sabari-railway

ഒരിക്കലും ചെയ്യാതിരിക്കുന്നതിലും നല്ലത് വൈകിയെങ്കിലും ചെയ്തുതുടങ്ങുന്നതാണ് എന്നത് സായിപ്പിന്റെ ഒരു ചൊല്ലിന്റെ പച്ചമലയാളമാണ്. പക്ഷേ,​ സർക്കാർ വിഷയങ്ങളാകുമ്പോൾ ഈ ചൊല്ല് പതിരായിപ്പോകും! കാരണം,​ വികസന പദ്ധതികളുടെ കാര്യത്തിൽ,​ അത് അംഗീകരിക്കേണ്ടതിനും നടപ്പാക്കേണ്ടതിനുമൊക്കെ കൃത്യമായ സമയക്രമമുണ്ട്. അതു തെറ്റിയാൽ പദ്ധതി തന്നെ മുടങ്ങിപ്പോയെന്നു വരും. കേന്ദ്ര സർക്കാരിന്റെ കൂടി സഹായത്തോടെയുള്ള പദ്ധതിയാണെങ്കിൽ യഥാസമയം പദ്ധതി റിപ്പോർട്ടും നിബന്ധനകളുടെ സമ്മതപത്രവുമൊക്കെ കൊടുത്തില്ലെങ്കിൽ സംഗതി ത്രിശങ്കുവിലല്ല,​ തഴയപ്പെട്ടും തള്ളപ്പെട്ടും പൊയ്പ്പോകും. അങ്ങനെ 'വച്ചുകൊണ്ടിരുന്ന് " കേരളം വെറുതേ കളഞ്ഞ പദ്ധതികളുടെയും,​ ചെലവഴിക്കാതെ പാഴാക്കിയ കോടികളുടെയുമൊക്കെ കണക്ക് ഇടയ്ക്കിടെ മാദ്ധ്യമങ്ങൾ പുറത്തുവിടാറുമുണ്ട്. നിർദ്ദിഷ്ട അങ്കമാലി- എരുമേലി ശബരി പാതയുടെ കാര്യത്തിൽ പല കുരുക്കുകൾക്കുമൊടുവിൽ കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചിരിക്കെ,​ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് ഇനിയൊരു അലംഭാവമുണ്ടാകരുത്.

എറണാകുളം,​ ഇടുക്കി,​ കോട്ടയം,​ പത്തനംതിട്ട ജില്ലകളുടെ മാത്രമല്ല,​ ഭാവിയിൽ വിഴിഞ്ഞം തുറമുഖത്തേക്കു നീട്ടിയാൽ കൊല്ലം,​ തിരുവനന്തപുരം ജില്ലകളുടെ കൂടി സമഗ്ര വികസനത്തിന് പാതയൊരുക്കുന്ന നിർദ്ദിഷ്ട ശബരി പാതയുടെ പ്രതീക്ഷിത ചെലവ് 3800.94 കോടി രൂപയാണ്. പകുതി തുക സംസ്ഥാനം വഹിക്കണം. അതായത്,​ ആകെ ചെലവിൽ 1900.47 കോടി രൂപ കേരളം റെയിൽവേയ്‌ക്ക് നൽകണം. ഒറ്റയടിക്കു വേണ്ട; ഗഡുക്കളായി മതി. പക്ഷേ,​ ഈ തുക യഥാസമയം കൊടുത്തില്ലെങ്കിൽ വിവിധ പദ്ധതികളിൽപ്പെടുത്തി കേന്ദ്രം അനുവദിക്കുന്ന വിഹിതത്തിൽ കുറവു വരുത്തി,​ ആ പണം റിസർവ് ബാങ്ക് റെയിൽവേയ്‌ക്ക് നൽകും. ആ ഉറപ്പിനായി കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നത് സംസ്ഥാനവും റെയിൽവേയും റിസർവ് ബാങ്കുമായുള്ള ഒരു ത്രികക്ഷി കരാറാണ്. ഈ കരാറിന്റെ മാതൃക റെയിൽവേ മന്ത്രാലയം കേരളത്തിന്റെ കൈയിൽ കൊടുത്തിട്ട് ഇന്നേയ്ക്ക് ഒരുമാസം തികയും. മുഖ്യമന്ത്രിയുടെ മേശപ്പുറത്തിരിക്കുന്ന ഫയലിൽ ഇതുവരെ തീരുമാനമായില്ല. കിട്ടേണ്ട പണത്തിന്റെ കാര്യത്തിൽ മുറവിളിയും കൊടുക്കേണ്ട പണത്തിന്റെ കാര്യത്തിൽ മൗനവും എന്ന നയം അന്തിമമായി സംസ്ഥാനത്തിന് നഷ്ടമേ വരുത്തൂ എന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്.

