
ന്യൂഡൽഹി : വിശ്വനാഥൻ ആനന്ദിന് ശേഷം ലോക ചാമ്പ്യൻഷിപ്പ് നേടുന്ന ഇന്ത്യക്കാരനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഡി. ഗുകേഷ്.. നിലവിലെ ചാമ്പ്യനും ചൈനീസ് ഗ്രാൻഡ്മാസ്റ്ററുമായ ഡിംഗ് ലിറനെ ലോകചാമ്പ്യൻഷിപ്പിന്റെ ക്ളാസിക് ഫോർമാറ്റിലെ 14 റൗണ്ടിൽ 7.5-6.5 എന്ന പോയിന്റ് നിലയിലാണ് തറപറ്റിച്ചത്. 18 വയസ് മാത്രമാണ് ഗുകേഷിന്. ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യനെന്ന ചരിത്രനേട്ടവും ഗുകേഷ് എഴുതിച്ചേർത്തു.
അവസാന റൗണ്ട് പോരാട്ടത്തിനിറങ്ങുമ്പോൾ ഇരുവർക്കും ആറര പോയിന്റ് വീതമായിരുന്നു. ആദ്യ 40 നീക്കങ്ങൾ പിന്നിട്ടപ്പോൾ ഈ കളിയും സമനിലയിലേക്ക് എന്ന് പ്രഖ്യാപിച്ച ചെസ് വിശാരദരെപ്പോലും അമ്പരപ്പിച്ചുകൊണ്ടാണ് 58-ാം നീക്കത്തിൽ ഡിംഗ് ലിറനെ അടിയറവു പറയിപ്പിച്ചത്. അവസാനറൗണ്ടിൽ ലിറെന് വെള്ളക്കരുക്കളുടെ ആനുകൂല്യമുണ്ടായിരുന്നിട്ടും ഗുകേഷ് ഒരൊറ്റ കാലാളിന്റെ അധിക ആനുകൂല്യത്തിൽ വിജയത്തിലേക്കുള്ള കരുനീക്കി അഭിമാനചരിത്രം കുറിച്ചു.
2006 മേയ് 29ന്  തെലങ്കാനയിൽ വേരുകളുളള, ചെന്നൈയിലെ ഒരു തെലുഗു കുടുംബത്തിലാണ് ഗുകേഷിന്റെ ജനനം. അച്ഛൻ ഇ.എൻ.ടി സർജനായ ഡോ. രജനികാന്ത് ചെന്നൈയിൽ ജോലിനോക്കുന്നതിനാലാണ് കുടുംബം ചെന്നൈയിലേക്ക് താമസം മാറിയത്. അമ്മ ഡോ.പത്മ ചെന്നൈയിൽ മൈക്രോ ബയോളജിസ്റ്റാണ്. മേൽ അയനമ്പാക്കത്തുള്ള വേലമ്മാൾ വിദ്യാലയത്തിലാണ് ഗുകേഷ് പഠിക്കുന്നത്. പ്രഗ്നാനന്ദയുടെ നേട്ടങ്ങൾ കണ്ടാണ് ഗുകേഷ് ചെസിലേക്ക് ആകൃഷ്ടനാകുന്നത്. ഗുകേഷിനേക്കാൾ ഒരു വയസിന് മൂത്തതാണ് പ്രഗ്ഗ്. അണ്ടർ -8 ചെസ് ലോകകപ്പിലെ പ്രഗ്ഗിന്റെ നേട്ടം കണ്ട് ആവേശം കയറിയ ഗുകേഷ് ഒരുനാൾ താനും പ്രഗ്ഗ് അണ്ണയെപ്പോലെ ലോകമറിയുന്ന കളിക്കാരനാകുമെന്ന് മനസിലുറപ്പിച്ചു.
2015ൽ ഏഷ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ -9 വിഭാഗത്തിൽ ജേതാവായതോടെയാണ് ചെസ് ലോകം ഗുകേഷിനെ ശ്രദ്ധിച്ചുതുടങ്ങിയത്. 2017 മാർച്ചിൽ ഫ്രാൻസിൽ നടന്ന കാപ്പലെ ലെ ഗ്രാൻഡെ ചെസ് ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച ഗുകേഷ് ഇന്റർ നാഷണൽ മാസ്റ്റർ പട്ടത്തിലേക്ക് മുന്നേറി. 2018ലെ യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ അഞ്ച് സ്വർണമെഡലുകളാണ് നേടിയത്.
2019 ജനുവരി 15ന് തനിക്ക് 12 വയസും ഏഴ് മാസവും 17 ദിവസവും പ്രായമുള്ളപ്പോൾ ഗുകേഷ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്ററായി ചരിത്രം കുറിച്ചു. 17 ദിവസത്തെ പ്രായക്കുറവിൽ റഷ്യക്കാരനായ സെർജി കാര്യാക്കിനായിരുന്നു ഒന്നാമൻ. 2021ൽ അമേരിക്കയിലെ ഇന്ത്യൻ വംശജനായ അഭിമന്യു മിശ്ര 12 വയസും നാലു മാസവും 25 ദിവസവും പ്രായമുള്ളപ്പോൾ ഗ്രാൻഡ് മാസ്റ്ററായതോടെ ഗുകേഷ് ഇക്കാര്യത്തിൽ മൂന്നാമനായി.