
ഒട്ടാവ : കാനഡയിൽ വൈദ്യ സഹായത്തോടെയുള്ള മരണം അഥവാ ദയാവധത്തിന് വിധേയമാകുന്നവരുടെ എണ്ണം ഉയരുന്നു. 2016ലാണ് കർശനമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കാനഡയിൽ ദയാവധം നിയമവിധേയമായത്. ദയാവധ നിരക്കുമായി ബന്ധപ്പെട്ട അഞ്ചാമത്തെ വാർഷിക റിപ്പോർട്ട് കാനഡ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വർഷം 15,300 പേരാണ് കാനഡയിൽ ദയാവധത്തിന് വിധേയമായത്. രാജ്യത്തെ മരണങ്ങളിൽ 4.7 % ആണിത്. 2022നെ അപേക്ഷിച്ച് 15.8 % വർദ്ധനവാണ് 2023ലുണ്ടായിട്ടുള്ളത്.
ദയാവധത്തിന് അനുമതി ലഭിച്ച 96 % പേരും മരണത്തിന്റെ വക്കിലുണ്ടായിരുന്നവരാണ്. ദീർഘകാലമായി മാരക രോഗത്താൽ ദുരിതമനുഭവിച്ചവരാണ് മറ്റ് 4 %. ദയാവധത്തിന് അനുമതി തേടിയവരുടെ ശരാശരി പ്രായം ഏകദേശം 77 ആണ്. മിക്കവരും ക്യാൻസർ രോഗികൾ. മാനസിക രോഗങ്ങൾ അലട്ടുന്നവർക്കും ദയാവധം അനുവദിക്കണമെന്ന ചർച്ച സജീവമാണ്. 2027ഓടെ നിയമം പ്രാബല്യത്തിൽ വരുത്താനാണ് നീക്കം.
അതേ സമയം, രാജ്യത്ത് ദയാവധം ഉയരുന്നതിന്റെ കാരണങ്ങൾ സംബന്ധിച്ച പഠനങ്ങൾക്ക് ഒരുങ്ങുകയാണ് അധികൃതർ. കഴിഞ്ഞ ദശകത്തിൽ ദയാവധത്തിന് അംഗീകാരം നൽകിയ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് കാനഡ. ഓസ്ട്രേലിയ, ന്യൂസിലൻഡ്, സ്‌പെയിൻ, ഓസ്ട്രിയ എന്നിവയാണ് മറ്റുള്ളവ.
 കാനഡയിൽ ദയാവധ നിരക്ക് ഉയർന്ന പ്രവിശ്യ - ക്യുബെക് - 37 %
 ദയാവധ നിരക്ക് ഏറ്റവും ഉയർന്ന രാജ്യം - നെതർലൻഡ്സ് - ആകെ മരണങ്ങളിൽ 5 % (2023ലെ കണക്ക് )
# ഇംഗ്ലണ്ടിലും...
ഇംഗ്ലണ്ടിലും വെയ്‌ൽസിലും ദയാവധം നിയമ വിധേയമാക്കാനുള്ള ബില്ലിന് ബ്രിട്ടീഷ് എം.പിമാർ കഴിഞ്ഞ മാസം അംഗീകാരം നൽകിയിരുന്നു. മാസങ്ങൾ നീണ്ട പാർലമെന്ററി പരിശോധനയ്ക്കും ഭേദഗതികൾക്കും അംഗീകാരത്തിനും ശേഷമേ നിയമം നിലവിൽ വരൂ. ആറ് മാസത്തോളം മാത്രം ജീവിക്കാൻ സാദ്ധ്യതയുള്ള മാരക രോഗങ്ങൾ ബാധിച്ച മുതിർന്നവർക്ക് വൈദ്യ സഹായത്തോടെ മരണം അനുവദിക്കുന്നതാണ് ബില്ല്. # എവിടെയൊക്കെ ? (ദയാവധം/വൈദ്യസഹായത്തോടെയുള്ള മരണം നിയമപരമായിട്ടുള്ള രാജ്യങ്ങൾ) ഓസ്ട്രിയ, ബെൽജിയം, കാനഡ, കൊളംബിയ, ഇക്വഡോർ, ലക്സംബർഗ്, നെതർലൻഡ്സ്, ന്യൂസിലൻഡ്, സ്പെയിൻ, സ്വിറ്റ്സർലൻഡ്, യു.എസ് ( 11 ഇടങ്ങളിൽ - കാലിഫോർണിയ, കൊളറാഡോ, ഡിസ്ട്രിക്റ്റ് ഒഫ് കൊളംബിയ, ഹവായ്, മെയ്ൻ, മൊണ്ടാന, ന്യൂജേഴ്സി, ന്യൂമെക്സിക്കോ, ഒറിഗൺ, വെർമോണ്ട്, വാഷിംഗ്ടൺ), ഓസ്ട്രേലിയ ( 6 സംസ്ഥാനങ്ങൾ - ന്യൂസൗത്ത് വെയ്ൽസ്, ക്വീൻസ്‌ലൻഡ്, സൗത്ത് ഓസ്ട്രേലിയ, ടാസ്മാനിയ, വിക്ടോറിയ, വെസ്റ്റേൺ ഓസ്ട്രേലിയ )