കേരളം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സിൽവർ ലൈൻ അതിവേഗ റെയിൽ പദ്ധതിക്ക് 77,​800 കോടി രൂപ വേണ്ടിവരുമെന്നാണ് സർക്കാരിന്റെ തന്നെ കണക്ക്. നയാപൈസ കേന്ദ്രം തരില്ല. ലാഭസാദ്ധ്യത തീരെ തിട്ടമില്ലാത്ത സിൽവർ ലൈൻ പദ്ധതിക്ക് ഇത്ര ഭീമമായ തുക ചെലവഴിക്കാമെന്നു പറയുന്ന സംസ്ഥാന സർക്കാരിന്,​ ആറു ജില്ലകളുടെ വികസനത്തിനും കേരളത്തിന്റെ ഏറ്റവും പുതിയ മൂലധനമായ വിഴിഞ്ഞം തുറമുഖത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കം സുഗമാക്കാനും വഴിതെളിക്കുന്ന ശബരി പാതയ്ക്കായി ഗഡുക്കളായി 1900 കോടി മുടക്കാൻ ഇത്രയും ആലോചന വേണ്ടിവരുന്നതിന് എന്തു ന്യായം പറയും?​ ഇതുവരെ റെയിൽ കണക്ടിവിറ്റിയില്ലാത്ത ഇടുക്കിയിലേക്കു കൂടി ട്രെയിൻ വരുമെന്നു മാത്രമല്ല,​ പാതയെ പുനലൂരുമായി ബന്ധിപ്പിച്ചാൽ തമിഴ്നാട്ടിലേക്കും നീട്ടാം. അതുവഴി ശബരി പാതയെ വിഴിഞ്ഞം തുറമുഖത്തേക്കുള്ള റെയിൽ ഇടനാഴിയാക്കാം. ഇതെല്ലാം പരിഗണിക്കുമ്പോൾ ആ പാതിവിഹിതം നഷ്ടക്കച്ചവടമാകുമെന്ന് വിചാരിക്കാനാകുമോ?​

റെയിൽവേ പദ്ധതികൾക്ക് ഭൂമി ഏറ്റെടുത്തു നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാലതാമസം,​ പ്രതിഷേധങ്ങൾ,​ സാമൂഹ്യമായ എതിർപ്പുകൾ,​ വനഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോഴത്തെ അനുമതി തടസങ്ങൾ,​ കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ എന്നിവയൊക്കെയാണ് സർക്കാരിന്റെ ചിന്തയിലുള്ള തലവേദനകൾ. സർക്കാർ ഏറ്റെടുക്കുന്ന ഭൂമിക്ക് ഉയർന്ന വില കിട്ടിത്തുടങ്ങിയതോടെ അതുമായി ബന്ധപ്പെട്ട സാമൂഹ്യപ്രശ്നങ്ങൾ കുറേയധികം കുറഞ്ഞിട്ടുണ്ടെന്നു മാത്രമല്ല,​ വലിയൊരു വിഭാഗം ജനങ്ങൾക്ക് അത് താത്പര്യമാണു താനും. ബൃഹത്തായ വികസന പദ്ധതികളുടെ കാര്യത്തിൽ തടസങ്ങളല്ല,​ പദ്ധതി പൂർത്തിയാകുമ്പോഴത്തെ നേട്ടങ്ങളും ലാഭവുമാകണം മുഖ്യ ചിന്താവിഷയം. അതുകൊണ്ട്,​ കേന്ദ്രം നിർദ്ദേശിക്കുന്ന ത്രികക്ഷി കരാറിൽ ഇനിയും വൈകിക്കാതെ ഒപ്പിടുകയാണ് വേണ്ടത്. വൈകിപ്പോയാൽ വെറുതെയാകും എന്നാണ് പുതിയ ചൊല്ല്!