
ചെന്നൈ: എം.എസ്. സുബ്ബുലക്ഷ്മിയുടെ പേരിലുള്ള സംഗീത കലാനിധി പുരസ്കാരം സംഗീതജ്ഞൻ ടി.എം. കൃഷ്ണയ്ക്ക് നൽകാമെന്ന് മദ്രാസ് ഹൈക്കോടതി. പുരസ്‌കാരം നൽകിയത് വിലക്കിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ
എം.എസ്. സുന്ദർ, പി. ധനബാൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. സുബ്ബുലക്ഷ്മിയുടെ ആഗ്രഹത്തിന് എതിരാണെന്ന് കാട്ടി കൊച്ചുമകൻ ശ്രീനിവാസൻ നൽകിയ ഹർജി പരിഗണിച്ചായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
സുബ്ബുലക്ഷ്മിയുടെ വിമർശകനാണ് കൃഷ്ണയെന്നും അതിനാൽ പുരസ്‌കാരം നൽകുന്നത് സുബ്ബുലക്ഷ്മിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഹർജിയിൽ വ്യക്തമാക്കി. ശ്രീനിവാസന്റെ ഹർജി തള്ളണമെന്ന് മ്യൂസിക് അക്കാഡമിയും ഹർജി നൽകിയിരുന്നു. ഈ ഹർജിയിലാണ് മദ്രാസ് ഇപ്പോൾ വിധി. മദ്രാസ് സംഗീത അക്കാഡമിയും 'ദ ഹിന്ദു'വും ചേർന്നാണ് കൃഷ്ണയ്ക്ക് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഉയർന്ന ജാതിയിൽ പിറന്നതുകൊണ്ടാണ് സുബ്ബുലക്ഷ്മിക്ക് നേട്ടങ്ങൾ ലഭിച്ചതെന്നായിരുന്നു കൃഷ്ണയുടെ വിമർശനം.
2005ൽ ഹിന്ദു ഗ്രൂപ്പാണ് എം.എസ്. സുബ്ബുലക്ഷ്മിയുടെ പേരിൽ പുരസ്‌കാരമേർപ്പെടുത്തിയത്. ഒരോ വർഷവും സംഗീത കലാനിധി അവാർഡ് ജേതാവിനെ പ്രഖ്യാപിക്കും. മ്യൂസിക് അക്കാഡമിയാണ് ജേതാവിനെ തിരഞ്ഞെടുക്കുക.