
ബീജിംഗ്: ഗംഭീര ട്രോഫിയും ക്യാഷ് പ്രൈസുമൊക്കെയാണ് സാധാരണ മാരത്തൺ ഓട്ടമത്സരങ്ങളിലെ വിജയികൾക്ക് സമ്മാനമായി ലഭിക്കുക. എന്നാൽ തെക്കു കിഴക്കൻ ചൈനയിലെ ജിലിൻ പ്രവിശ്യയിൽ കാര്യങ്ങൾ ഇങ്ങനെയൊന്നുമല്ല. ഇവിടെ ഡിസംബർ 29ന് നടക്കുന്ന നോങ്ങാൻ ടൈപിംഗ്ചി ഐസ് ആൻഡ് സ്നോ ഹാഫ് മാരത്തൺ മത്സരത്തിലേക്ക് പങ്കെടുക്കാൻ താത്പര്യമുള്ളവരെ ക്ഷണിച്ചിട്ടുണ്ട്.
നോങ്ങാൻ കൗണ്ടിയിലെ വെറ്റ്‌ലാൻഡ് പാർക്കിൽ വച്ചാണ് മത്സരം. പശു, മീൻ, പൂവൻ കോഴി, താറാവ് ഒക്കെയാണ് വിജയികളെ കാത്തിരിക്കുന്നത്. പ്രാദേശിക ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ വ്യത്യസ്ത മാരത്തൺ.
ഒന്നാം സമ്മാനം നേടുന്നയാൾക്കാണ് പശുവിനെ സമ്മാനമായി ലഭിക്കുക. പശുവിനെ 6,000 യുവാന് കൈമാറ്റം ചെയ്യാനുള്ള അവസരമുണ്ട്. രണ്ടാം സ്ഥാനത്തെത്തുന്നയാൾക്ക് തായ്‌പിംഗിലെ കുളത്തിൽ നിന്നുള്ള മീൻ സമ്മാനം. മറ്റുള്ളവരെ കാത്തിരിക്കുന്നത് പൂവൻ കോഴി, താറാവ്, അരയന്നം എന്നിവയാണ്. 10 കിലോഗ്രാം അരിയും ഗോതമ്പും മാരത്തണിൽ പങ്കെടുക്കുന്ന മറ്റുള്ളവർക്ക് നൽകും.
പരിപാടിയുടെ നോട്ടീസ് ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മാരത്തൺ ഓട്ടങ്ങൾക്ക് ചൈനയിൽ പ്രചാരമേറിയിരിക്കുകയാണ്. 2023ൽ 622 മാരത്തണുകളും ഹാഫ് മാരത്തണുകളും രാജ്യത്ത് സംഘടിപ്പിച്ചു.