
ചെന്നൈ: ഡൽഹിയിലെ അമേരിക്കൻ സെന്ററിൽ സംഘടിപ്പിക്കുന്ന പ്രമുഖ ബിസിനസ് ഇൻകുബേറ്റർ പരിശീലന പരിപാടിയായ “നെക്‌സസ്” അതിന്റെ ഇരുപതാമത് പതിപ്പിലേക്ക് സ്റ്റാർട്ടപ്പ് കമ്പനികളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നതായി ഡൽഹിയിലെ യുഎസ് എംബസി അറിയിച്ചു. ഫെബ്രുവരി രണ്ട്, 2025ന് ആരംഭിച്ച് ഒമ്പത് ആഴ്‌ച നീണ്ടുനിൽക്കുന്നതാണ് ഈ പരിശീലന പരിപാടി.
15 ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനികൾക്ക് ഇന്ത്യൻ, അമേരിക്കൻ വിദഗ്ദ്ധരിൽ നിന്ന് പ്രത്യേക പരിശീലനം ലഭ്യമാക്കുന്ന അമൂല്യമായ അവസരമായിരിക്കും നെക്‌സസ് പ്രോഗ്രാം. തങ്ങളുടെ കമ്പനികളുടെ മൂല്യത്തെക്കുറിച്ചുള്ള അവതരണം (value proposition) മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന വിപണികൾ ഏതാണെന്ന് കൃത്യമായി നിർവചിക്കുന്നതിനും ഉൽപ്പന്നത്തെയും സാങ്കേതികവിദ്യയെയും കുറിച്ച് വിപണിയിലുള്ള അഭിപ്രായം നേടുന്നതിനും തങ്ങളുടെ കമ്പനികൾ വിപണിയിൽ അവതരിപ്പിക്കുന്നതിനുള്ള നാഴികക്കല്ലുകൾ സൃഷ്ടിക്കുന്നതിനും സ്റ്റാർട്ടപ്പ് കമ്പനികൾക്ക് പരിശീലനം ലഭിക്കും. സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ കൃത്രിമബുദ്ധിയുടെ സ്വാധീനം, സംരംഭകർ മികച്ച മാനസികാരോഗ്യം പുലർത്തേണ്ടതിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളും പുതിയ നെക്‌സസ് കൂട്ടായ്‌മ വിശകലനം ചെയ്യും.
ഒമ്പത് ആഴ്ചത്തെ പ്രാരംഭ പരിശീലന പരിപാടിക്ക് ശേഷം തിരഞ്ഞെടുക്കുന്ന നാല് കമ്പനികളെ വരെ കൂടുതൽ ആഴത്തിലുള്ള പിന്തുണയ്ക്ക് നെക്‌സസ് കൂട്ടായ്‌മയിൽ തുടരുന്നതിനായി ക്ഷണിക്കും. ഈ കമ്പനികൾക്ക് അധികമായി എട്ട് മാസം വരെ ഇൻകുബേറ്റർ സൗകര്യങ്ങളും നെറ്റ്‌വർക്കും പൂർണമായി ഉപയോഗിക്കാം. ഈ കാലയളവിൽ നെക്‌സസ് വിദഗ്ദ്ധരുടെ ടീം കമ്പനികളെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ അവരോട് ചേർന്ന് പ്രവർത്തിക്കും. കമ്പനികളുടെ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനും ഉപഭോക്തൃ-വരുമാന അടിത്തറ വളർത്തുന്നതിനും ഉചിതമെങ്കിൽ, കമ്പനികളുടെ ഉൽപ്പന്നങ്ങൾ അഥവാ സേവനങ്ങൾ ഗുണകരമായ രീതിയിൽ വർദ്ധിപ്പിക്കുന്നതിനുള്ള ധനസമാഹരണം നേടുന്നതിനും നെക്‌സസ് വിദഗ്ദ്ധർ മാർഗനിർദ്ദേശങ്ങൾ നൽകും.
ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള സംരംഭകർ www.startupnexus.in എന്ന വെബ്‌സൈറ്റിൽ ജനുവരി അഞ്ച്, 2025നകം അപേക്ഷകൾ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെട്ട പങ്കാളികളെ ജനുവരി 17നകം അറിയിക്കുന്നതാണ്. നെക്‌സസിന്റെ ഇരുപതാമത് കൂട്ടായ്‌മയ്‌ക്ക് പരിശീലനം നൽകുന്നതിന് ഇന്ത്യയിലെ യുഎസ് എംബസി അമേരിക്കയിലെ കണക്റ്റിക്കട്ട് സർവകലാശാലയിലെ (യു-കോൺ) ഗ്ലോബൽ ട്രെയിനിംഗ് ആൻഡ് ഡെവലപ്‌മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ടുമായി (ജിടിഡിഐ) പങ്കാളിത്തത്തിലേർപ്പെടുന്നു.
ഡൽഹിയിലെ യുഎസ് എംബസിയുടെയും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്റെയും ഒരു ഗ്രാന്റ് മുഖേനയാണ് ഈ പ്രോഗ്രാമിന് ധനസഹായം നൽകുന്നത്. ഇന്ത്യയുടെ വിവിധ ഇടങ്ങളിൽ നിന്ന് ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് നൂതനവും വളർന്നുവരുന്നതുമായ സംരംഭങ്ങളുടെ വികസനം അടുത്തറിയുന്നതിനുള്ള കാഴ്ചപ്പാടുകളും നിർണായകമായ അറിവും പകർന്ന് നൽകുന്നതിന് യു-കോണിന്‍റെ സ്കൂൾ ഓഫ് ബിസിനസിലെ ഡെയ്ഗൽ ലാബുമായി ചേർന്നാണ് ജിടിഡിഐ പ്രവർത്തിക്കുന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്സും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക - സാമ്പത്തിക ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം സുസ്ഥിരമായ സാമൂഹികവികസനം സാധ്യമാക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്‍റെ ലക്ഷ്യം. നെക്‌സസ് ഇൻക്യൂബേറ്റർ പ്രോഗ്രാം ആരംഭിച്ച 2017 മുതൽ 19 പതിപ്പുകളിലായി 230 ഇന്ത്യൻ സംരംഭകർ നെക്‌സസിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ, ബാഹ്യമായ ധനസമാഹരണം വഴി 90 ദശലക്ഷം യുഎസ് ഡോളർ നെക്‌സസ് ഇൻക്യൂബേറ്റർ പ്രോഗ്രാം സമാഹരിച്ചിട്ടുണ്ട്.