bank-accounts

ന്യൂഡൽഹി: ഒരു വ്യക്തിക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉളളത് നിയമവിരുദ്ധമാണോ? അതോ ഇനിമുതൽ ഒരാൾക്ക് ബാങ്കുകളിൽ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാകില്ലേ? അടുത്തിടെ റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ പുതിയ നിർദ്ദേശങ്ങൾ എന്ന പേരിൽ ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒന്നിലധികം ബാങ്കുകളിൽ അക്കൗണ്ട് ഉളളവരിൽ നിന്ന് പിഴ ഈടാക്കുമെന്നായിരുന്നു വിവരം. ഇതോടെ അക്കൗണ്ട് ഉടമകൾ സംശയത്തിലായിരിക്കുകയാണ്.

ഈ വാർത്തയുടെ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം. പുറത്തുവന്ന റിപ്പോർട്ടിൽ ആകുലപ്പെടേണ്ടതില്ല. വാർത്ത വ്യാജമാണ്. ഒന്നിലധികം ബാങ്ക് അക്കൗണ്ടുളളവർക്കെതിയെ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ യാതൊരു തരത്തിലുളള പിഴയും ചുമത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) പ്രസ്താവന പുറത്തിറക്കുകയുണ്ടായി. എക്സിലും പങ്കുവച്ചിട്ടുണ്ട്.

ഒന്നിലധികം ബാങ്ക് അക്കൗണ്ടുളളവർക്കോ അല്ലെങ്കിൽ ഒന്നിലധികം ബാങ്കുകളിൽ അക്കൗണ്ടുളളവർക്കോ യാതൊരു പിഴയും ചുമത്തില്ലെന്ന് അറിയിച്ചു. ഇത്തരത്തിലുളള വ്യാജ വാർത്തകളിൽ ജാഗ്രത പാലിക്കണമെന്നും പിഐബി പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയിൽ ഒരു വ്യക്തിക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ വേണമെങ്കിലും എടുക്കാം. അത് നിയമപരമാണ്. പലയാളുകളും വിവിധ ആവശ്യങ്ങൾക്കായി പലതരം അക്കൗണ്ടുകളും എടുക്കാറുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.


അതേസമയം, ഉപഭോക്താക്കളോട് രണ്ടോ മൂന്നോ ബാങ്ക് അക്കൗണ്ടുകൾ മാത്രമേ എടുക്കാൻപാടുളളൂവെന്ന് സാമ്പത്തിക വിദഗ്ദർ നിർദ്ദേശിക്കുന്നത്. എല്ലാ അക്കൗണ്ടുകളിലും മിനിമം ബാലൻസും ആവശ്യമാണെന്നും നിർദ്ദേശിക്കുന്നു.