വേൾഡ് സെന്റോസ: ചതുരംഗക്കളത്തിൽ വിശ്വനാഥൻ ആനന്ദിനുശേഷം അദ്ദേഹത്തിന്റെ പ്രിയശിഷ്യൻ ഡി.ഗുകേഷ് ഭാരതത്തിന്റെ വെന്നിക്കൊടിപാറിച്ച് വിസ്മയചരിത്രമെഴുതി. നിലവിലെ ചാമ്പ്യനും ചൈനീസ് ഗ്രാൻഡ്മാസ്റ്ററുമായ ഡിംഗ് ലിറെനെ ലോകചാമ്പ്യൻഷിപ്പിന്റെ ക്ളാസിക് ഫോർമാറ്റിലെ 14 റൗണ്ടിൽ 7.5-6.5 എന്ന പോയിന്റ് നിലയിലാണ് തറപറ്റിച്ചത്.
18 വയസ് മാത്രമാണ് ഗുകേഷിന്. ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യനെന്ന ചരിത്രനേട്ടവും ഗുകേഷ് എഴുതിച്ചേർത്തു.
ഇന്നലെ അവസാന റൗണ്ട് പോരാട്ടത്തിനിറങ്ങുമ്പോൾ ഇരുവർക്കും ആറര പോയിന്റ് വീതമായിരുന്നു. ആദ്യ 40 നീക്കങ്ങൾ പിന്നിട്ടപ്പോൾ ഈ കളിയും സമനിലയിലേക്ക് എന്ന് പ്രഖ്യാപിച്ച ചെസ് വിശാരദരെപ്പോലും അമ്പരപ്പിച്ചുകൊണ്ടാണ് 58-ാം നീക്കത്തിൽ ഡിംഗ് ലിറനെ അടിയറവു പറയിപ്പിച്ചത്. അവസാനറൗണ്ടിൽ ലിറെന് വെള്ളക്കരുക്കളുടെ ആനുകൂല്യമുണ്ടായിരുന്നിട്ടും ഗുകേഷ് ഒരൊറ്റ കാലാളിന്റെ അധിക ആനുകൂല്യത്തിൽ വിജയത്തിലേക്കുള്ള കരുനീക്കി അഭിമാനചരിത്രം കുറിച്ചു.
വിജയം വന്ന വഴി
ഗുകേഷ്
തെലങ്കാനയിൽ നിന്നുള്ള ഡോക്ടർ ദമ്പതികളുടെ മകനായി ചെന്നൈയിൽ ജനിച്ചുവളർന്ന ഗുകേഷ് ഏഴാം വയസിലാണ് ചെസ് കളിക്കാൻ പഠിച്ചത്. 12-ാം വയസിൽ ഗ്രാൻഡ് മാസ്റ്റർ പട്ടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി വിസമയം സൃഷ്ടിച്ചു. സാക്ഷാൽ വിശ്വനാഥൻ ആനന്ദിന്റെ ചെന്നൈയിലെ വെസ്റ്റ്ബ്രിജ് ആനന്ദ് അക്കാഡമിയിലൂടെ അന്താരാഷ്ട്ര രംഗത്ത് അറിയപ്പെടുന്ന താരമായി. 2022ലെ ചെസ് ഒളിമ്പ്യാഡിൽ ടീം വെങ്കലവും ഫസ്റ്റ് ബോർഡിൽ സ്വർണവും നേടി. ഈവർഷത്തെ ഒളിമ്പ്യാഡിൽ ടീമിനത്തിലും വ്യക്തിഗത ഇനത്തിലും സ്വർണം. ഈ വർഷം ഏപ്രിലിൽ നടന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ലോകത്തിലെ എണ്ണം പറഞ്ഞ ഗ്രാൻഡ് മാസ്റ്റർമാരെ കീഴടക്കിയാണ് നിലവിലെ ലോകചാമ്പ്യനെ നേരിടാനുള്ള ഏറ്റവും പ്രായം കുറഞ്ഞ കാൻഡിഡേറ്റായി മാറിയത്.
വിജയകാരണങ്ങൾ
1. യുവത്വത്തിന്റെ ആവേശം എടുത്തുചാട്ടത്തിലേക്ക് വഴുതിമാറാതെ നോക്കിയതാണ് ഗുകേഷിനെ ചാമ്പ്യനാക്കിയത്.
2. ഇതിന് മുമ്പ് ചില റൗണ്ടുകളിൽ ഗുകേഷ് വിജയത്തിനടുത്ത് എത്തിയശേഷം സമനില വഴങ്ങിയിരുന്നു. എടുത്തുചാടി തോൽവിയിലേക്ക് പോകുന്നത് ഒഴിവാക്കാനായിരുന്നു അത്.
3. ടൈബ്രേക്കറിൽ തന്നേക്കാൾ മികവ് ലിറെന് ഉണ്ടെന്ന് തിരിച്ചറിഞ്ഞ ഗുകേഷ് അവസാന മത്സരത്തിൽ ശ്രദ്ധിച്ച് വിജയത്തിന് വേണ്ടി കരുതലോടെ കളിക്കുകയായിരുന്നു.
4. അവസാന മത്സരത്തിൽ സമനില നേടാനുള്ള തിടുക്കത്തിൽ റൂക്കിനെ എക്സ്ചേഞ്ച് ചെയ്ത ലിറെന്റെ പിഴവ് മുതലെടുത്തായിരുന്നു ഗുകേഷിന്റെ ജയം.