
പാലക്കാട് : പനയമ്പാടത്ത് ലോറി മറിഞ്ഞുണ്ടായ അപകടത്തിന് ഇടയാക്കിയത് മറ്റൊരു ലോറിയാണെന്ന് വ്യക്തമാക്കി മോട്ടോർ വാഹന വകുപ്പ്. അപകടത്തിൽ നാല് സ്കൂൾ വിദ്യാർത്ഥിനികൾ മരിച്ചിരുന്നു. അപകടത്തിൽപെട്ട സിമന്റ് കയറ്റി വരികയായിരുന്ന ലോറിയിൽ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. ഇതേ തുടർന്ന് സിമന്റ് കയറ്റിയ ലോറിയുടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നുവെന്ന് ആർ.ടി.ഒ പറഞ്ഞു. മറ്റൊരു വോറി ഇടിച്ച ശേഷം ബ്രേക്ക് ചവിട്ടി ലോറി നിറുത്താൻ ഡ്രൈവർ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നും ആർ.ടി.ഒ വ്യക്തമാക്കി,
പാലക്കാടേക്ക് പോവുകയായിരുന്ന ലോറിയാണ് സിമന്റ് കയറ്റി വരികയായിരുന്ന ലോറിയിൽ ഇടിച്ചത്. സിമന്റ് കയറ്റി ലോറിയിൽ ഇടിച്ച് അപകടമുണ്ടാക്കിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നുവെന്ന സമാനമായ മൊഴിയാണ് ദൃക്സാക്ഷികളും നൽകിയിരുന്നത്. സൈഡ് കൊടുത്തപ്പോൾ ഇടിച്ചതാണോ എന്ന കാര്യത്തിലും കൂടുതൽ വ്യക്തത വരാനുണ്ട്. സംഭവത്തിൽ സിമന്റ് കയറ്റിയ ലോറിയിൽ ഇടിച്ച ലോറിയിലെ ഡ്രൈവറെ ഉൾപ്പെടെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സിമന്റ് കയറ്റിയ ലോറിയിൽ മറ്റൊരു ലോറി ഇടിച്ചതായി തെളിഞ്ഞത്.
സംഭവത്തിൽ സിമന്റ് കയറ്റിയ ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാസർകോട് സ്വദേശികളായ ലോറി ഡ്രൈവർ മഹേന്ദ്രപ്രസാദ്, ക്ലീനർ വർഗീസ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. അപകടത്തിൽ വർഗീസിന്റെ കാലിന് പൊട്ടലുണ്ട്. എന്നാൽ മഹേന്ദ്രപ്രസാദിന് കാര്യമായി പരിക്കില്ല. ഇരുവരും മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും രക്തസാമ്പിളുകൾ ഉൾപ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവർ മദ്യപിച്ചിരുന്നോ ഉൾപ്പെടെയുള്ള കാര്യവും പരിശോധിക്കും.
അതേസമയം അപകടത്തിൽ മരിച്ച കരിമ്പ ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ഇർഫാന, മിത,റിദ, ആയിഷ എന്നിവരുടെ മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.