
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ താലിബാൻ മന്ത്രി കൊല്ലപ്പെടാനിടയായ ചാവേർ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടനയായ ഐസിസ്. കൊല്ലപ്പെട്ട അഭയാർത്ഥികാര്യ മന്ത്രി ഖലീൽ റഹ്മാൻ ഹഖാനിയെ തന്നെയാണ് ലക്ഷ്യമിട്ടതെന്നും സുരക്ഷാ വലയം മറികടന്ന് ദൗത്യം നിർവഹിക്കുന്നതിൽ തങ്ങളുടെ അംഗം വിജയിച്ചെന്നും ഐസിസ് പ്രസ്‌താവനയിൽ അറിയിച്ചു. ബുധനാഴ്ചയുണ്ടായ സ്ഫോടനത്തിൽ ഹഖാനി അടക്കം ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ശരീരത്ത് സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച അക്രമി, അഭയാർത്ഥിയെന്ന പേരിൽ മന്ത്രാലയത്തിനുള്ളിൽ കടന്നുകയറി പൊട്ടിത്തെറിക്കുകയായിരുന്നു, ഇന്നലെ കിഴക്കൻ പക്തിയ പ്രവിശ്യയിൽ ഗർദ സെറായി ജില്ലയിൽ കനത്ത സുരക്ഷാ വലയത്തിനുള്ളിൽ ഖലീലിന്റെ സംസ്കാരം നടത്തി. 2021ൽ താലിബാൻ അധികാരത്തിലെത്തിയതിന് ശേഷം അഫ്ഗാനിൽ ഐസിസ് നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. യു.എസ് ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള ഹഖാനി നെറ്റ്‌വർക്കിലെ മുതിർന്ന നേതാവായിരുന്നു ഖലീൽ ഹഖാനി. 1995 മുതൽ താലിബാന്റെ ശാഖയാണ് ഹഖാനി നെറ്റ്‌വർക്ക്.