hair-care

നരച്ച മുടി പ്രായമായവരെയും കൗമാരക്കാരെയും ഒരു പോലെ അലട്ടുന്ന പ്രശ്നമാണ്. അകാലനര മാറ്റാൻ ഹെയർഡൈ പോലുള്ള കൃത്രിമ മാർഗങ്ങൾ സ്വീകരിക്കാൻ പലരും നിർബന്ധിതരാകുന്നു, എന്നാൽ ഒന്നു ശ്രദ്ധിച്ചാൽ പരമ്പരാഗതവും പ്രകൃതി ദത്തവുമായ മാർഗങ്ങളിലൂടെ മുടിയുടെ നര മാറ്റാനാകും. മുടിയുടെ നര മാറാൻ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നതാണ് വെളിച്ചെണ്ണ. മുടിയുടെ നര തടയുന്നതിനുള്ള സ്വാഭാവിക ഗുണങ്ങൾ വെളിച്ചെണ്ണയിലുണ്ട്.

വെളിച്ചെണ്ണ ഒരു സ്വാഭാവിക സൺ സ്‌ക്രീൻ ആണ്. അതിനാൽ മുടിയുടെ പുനരുജ്ജീവനത്തിനും മുടി നരയ്ക്കാൻ വൈകിപ്പിക്കുന്നതും ഇത് സഹായിക്കുന്നു. വെളിച്ചെണ്ണ മുടിയുടെ വളർച്ച വർദ്ധിപ്പിക്കുന്നതിനൊപ്പം അകാല നര അകറ്റുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ വെളിച്ചെണ്ണയ്‌ക്കൊപ്പം നാരങ്ങാ നീര് ഉപയോഗിക്കുന്നത് നര മാറ്റുന്നതിന് കൂടുതൽ ഫലപ്രദമാകുമെന്ന് പറയപ്പെടുന്നു.

നരച്ച മുടിയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഒരു സാധാരണ വീട്ടുവൈദ്യമാണ് നാരങ്ങ നീര് കലർത്തിയ വെളിച്ചെണ്ണ. ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുകയും ചെയ്യുന്ന ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് നാരങ്ങ. വെളിച്ചെണ്ണയും നാരങ്ങയും മുടിയിലെ നര അകറ്റാൻ എങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം.

ഒരു പാത്രത്തിൽ 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണയും 3 ടീ സ്പൂൺ നാരങ്ങാ നീരും മിക്സ് ചെയ്യുക. ഈ മിശ്രിതം നിങ്ങളുടെ മുടിയിലും തലയോട്ടിയിലും നല്ലതു പോലെ തേച്ചുപിടിപ്പിക്കുക. ഒരിക്കലും നാരങ്ങാ നീര് മാത്രമായി മുടിയിൽ തേച്ചുപിടിപ്പിക്കരുത്. തല മറയ്ക്കാനായി ഒരു ഷവർ തൊപ്പി ഉപയോഗിക്കുകയാണെങ്കിൽ ഈ മിശ്രിതം മുടിയിൽ നന്നായി കലരുന്നതിന് സഹായിക്കും. 45- 60 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യുന്നത് മുടിയുടെ നര കുറയ്ക്കുന്നതിന് സഹായിക്കും.