pension-

തിരുവനന്തപുരം : സാമൂഹ്യ ക്ഷേമ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ സർക്കാർ ജീവനക്കാർക്കെതിരെ കടുത്ത നടപടിയുമായി ധനവകുപ്പ്. സർക്കാരിനെ കബളിപ്പിച്ച് അനർ‌ഹമായി കൈപ്പറ്റിയ തുക ജീവനക്കാരിൽ നിന്ന് 18 ശതമാനം പിഴപ്പലിശയടക്കം തിരികെ ഈടാക്കുന്നതിന് ധനവകുപ്പ് ഉത്തരവിറക്കി. ഇത് സംബന്ധിച്ച് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിർദ്ദേശം നൽകി.

അനർഹരായ വ്യക്തികൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നതിന് സഹായകരമായ രീതിയിൽ അന്വേഷണവും പരിശോധനയും നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയെടുക്കാനും ഉത്തരവിൽ നിർദ്ദേശിക്കുന്നു,​ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ അനുവദിക്കുന്ന സാമൂഹ്യ ക്ഷേമ പെൻ,​ൻ അർഹതപ്പെട്ടവർക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതോടൊപ്പം അനർഹർ കൈക്കലാക്കുന്നത് തടയേണ്ടതും സർക്കാരിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് അനിവാര്യമാണെന്ന് ഉത്തരവിൽ പറയുന്നു. സർക്കാർ സർവീസിൽ ഉള്ള ഭിന്നശേഷിക്കാരാണ് പട്ടികയിൽ കൂടുതലുണ്ടെന്നാണ് വിവരം. സർവീസിൽ കയറിയിട്ടും സാമൂഹ്യ ക്ഷേമ പെൻഷൻ വേണ്ടെന്ന് എഴുതികൊടുക്കാതെ ബോധപൂർവം പണം കൈപ്പറ്റുന്നവരുമുണ്ട്.

ഗസറ്റഡ് ഉദ്യോഗസ്ഥർ മുതൽ കോളേജ് അദ്ധ്യാപകർ വരെയുള്ള 1458 പേരാണ് അനധികൃതമായി മാസം തോറും 1600 രൂപ സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരുന്നത്. ധനവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇങ്ങനെ ഒരു മാസം 23 ലക്ഷത്തോളം രൂപയാണ് സർ‌ക്കാർ ഖജനാവിൽ നിന്ന് നഷ്ടമാകുന്നത്. ഒരുവർഷം രണ്ടേമുക്കാൽ കോടി രൂപയും. പെൻഷൻ പട്ടിക കൈകാര്യം ചെയ്യുന്ന സേവന സോഫ്‌ട്‌വെയറിലെയും സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിനായുള്ള സ്പാർക്ക് സോഫ്‌ട്‌വെയറിലെയും ആധാർ നമ്പരുകൾ ഒരുപോലെ വന്നതാണ് തട്ടിപ്പ് പുറത്തുവരാൻ ഇടയായത്.