മലപ്പുറം: സമസ്തയിൽ അദ്ധ്യക്ഷന്റേത് അവസാന വാക്കാണെന്നും അത് അനുസരിക്കേണ്ടത് സമസ്ത അംഗങ്ങളുടെ കടമയാണെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ പറ‍ഞ്ഞു. സമസ്ത മുശാവറയിൽ നിന്ന് അദ്ധ്യക്ഷൻ ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയതിനു പിന്നാലെയാണു മുക്കം ഉമർ ഫൈസിക്കെതിരെ അബ്ദുസമദ് പൂക്കോട്ടൂർ രംഗത്തുവന്നത്. നാളിതുവരെ ഉണ്ടാകാത്ത അസാധാരണ സംഭവങ്ങളാണ് സമസ്ത മുശാവറ യോഗത്തിൽ നടന്നത്. ഉമർ ഫൈസിയുടേത് ഗുരുതര അച്ചടക്ക ലംഘനമാണ്. മുശാവറ യോഗത്തിൽ നടന്ന കാര്യങ്ങളുടെ വിവരങ്ങൾ പുറത്തുവരാൻ പാടില്ലായിരുന്നു. സമസ്ത മുശാവറയിലുണ്ടായ കാര്യങ്ങൾ ജിഫ്രി മുത്തുക്കോയ തങ്ങളെ വിഷമിപ്പിച്ചിട്ടുണ്ട്. ശിവനും പാർവതിക്കുമെതിരായ ഉമർ ഫൈസി മുക്കത്തിന്റെ വിമർശനം സമസ്തയ്ക്ക് അപമാനമാണ്. പരാമർശം ഇസ്‌ലാമിന്റെ തത്വങ്ങൾക്ക് എതിരാണ്. ഉമർ ഫൈസിയുടെ പ്രസംഗത്തിൽ സമസ്തക്കു വേണ്ടി ഹൈന്ദവ സമൂഹത്തോട് മാപ്പു പറയുന്നെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. മറ്റ് മതസ്ഥരേയും അവരുടെ വിശ്വാസങ്ങളേയും ബഹുമാനിക്കുന്ന മതമാണ് ഇസ്‌ലാമെന്നും അദ്ദേഹം പറഞ്ഞു.