palakakd-

പാലക്കാട് : പാലക്കാട് പനയംപാടത്ത് ലോറി മറിഞ്ഞ് നാല് സ്കൂൾ വിദ്യാർത്ഥിനികൾ മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി, ശിവൻകുട്ടി അടിയന്തര റിപ്പോർട്ട് തേടി,​ അപകടത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി പാലക്കാട് കളക്ടർക്ക് നിർ‌ദ്ദേശം നൽകി. ഉടൻതന്നെ സംഭവസ്ഥലത്ത് പോകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടു,​ അപകടത്തിൽ മന്ത്രി ശിവൻകുട്ടി അഗാധ ദുഃഖം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനും അപകടത്തിൽ അനുശോചിച്ചു. നാല് കുട്ടികളുടെ ജീവൻ നഷ്ടപ്പെട്ട സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടത്തെ കുറിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

‌കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികളായ ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മണ്ണാർക്കാട് പനയമ്പാടത്ത് വാഹനാപകടത്തിൽ മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. സ്‌കൂൾ വിട്ടതിനുശേഷം പെൺകുട്ടികൾ റോഡിലൂടെ നടന്നുവരുന്നതിനിടെ സിമന്റ് ലോറി മറ്റൊരു വാഹനത്തിൽ തട്ടി നിയന്ത്രണംവിട്ട് കുട്ടികളുടെമേൽ വീഴുകയായിരുന്നു. നാലുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവേയായിരുന്നു അപകടം. സിമന്റുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ലോറി അമിത വേഗത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലോറി പാഞ്ഞുവരുന്നതുകണ്ട് ഒരു കുട്ടി അടുത്ത വീട്ടിലേയ്ക്ക് ഓടിക്കയറിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പനയമ്പാടം സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലമാണെന്ന് നാട്ടുകാർ പറയുന്നു. ഇത് സംബന്ധിച്ച് ജനങ്ങൾ പരാതി നൽകിയിട്ടുള്ളതായും നാട്ടുകാർ പറയുന്നു. അപകടത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു.

മരിച്ച മൂന്ന് വിദ്യാർത്ഥിനികളുടെ മൃതദേഹങ്ങൾ തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും ഒരാളുടെ മൃതദേഹം മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.