bsnl

ജൂലായ് മാസത്തിൽ സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് വർദ്ധിപ്പിച്ചതോടെ നിരവധിയാളുകളാണ് ബിഎസ്എൻഎല്ലിലേക്ക് മാറിയത്. മികച്ച കോൾറേറ്റും പ്ളാനുകളിലെ വിലക്കുറവും മറ്റും കണ്ടാണ് പലരും ബിഎസ്‌എൻഎല്ലിലേക്ക് മാറിയത്. ഒരു വർഷത്തേക്കുള്ള പ്ളാനുകളിൽ പോലും വലിയ വിലക്കുറവ് തന്നെയാണ് ഉണ്ടായിരുന്നത്. എന്നാൽ ആറ് മാസങ്ങൾക്കിപ്പുറം ബിഎസ്‌എൻഎല്ലിന്റെ സേവനത്തെ കുറിച്ച് വ്യാപക പരാതി ഉയരുന്നുണ്ട്. കോൾ വിളിച്ചാൽ പൂർണ റിംഗ് ചെയ്‌തതായി വിളിക്കുന്നയാൾക്ക് തോന്നുമെങ്കിലും കോൾ ലഭിക്കേണ്ടയാൾക്ക് വന്നിട്ടുണ്ടാകില്ല. മാത്രമല്ല കോൾ ചെയ്‌ത് ക്ഷമ കെടേണ്ടി വരുന്നെന്നും പരാതിയുണ്ട്. 4ജി സേവനം ലഭ്യമായെന്ന് പറയുന്നെങ്കിലും ഇതും പൂർണ അളവിൽ കിട്ടുന്നില്ല.

ഇതിനിടെ ഈ അതൃപ്‌തരെ തിരികെ കൊണ്ടുവരാനും ബിഎസ്‌എൻഎൽ മുന്നേറ്റം അവസാനിപ്പിക്കാനും പുതുവ‌ർഷത്തിന് ഒരുഗ്രൻ പ്ളാനുമായി വരികയാണ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ. 2025 രൂപയുടെ ന്യൂ ഇയർ വെൽക്കം പ്ളാൻ അൺലിമിറ്റ‌ഡ് 5ജി ഡാറ്റ ഓഫറുമായി എത്തിയിരിക്കുകയാണ്. 200ദിവസത്തേക്ക് അൺലിമിറ്റഡ് വോയിസ്‌കോളും ദിവസം 200 മെസേജ് സൗജന്യമായും ലഭിക്കും. 500 ജിബി 4ജി ഡാറ്റയും ഓഫറിൽ ലഭിക്കും. പ്രതിദിനം 2.5 ജിബി ആണ് ഡാറ്റ ലഭിക്കുക.

ഈ ഓഫറിനൊപ്പം മറ്റ് പാർട്‌ണർ ഓഫറുകളും ജിയോ നൽകുന്നുണ്ട്. അജിയോ ഓൺലൈൻ സ്റ്റോറിലെ 2500 രൂപ പർച്ചേസ് ഓഫറിന് 500 രൂപയുടെ കൂപ്പൺ ലഭിക്കും. സ്വിഗ്ഗിയിലൂടെ 499ലധികം രൂപയ്‌ക്ക് ഓർഡർ‌ ചെയ്‌താൽ 150 രൂപയുടെ കൂപ്പൺ കിട്ടും. ഈസ് മൈ ട്രിപ്പ് ഡോട്‌കോം വഴി വിമാനബുക്കിംഗിന് ലഭിക്കുക 1500 രൂപ കൂപ്പണാണ്. ഡിസംബർ 11ന് ആരംഭിച്ച ഓഫർ ജനുവരി 11 വരെ ആക്‌ടിവേറ്റ് ചെയ്യാം.