
ബംഗളൂരു: രേണുകാ സ്വാമി കൊലക്കേസിൽ നടൻ ദർശൻ തൂഗുദീപയ്ക്കും പവിത്ര ഗൗഡയ്ക്കും ജാമ്യം. കേസിലെ മറ്റ്
അഞ്ച് പ്രതികൾക്കും കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി ആറു മാസത്തിനുശേഷമാണ് ജാമ്യം ലഭിക്കുന്നത്. ശസ്ത്രക്രിയയ്ക്കായി ഇടക്കാല ജാമ്യം കിട്ടിയ ദർശൻ നിലവിൽ ആശുപത്രിയിലാണ്. ദർശന്റെ രക്തസമ്മർദ്ദത്തിലെ വ്യത്യാസം കാണിച്ച് ജാമ്യകാലാവധി നീട്ടാൻ അഭിഭാഷകർ അപേക്ഷ നൽകിയിരുന്നു. ജൂൺ 11ന് ദർശൻ അറസ്റ്റിലായി. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലായിരുന്ന ദർശന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബെല്ലാരി സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ ജൂൺ എട്ടിനാണ് ചിത്രദുർഗ സ്വദേശിയായ രേണുകാ സ്വാമിയുടെ മൃതദേഹം കണ്ടെത്തുന്നത്.
പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ദർശനും പവിത്രയും കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് പൊലീസ് നിഗമനം. മൂന്നുപേർ പൊലീസിൽ കീഴടങ്ങിയതോടെയാണ് സംഭവം വെളിപ്പെട്ടത്. ദർശന്റെ നിർദ്ദേശപ്രകാരം തങ്ങളാണ് കൊല നടത്തിയതെന്നും സാമ്പത്തിക ഇടപാടാണ് കാരണമെന്നും ഇവർ മൊഴി നൽകി.
വിശദമായ ചോദ്യംചെയ്യലിലാണ് കൊലപാതകത്തിൽ ദർശന് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയത്. രേണുകാ സ്വാമി പവിത്രയ്ക്ക് അയച്ച അശ്ലീല സന്ദേശങ്ങളെക്കുറിച്ചറിഞ്ഞ ദർശൻ അയാളെ ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം ഓടയിൽ ഉപേക്ഷിച്ചു. പ്രതികളുടെ മൊഴി പ്രകാരമാണ് ദർശനെയും പവിത്രയെയും കസ്റ്റഡിയിലെടുത്തത്.