epf

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (പിഎഫ്) തുക ഇനി അധികം വൈകാതെ എടിഎമ്മുകളില്‍ നിന്ന് തന്നെ പിന്‍വലിക്കാന്‍ കഴിയും. വമ്പന്‍ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ഇപിഎഫ്ഒ. ഏഴ് കോടിയില്‍പ്പരം അക്കൗണ്ട് ഉടമകള്‍ക്ക് ഗുണം ലഭിക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ഐ.ടി സംവിധാനങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണെന്ന് തൊഴില്‍ മന്ത്രാലയം സെക്രട്ടറി സുമിത്ര ദവ്ര അറിയിച്ചു. 2025ല്‍ തന്നെ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം.

ഇപിഎഫ്ഒയുടെ ഐടി ഘടനയെ ബാങ്കിംഗ് സംവിധാനത്തിന്റെ നിലവാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് സുമിത്ര ദവ്റ പറഞ്ഞു. 2025 ജനുവരിയോടെ, ഇപിഎഫ്ഒ ഐടി 2.1-ന്റെ പുതിയ പതിപ്പ് പുറത്തിറക്കും. ഈ പുതിയ സംവിധാനത്തിന് കീഴില്‍, പിഎഫ് അവകാശികള്‍ക്കും ഗുണഭോക്താക്കള്‍ക്കും ഇന്‍ഷ്വര്‍ ചെയ്ത വ്യക്തികള്‍ക്കും എടിഎം വഴി നേരിട്ട് പണം പിന്‍വലിക്കാന്‍ കഴിയും. ഇതിനായി മറ്റൊരാളെ ആശ്രയിക്കേണ്ട ആവശ്യമില്ല.

പിഎഫ് ക്ലെയിമുകളുടെ തീര്‍പ്പാക്കലിനും അതിന് ശേഷം ഉപഭോക്താവിന് പണം അക്കൗണ്ടില്‍ എത്തുന്നതിനും വലിയ കാലതാമസമാണ് നിലവിലെ സംവിധാനത്തില്‍ ഉണ്ടാകുന്നത്. പുതിയ രീതിയിലേക്ക് മാറുന്നതിലൂടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണാനാകുമെന്നാണ് തൊഴില്‍ മന്ത്രാലയം പറയുന്നത്. ഓണ്‍ലൈന്‍ ബാങ്കിംഗ് സംവിധാനം ബാങ്ക് നടപടികള്‍ ഞൊടിയിടയില്‍ നടപ്പിലാക്കുന്നതിന് തുല്യമായ മാറ്റമാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഭാവിയില്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും തൊഴില്‍ സെക്രട്ടറി വ്യക്തമാക്കി.