
പാലക്കാട് : ഇർഫാന ലോറിക്കടിയിലായത് ഉമ്മയുടെ കൺമുന്നിൽവച്ച്. അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അജ്ന ഷെറിൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇർഫാനയെ ദന്ത ഡോക്ടറെ കാണിക്കാനെത്തിയതായിരുന്നു ഉമ്മ ഫരീസ.
പനയമ്പാടത്ത് കാത്തുനിൽക്കുകയായിരുന്നു ഫരീസ. ഇർഫാനയെ ഫരീസ കണ്ടു. തൊട്ടുപിന്നാലെ ലോറി ഇർഫാനയെ ഇടിക്കുകയായിരുന്നു. ഈസമയം കുറച്ചകലെ തെറിച്ചുവീണതിനാലാണ് അജ്ന രക്ഷപ്പെട്ടത്. എഴുന്നേറ്റ് നോക്കിയപ്പോൾ ആളുകൾ തടിച്ചുകൂടിയതാണ് കണ്ടത്. ഇതോടെ പേടിച്ചുപോയെന്നും അജ്ന വ്യക്തമാക്കി. ഉറ്റകൂട്ടുകാരികളെ അവസാനമായി ഒരുനോക്കുകാണാൻ അജ്ന എത്തിയിരുന്നു.
അജ്ന, ഇർഫാന ഷെറിൻ, റിദ ഫാത്തിമ, കെ എം നിദ ഫാത്തിമ, എ എസ് ആയിഷ എന്നിവർ എപ്പോഴും ഒന്നിച്ചായിരുന്നു. മദ്രസാ കാലം തൊട്ടുണ്ടായ സൗഹൃദമായിരുന്നു. അഞ്ച് പേരും എട്ടാം ക്ലാസ് വിദ്യാർത്ഥിനികളാണ്. ആയിഷ എട്ട് ഇയിലും ബാക്കിയുള്ളവർ ഡി ഡിവിഷനിലുമായിരുന്നു. അഞ്ചംഗ സംഘത്തിന് ഇന്നലെ നടന്ന ഇംഗ്ലീഷ് പരീക്ഷ എളുപ്പമായിരുന്നു. ഇന്ന് നടക്കാനിരുന്ന ഹിന്ദി പരീക്ഷയിലായിരുന്നു പേടി. ഇക്കാര്യം സംസാരിച്ചുകൊണ്ട് നടക്കവേയാണ് അപകടമുണ്ടായത്.
ബാഗിൽ സ്ഥലമില്ലെന്ന് പറഞ്ഞ് ആയിഷ തന്റെ നനഞ്ഞ കുട അജ്നയെ ഏൽപിച്ചിരുന്നു. കൂടാതെ റിദയുടെ റൈറ്റിംഗ് പാഡും തന്റെ കൈയിൽ തന്നിരുന്നെന്ന് അജ്ന പറയുന്നു. അയൽവാസികളായിരുന്നു ഇവർ. ഇവരുടെ വീടുകളിൽ നിന്ന് അരക്കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. പെൺകുട്ടികളുടെ സംസ്കാരം ഇന്ന് നടക്കും.