
ബംഗളൂരു: വ്യാജ സ്ത്രീധന പീഡന പരാതിയെത്തുടർന്ന് ബംഗളൂരുവിൽ ടെക്കിയായിരുന്ന അതുൽ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ ആരോപണങ്ങളുമായി കുടുംബം. മരണത്തിൽ അതുലിന്റെ ഭാര്യയും ബന്ധുക്കളും ഉത്തർപ്രദേശ് ജാനൂൻപൂർ കുടുംബ കോടതി ജഡ്‌ജും ഉത്തരവാദികളാണെന്ന് കുടുംബവം ആരോപിച്ചു. ഇവർക്കെതിരെ നടപടിയെടുക്കണം. മകന്റെ ചെലവിനായുള്ള കേസ് നടക്കുന്നതിനിടെ പണം തരാൻ കഴിയില്ലെങ്കിൽ ആത്മഹത്യ ചെയ്തുകൂടേയെന്ന് ഭാര്യ ചോദിച്ചു. ഇതുകേട്ട് ജഡ്ജ് ചിരിച്ചത് അതുലിനെ ഏറെ വേദനിപ്പിച്ചെന്നും ബന്ധുക്കൾ പറയുന്നു.
സഹോദരന്റെ പരാതിയിൽ അതുലിന്റെ ഭാര്യ നികിതയ്ക്കും കുടുംബത്തിനുമെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.
തിങ്കളാഴ്ചയാണ് അതുലിനെ അപ്പാർട്ടുമെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 24 പേജുള്ള ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. ആത്മഹത്യക്ക് മുമ്പ്
ഒരു മണിക്കൂറിലധികം ദൈർഘ്യമുള്ള വീഡിയോയും അതുൽ പങ്കുവച്ചിരുന്നു.
തന്റെ പണം ഉപയോഗിച്ച് ഭാര്യയും ബന്ധുക്കളും തന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് അതുൽ വീഡിയോയിൽ പറയുന്നു. നാല് വയസുള്ള മകന്റെ ചെലവിനായി തുടക്കത്തിൽ 40,000 രൂപ ആവശ്യപ്പെട്ട നികിത പിന്നീട് ഇത് ഇരട്ടി വേണമെന്നും പിന്നീട് 1 ലക്ഷം രൂപ മാസം വേണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു. ഭാര്യയും കുടുംബവും അതുലിനെ പണത്തിന് വേണ്ടി മാത്രമാണ് ഉപയോഗിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.