d

ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ തിരക്കിൽപെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു. തിയേറ്ററിൽ അല്ലു അർജുൻ അപ്രതീക്ഷിതമായി എത്തിയതോടെ വൻ തിരക്കുണ്ടാകുകയായിരുന്നു. എത്തുന്ന വിവരം തിയേറ്റർ ഉടമസ്ഥരെയും പൊലീസിനെയും അറിയിച്ചിരുന്നതായും ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നിർദ്ദേശിച്ചിരുന്നതായും അല്ലു പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. വസ്തുതകളോ സാഹചര്യങ്ങളോ പരിഗണിക്കാതെയാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്. ക്രമസമാധാന പരിപാലനത്തിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നതായും ഹർജിയിൽ വ്യക്തമാക്കി. കഴിഞ്ഞ നാലിനാണ് കേസിനാസ്പദമായ സംഭവം.

ഭർത്താവിനും ആൺമക്കൾക്കുമൊപ്പമെത്തിയ ആന്ധ്ര സ്വദേശിയായ രേവതിയാണ് (39) തിരക്കൽപ്പെട്ട് മരിച്ചത്. മകൻ ശ്രീ തേജയെ (9) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നടനെത്തിയതറിഞ്ഞ് ആൾക്കൂട്ടം ഇടിച്ചുകയറി. ശ്വാസംമുട്ടി തളർന്നുവീണ രേവതിക്ക് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ല. അല്ലു അർജുൻ വരുന്ന കാര്യം തിയേറ്റർ അധികൃതർ നേരത്തേ അറിയിക്കുകയോ ക്രമീകരണങ്ങൾ നടത്തുകയോ ചെയ്തിരുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തിയേറ്റർ ഉടമകളെയും പ്രതിചേർത്ത് പൊലീസ് കേസെടുത്തത്.