
സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന് തിരുവനന്തപുരത്ത് 10 ദിവസത്തെ ചിത്രീകരണം. ഡിസംബർ 29നാണ് ചിത്രീകരണം ആരംഭിക്കുക. സെൻട്രൽ ജയിലും വെള്ളായണി കാർഷിക കോളേജുമാണ് പ്രധാന ലൊക്കേഷൻ. ശ്രീഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ബിഗ് ബ ഡ്‌ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത്. സുരേഷ് ഗോപിയുടെ 250-ാമത്തെ സിനിമയാണ്. ഷിബിൻ ഫ്രാൻസിസ് ആണ് രചന. അണ്ടർ വേൾഡ്. സി.എെ. എ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. ഈരാറ്റുപേട്ടയാണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ. തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയെ നായികയായി നിശ്ചയിച്ചിരുന്നെങ്കിലും ഡേറ്റ് ക്ലാഷിനെ തുടർന്ന് ഒരു വർഷം മുൻപ് പിൻമാറി . അനുഷ്‌ക തന്നെയായിരിക്കും നായിക. വമ്പൻ താരനിരയിലാണ് ഒറ്റക്കൊമ്പൻ ഒരുങ്ങുന്നത്. കേന്ദ്ര മന്ത്രികൂടിയായ സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കുന്നതിന് കേന്ദ്ര നേതൃത്വത്തിന്റെ അനുമതി കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. ആദ്യ ഷെഡ്യൂളിൽ അഭിനയിക്കുന്നതിനാണ് അനുമതി ലഭിച്ചിട്ടുള്ളത്. ഒറ്റക്കൊമ്പനു വേണ്ടി വളർത്തിയ താടി അടുത്തിടെ സുരേഷ്‌ഗോപി വടിച്ചിരുന്നു. എന്നാൽ ഇപ്പോൾ അനുമതി ലഭിച്ചതിനാൽ സുരേഷ് ഗോപി താടി വളർത്താൻ തുടങ്ങി. പാല ഇടമറ്റം കുരുവിനാക്കുന്നേൽ ജോസ് എന്ന കുറുവച്ചന്റെ ജീവിതകഥയാണ് ഒറ്റക്കൊമ്പൻ പറയുന്നത്. ഒറ്റക്കൊമ്പന്റെ അടുത്ത ഷെഡ്യൂൾ വൈകാതെ ഉണ്ടാകും.