
ബംഗളൂരു: സാങ്കേതിക തകരാറുമായി ബന്ധപ്പെട്ട് മൂന്ന് വർഷം മുമ്പ് നിർമ്മിച്ച 386 യൂണിറ്റ് കാറുകൾ തിരിച്ചു വിളിച്ച് മെഴ്സിഡസ് ബെൻസ്. ഈ കാറുകളുടെ ഇസിയു (ഇലക്‌ട്രോണിക് കൺട്രോൾ യൂണിറ്റ്) ചില സാങ്കേതിക പിഴവുകൾ കണ്ടെത്തിയതായിട്ടാണ് റിപ്പോർട്ടുകൾ. എസ് ക്ലാസ് സെഡാൻ കാറുകളുടെ യൂണിറ്റുകളാണ് കമ്പനി തിരിച്ചുവിളിച്ചത്. ഓട്ടോ കാർ ഇന്ത്യയാണ് ഇത് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ഇസിയുവിന് തകരാർ സംഭവിച്ചു കഴിഞ്ഞാൽ എക്സ്‌ഹോസ്റ്റ് താപനില വർദ്ധിക്കുകയും അപകടസാദ്ധ്യത ഉണ്ടാകുകയും ചെയ്യും. കൂടാതെ, എഞ്ചിൻ വയറിംഗ് ഹാർനെസ്, കാറ്റലറ്റിക് കൺവെർട്ടർ തുടങ്ങിയ ഘടകങ്ങൾക്കും കേടുപാട് സംഭവിക്കാം. ഇത് തീപിടുത്തത്തിനുള്ള സാദ്ധ്യത വർദ്ധിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.
ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത്, കമ്പനി ഈ കാറുകൾ തിരിച്ചുവിളിച്ചെന്നും അതിനുശേഷം ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിയ ശേഷം അവ ഉപഭോക്താക്കൾക്ക് കൈമാറും എന്നും വ്യക്തമാക്കുന്നു.
വാഹനത്തിന്റെ മെയിന്റനൻസിനോ പാർട്‌സുകൾ മാറ്റിസ്ഥാപിക്കാനോ വേണ്ടിവരുന്ന ചെലവുകൾ കമ്പനി വഹിക്കും. ഇതിനായി ഉപഭോക്താക്കളിൽ നിന്ന് യാതൊരു ഫീസും ഈടാക്കില്ല.