾ എന്നിവ ആഹാരത്തിലൂടെ രോഗിക്ക് ലഭ്യമാക്കുന്നതിന് പ്രാധാന്യമുണ്ട്. ദഹിക്കാൻ എളുപ്പമുള്ളതും കോശങ്ങളിലെ ഇൻഫ്ളമേഷൻ തടയുന്നതും ദോഷങ്ങളെ സന്തുലിതമാക്കുന്നതുമായ ഭക്ഷണങ്ങൾ കഴിക്കാൻ ആയുർവേദം ശുപാർശ ചെയ്യുന്നു.

തവിടുനീക്കിയ ധാന്യങ്ങൾക്ക് പകരം തവിട്ട് അരി, ബാർലി തുടങ്ങിയ ധാന്യങ്ങൾ തിരഞ്ഞെടുക്കുക. ഇവ ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയുന്നു. കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഭക്ഷണങ്ങൾ സാവധാനത്തിൽ ദഹിപ്പിക്കപ്പെടുകയും രക്തത്തിലെ പഞ്ചസാരയുടെ ദ്രുതഗതിയിലുള്ള വർദ്ധനവിന് കാരണമാകാത്തിരിക്കുകയും ചെയ്യുന്നു. പയർ, ബീൻസ്, ചീര, ബ്രോക്കോളി തുടങ്ങിയ പച്ചക്കറികൾ ചില ഉദാഹരണങ്ങളാണ്. ഇലക്കറികൾ, വെള്ളരി, തക്കാളി, എന്നിവ പോലുള്ള അന്നജം കുറഞ്ഞ പച്ചക്കറികൾ പതിവായി കഴിക്കണം.രോഗിക്ക് ലഭ്യമായ വിവിധതരം പഴങ്ങൾ ദിവസവും കഴിക്കുക. ഇവയിലടങ്ങിയ നാരുകൾ മലബന്ധത്തെ ഒഴിവാക്കുന്നു. കൂടാതെ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ അമിതമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കാതെ അവശ്യ പോഷകഘടകങ്ങൾ ലഭ്യമാക്കുന്നു.

ഭക്ഷണത്തിൽ ഇഞ്ചി, വെളുത്തുള്ളി, ജീരകം, മല്ലി, പെരുംജീരകം തുടങ്ങിയ ആയുർവേദ ഔഷധഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കുക. ഇവ ദഹനം വർദ്ധിപ്പിക്കുക മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ശുദ്ധമായ നെയ്യ്, വെളിച്ചെണ്ണ, ഒലിവ് ഓയിൽ എന്നിവ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത്തരം കൊഴുപ്പുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു.

പ്രമേഹം എന്ന പേര് സൂചിപ്പിക്കുന്നതുപോലെ അധികമായുണ്ടാകുന്ന മുത്രത്തിൽകൂടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിനാൽ നിർജലീകരണം, അതുകാരണമുണ്ടാകുന്ന മലബന്ധം പോലുള്ള ലക്ഷണങ്ങൾ എന്നിവ ഒഴിവാക്കാൻ പ്രമേഹരോഗികൾ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതുണ്ട്.

കൃത്യമായ സമയത്ത് ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തിൽ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ദഹനം മെച്ചപ്പെടുത്താനും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കാനും നിങ്ങളുടെ ഭക്ഷണം സാവധാനത്തിലും ശ്രദ്ധയോടെയും ചവച്ചരച്ചു കഴിക്കണം.

പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങൾ, സംസ്‌കരിച്ച ഭക്ഷണങ്ങൾ, വറുത്ത ഇനങ്ങൾ എന്നിവ ഒഴിവാക്കുക. ഇവ രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും.എണ്ണയിൽ വറുത്ത ആഹാരവസ്തുക്കൾ ചുരുക്കുക. കൃത്രിമമായി മധുരമുണ്ടാക്കുന്ന വസ്തുക്കൾ, എല്ലാ തരത്തിലുമുള്ള ലഹരിവസ്തുക്കൾ എന്നിവ പൂർണമായും ഒഴിവാക്കുക.

ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുക

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും ശാരീരിക പ്രവർത്തനങ്ങൾ അത്യാവശ്യമാണ്. ദിവസവും 30 മിനിറ്റ് വ്യായാമം നിർബന്ധമായും ചെയ്യുക. നടത്തം, നീന്തൽ അല്ലെങ്കിൽ സൈക്ലിംഗ് പോലുള്ള എയറോബിക് വ്യായാമങ്ങൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കും. യോഗാഭ്യാസം ശരീരത്തിന്റെ ദോഷങ്ങളെ സന്തുലിതമാക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും പാൻക്രിയാസിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ത്രികോണാസനം, പശ്ചിമോത്താനാസനം, അർദ്ധ മത്സ്യേന്ദ്രാസന തുടങ്ങിയ പോസുകൾ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തും.

മതിയായ ഉറക്കത്തിന്റെ കുറവ് ഇൻസുലിൻ പ്രതിരോധത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിനും കാരണമാകും. ശരീരത്തിലെ ഗ്ളൂക്കോസ് ഉപാപചയ പ്രക്രിയകൾ ശരിയായി നിയന്ത്രിക്കാൻ ഓരോ രാത്രിയും 7 മുതൽ 8 മണിക്കൂർവരെ ഗുണനിലവാരമുള്ള ഉറക്കം സഹായിക്കും. എന്നാൽ സ്ഥിരമായി പകൽ ഉറങ്ങുന്നത് നല്ലതല്ല.

വിട്ടുമാറാത്ത മാനസികസമ്മർദ്ദം കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കും, ഇത് ഇൻസുലിൻ പ്രതിരോധത്തിലേക്കും രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥയിലേക്കും നയിക്കുന്നു. ധ്യാനം, യോഗ , പ്രാണായാമം പോലുള്ള റിലാക്സിങ് രീതികൾ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് സമ്മർദ്ദം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും സഹായിക്കും.

പ്രമേഹ രോഗികൾക്ക് ഗുണകരമായ ആരോഗ്യനുറുങ്ങുകൾ

1. പ്രമേഹരോഗികൾ 20 ഗ്രാം ഇഞ്ചി , 10 ഗ്രാം പച്ചമഞ്ഞൾ , 10 ഗ്രാം പച്ചനെല്ലിക്ക കൊണ്ടുണ്ടാക്കിയ ഫ്രഷ് ജ്യൂസ് ദിവസവും കഴിക്കുക.
2. വെണ്ടയ്ക്ക, ചുവന്നുള്ളി, ചീനയമരയ്ക്ക ഇവ ദിവസവും ആഹാരത്തിലുൾപ്പെടുത്തുക.
3. സ്ഥിരമായി മലബന്ധം അനുഭവപ്പെടുന്നവർക്ക് കടുക്ക, നെല്ലിക്ക, താന്നിക്ക ഇവയുടെ തോട് സമഭാഗം ഉണക്കിപ്പൊടിച്ചത് 1 ടേബിൾസ്പൂൺ ദിവസവും രാത്രി കിടക്കുന്നതിനുമുമ്പ് ചുടുവെള്ളത്തിൽചേർത്തു കഴിക്കാം.
4. സ്ഥിരമായി ഉറക്കമില്ലായ്മ അനുഭവപ്പെടുന്ന പ്രമേഹ രോഗികൾക്ക് ബ്രഹ്മിയുടെ സ്വരസം 10 ാഹ ദിവസവും കഴിക്കുന്നത് ഗുണം ചെയ്യും.
5. പ്രമേഹപൂർവ്വാവസ്ഥ അഥവാ ബോർഡർ ലൈൻ പ്രമേഹരോഗികൾ, ആവണക്കിന്റെ തളിരില 2 എണ്ണം അര ടീസ്പൂൺ ജീരകം ചേർത്ത് അരച്ചുരുട്ടി ഒന്നിടവിട്ട ദിവസങ്ങളിൽ കഴിക്കുന്നത് ഗുണം ചെയ്യും.

doctor