expatriate

മുംബയ്: പ്രവാസികള്‍ക്ക് വന്‍ നേട്ടമാകുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ നടപടി. ഫോറിന്‍ കറന്‍സി നോണ്‍ റസിഡന്റ് ബാങ്ക് (എഫ്‌സിഎന്‍ആര്‍-ബി) നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ അധിക പലിശ ഉള്‍പ്പെടെയുള്ള ഓഫറുകളാണ് വിവിധ ബാങ്കുകള്‍ നല്‍കുന്നത്. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുമ്പോള്‍ കൂടുതല്‍ വിദേശ മൂലധനം ആകര്‍ഷിക്കുകയെന്ന പദ്ധതിയുടെ ഭാഗമാണ് പലിശ വര്‍ദ്ധിപ്പിച്ചുള്ള ആര്‍ബിഐയുടെ നീക്കം.

എന്‍ആര്‍ഐകള്‍ക്ക് അവരുടെ പണം ഡോളറിലോ, പൗണ്ടിലോ സൂക്ഷിക്കാന്‍ കഴിയുന്നവയാണ് ഫോറിന്‍ കറന്‍സി നോണ്‍ റസിഡന്റ് ബാങ്ക് നിക്ഷേപങ്ങള്‍. മിക്കവാറും എല്ലാ കാലാവധിയിലുള്ള നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് നല്‍കാന്‍ ബാങ്കുകള്‍ക്ക് ഇപ്പോള്‍ തടസ്സമില്ല.

എഫ്‌സിഎന്‍ആര്‍-ബി അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കാലയളവില്‍ സ്വതന്ത്രമായി പരിവര്‍ത്തനം ചെയ്യാവുന്ന വിദേശ കറന്‍സികളില്‍ ഇന്ത്യയില്‍ സ്ഥിര നിക്ഷേപം നിലനിര്‍ത്താന്‍ അനുവദിക്കുന്നു. അക്കൗണ്ട് വിദേശ കറന്‍സിയില്‍ പരിപാലിക്കപ്പെടുന്നതിനാല്‍, നിക്ഷേപ കാലയളവില്‍ കറന്‍സി ഏറ്റക്കുറച്ചിലുകളില്‍ നിന്ന് ഇത് ഫണ്ടുകളെ സംരക്ഷിക്കുകയും ചെയ്യുന്നു.

എസ്ബിഐ, ഐസിഐസിഐ, കാനറ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് തുടങ്ങിയവ ഇപ്പോള്‍ നല്‍കുന്ന പലിശ നിരക്ക് ചുവടെ

എസ്ബിഐ: ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ: ഡോളറിന് 5.2%, പൗണ്ടിന് 4.85%, യൂറോയ്ക്ക് 3.75%

ഐസിഐസിഐ: യുഎസ് ഡോളറിന് 4.75%, പൗണ്ടിന് 4.75%, കനേഡിയന്‍ ഡോളറിന് 3.75%

ഇന്ത്യന്‍ ബാങ്ക്: ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള കാലയളവിലേക്ക് യുഎസ് ഡോേളറിന് 5.50 ശതമാനം, ബ്രിട്ടീഷ് പൗണ്ട് 4.75 ശതമാനം, കനേഡിയന്‍ ഡോളര്‍ 4 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.