
കൊച്ചി: അന്യ സംസ്ഥാന തൊഴിലാളികളുടെ എണ്ണത്തില്‍ മറ്റേതൊരു സംസ്ഥാനത്തേക്കാളും മുന്നില്‍ കേരളമാണ്. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, ആലുവ എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതലായി ഭായിമാര്‍ തമ്പടിക്കുന്നത്. പണ്ട് കാലത്ത് ജോലിക്കായി ഒറ്റയ്ക്ക് കേരളത്തിലെത്തുകയായിരുന്നു ഇവരുടെ പതിവെങ്കില്‍ ഇന്ന് കുടുംബ സമേതം കേരളത്തില്‍ കഴിയുന്ന അനേകം അന്യസംസ്ഥാന തൊഴിലാളി കുടുംബങ്ങളുണ്ട്. എറണാകുളത്ത് മാത്രമല്ല, കേരളത്തിലെ 14 ജില്ലകളിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ തൊഴിലാളികളുണ്ട്.
കേരളത്തിലേക്ക് ഇങ്ങനെ തൊഴിലാളികള്‍ ഒഴുകിയെത്തുന്നതിന് പിന്നില്‍ എന്താണ് കാരണം? ഇതിനുള്ള ഉത്തരമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തുവിട്ട ഹാന്‍ഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്കിലെ കണക്കുകള്‍. ഇന്ത്യയില്‍ ഗ്രാമീണ മേഖലയിലെ കാര്‍ഷിക, കാര്‍ഷികേതര, നിര്‍മാണ രംഗങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏറ്റവും അധികം വേതനം ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. നമ്മുടെ സംസ്ഥാനത്ത് ഗ്രാമീണ മേഖലയില്‍ ഒരു തൊഴിലാളിക്ക് ലഭിക്കുന്ന ശമ്പളംദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയോളം വരും.
കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളിയുടെ പ്രതിദിന വേതനം 700 രൂപയ്ക്ക് മുകളിലാണ്, ഏറ്റവും കുറഞ്ഞ വേതനം നല്‍കുന്ന മദ്ധ്യപ്രദേശിന്റെ മൂന്നിരട്ടിയാണ് ഈ തുക.നിര്‍മാണ രംഗത്ത് കേരളത്തില്‍ ഒരു ദിവസത്തെ കൂലി 894 രൂപയാണെങ്കില്‍ രണ്ടാം സ്ഥാനത്തുള്ള ജമ്മു കാശ്മീരില്‍ ഇത് 552 രൂപയാണ്.കാര്‍ഷിക ജോലികള്‍ക്കായി കേരളം നല്‍കുന്ന പ്രതിദിന വേതനം 807 രൂപയാണ്. ഏറ്റവും പിന്നിലുള്ള മദ്ധ്യപ്രദേശില്‍ ലഭിക്കുന്നത് 242 രൂപയാണ്. ഗുജറാത്തില്‍ ഇത് 256 രൂപ മാത്രമാണ്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്ക് നല്‍കുന്ന തുകയില്‍ വലിയ അന്തരമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. കാര്‍ഷികേതര ജോലികള്‍ക്കായി കേരളം പ്രതിദിനം 735 രൂപ നല്‍കിയപ്പോള്‍, മദ്ധ്യപ്രദേശ് നല്‍കുന്നത് 262 രൂപയാണ്. ഗുജറാത്ത് 285 രൂപയും. രണ്ടാം സ്ഥാനത്തുള്ള ജമ്മു കാശ്മീര്‍ നല്‍കുന്നത് 538 രൂപയാണ്.