railway

തിരുവനന്തപുരം: കേരളത്തില്‍ യാത്രാ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന റൂട്ടിലേക്ക് പുതിയ ട്രെയിന്‍ വേണമെന്ന് ആവശ്യം. മലബാര്‍ മേഖലിയെ യാത്രാക്ലേശം പരിഹരിക്കുന്നതിന് പുതിയ ഇന്റര്‍സിറ്റി എക്‌സ്‌പ്രെസ് അനുവദിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്മവിനെ നേരില്‍ കണ്ട് വടകര എംപി ഷാഫി പറമ്പില്‍ അറിയിച്ചു. കോയമ്പത്തൂരില്‍ നിന്ന് പാലക്കാട് ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ വഴി മംഗലാപുരത്തേക്ക് ഒരു ഇന്റര്‍സിറ്റി അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവിലെ ട്രെയിനുകള്‍ തമ്മിലുള്ള സമയ വ്യത്യാസവും യാത്രക്കാരുടെ തിരക്കും കണക്കിലെടുത്ത് കൂടുതല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യത്തോട് റെയില്‍വേ മന്ത്രിയുടെ ഭാഗത്ത് നിന്ന് അനുകൂലമായ മറുപടിയാണ് ലഭിച്ചതെന്നാണ് വിവരം. നിലവില്‍ കോഴിക്കോട് നിന്ന് മംഗലാപുരം ഭാഗത്തേക്ക് നേത്രാവതി എക്‌സ്പ്രസ് കടന്ന് പോയാല്‍ അടുത്ത ട്രെയിന്‍ വരുന്നത് മൂന്ന് മണിക്കൂറിന് ശേഷമാണ്.

ഇത്രയും സമയവ്യത്യാസം യാത്രാക്ലേശം രൂക്ഷമാക്കുകയാണ്. പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള യാത്രക്കാര്‍ക്ക് വളരെയധികം ഫലപ്രദമായിരിക്കും പുതിയ ട്രെയിന്‍ എന്നും റെയില്‍വേ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് കോഴിക്കോടെത്തി ജോലി ചെയ്ത് ദിവസേന മടങ്ങുന്നത് ആയിരക്കണക്കിന് ആളുകളാണ്. ഇവരെ സംബന്ധിച്ചിടത്തോളം തിക്കിതിരക്കിയും കുത്തിനിറച്ചുമുള്ള യാത്ര നരകതുല്യമായ അനുഭവമാണ്. നിലവിലെ ട്രെയിനുകളുടെ ഇടവേളയില്‍ ഒരു ഇന്റസിറ്റി അനുവദിക്കുന്നതിന്റെ സാദ്ധ്യതകള്‍ പരിശോധിക്കുവാന്‍ മന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.