
'പ്യാർ ഹുവാ ഇഖ്‌രാർ ഹുവാ..." മുംബയ് നഗരത്തിലെ പ്രാന്തപ്രദേശമായ ചെമ്പൂരിലെ തെരുവുകളിലെ കാറ്റിനു പോലും അറിയാം ഈ പാട്ടിന്റെ വരികൾ! ഇന്ത്യൻ സിനിമയിലെ സുവർണ കാലഘട്ടത്തിന്റെ ഓർമ്മകൾ ഉറങ്ങുന്ന മണ്ണ്. 'ദ ഗ്രേറ്റസ്റ്റ് ഷോ മാൻ" എന്നറിയപ്പെടുന്ന ഇതിഹാസ നടനും സംവിധായകനുമായ രാജ് കപൂറിന്റെ തട്ടകമായിരുന്നു ഇവിടം. അദ്ദേഹത്തിന്റെ പ്രശസ്തമായ ആർ.കെ സ്റ്റുഡിയോ ഇവിടെയായിരുന്നു. 1950-കളിൽ രാജ് കപൂർ സ്ഥാപിച്ച ആർ.കെ സ്റ്റുഡിയോ 2019-ൽ പൊളിച്ചുനീക്കി. എന്നാൽ രാജ് കപൂറിന്റെ ജീവിതം സമ്മാനിച്ച ഓർമ്മകൾ ഇവിടെ മായാതെ നിലകൊള്ളുന്നു. ജീവിച്ചിരുന്നെങ്കിൽ സൃഷ്ടിനാഥ് കപൂർ എന്ന രാജ് കപൂറിന് ഇന്നേക്ക് 100 വയസാകുമായിരുന്നു. ഇന്ന് ബോളിവുഡ് ഭരിക്കുന്ന കരീന മുതൽ രൺബീർ വരെ നീളുന്ന കപൂർ കുടുംബത്തിന്റെ കാരണവർ!
രാജ് കപൂറും നർഗീസും അഭിനയിച്ച് 1955-ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ശ്രീ 420"ലെ ഗാനമാണ് 'പ്യാർ ഹുവാ, ഇഖ്‌രാർ ഹുവാ...' റിലീസായി ദശാബ്ദങ്ങൾ പിന്നിട്ടിട്ടും ഓർമ്മയിൽ മായാതെ നില്ക്കുന്ന ഈ നിത്യഹരിത ഗാനത്തിലെ ഓരോ ഫ്രെയിമും ഇന്ത്യൻ സിനിമാ ചരിത്രത്തിലെ മായാത്ത താളുകളാണ്. ആവാര, ബർസാത്, ബൂട്ട് പോളിഷ്, മേരാ നാം ജോക്കർ തുടങ്ങി ക്ലാസിക് ഹിറ്റുകളിലൂടെ നടനും സംവിധായകനും നിർമ്മാതാവുമായ രാജ് കപൂർ ഇന്ത്യൻ സിനിമയ്ക്ക് അതുല്യ സംഭാവനകൾ നൽകി. ഇന്ത്യൻ സിനിമയിലെ ചാർലി ചാപ്ലിൻ എന്നും അറിയപ്പെട്ടു. 'ആവാര' പോലുള്ള സിനിമകളിൽ ചാപ്ലിനെ അനുകരിച്ചാണ് രാജ് കപൂർ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയ്ക്കു പുറമേ മറ്റ് ഏഷ്യൻ രാജ്യങ്ങളിലും മിഡിൽ ഈസ്റ്റ്, കരീബിയൻ, ആഫ്രിക്കൻ പ്രദേശങ്ങളിലും സോവിയറ്റ് യൂണിയനിലും രാജ് കപൂറിന് ആരാധകരുണ്ടായിരുന്നു.
പിതാവ് പൃഥ്വിരാജ് കപൂറിൽ നിന്ന് അഭിനയത്തിന്റെ ബാലപാഠങ്ങൾ കണ്ടും കേട്ടും വളർന്ന രാജ് കപൂറിന് സിനിമ സ്വന്തം കുടുംബം തന്നെയായിരുന്നു. ഇന്ത്യൻ എൽവിസ് പ്രീസ്‌ലി എന്നറിയപ്പെട്ടിരുന്ന ഷമ്മി കപൂർ, ബോളിവുഡിലെ നിത്യഹരിത നായക വസന്തമായിരുന്ന ശശി കപൂർ എന്നിവർ അദ്ദേഹത്തിന്റെ സഹോദരങ്ങളാണ്. രാജ് കപൂറിനും ജീവിത സഖി കൃഷ്ണ മൽഹോത്രയ്ക്കും നടന്മാരായ രൺധീർ കപൂർ , റിഷി കപൂർ, രാജീവ് കപൂർ എന്നിവരടക്കം അഞ്ചു മക്കളാണ്.
കരീന - കരിഷ്‌മ സഹോദരിമാരുടെ പിതാവാണ് രൺധീർ. ബോളിവുഡിന്റെ റൊമാന്റിക് ഹീറോ ആയിരുന്ന റിഷിയുടെ മകൻ രൺബീർ കപൂറും ബോളിവുഡിലെ മൂല്യമേറിയ താരങ്ങളിൽ ഒരാളാണ്. രാജ് കപൂറിന്റെ ചെറുമകനും വ്യവസായിയുമായ നിഖിൽ നന്ദയുടെ (മകൾ റിതുവിന്റെ മകൻ) മകൻ അഗസ്ത്യ ആണ് കപൂർ കുടുംബത്തിൽ നിന്ന് ഏറ്റവും ഒടുവിൽ സിനിമയിലെത്തിയത്. അമിതാഭ് ബച്ചന്റെ മകൾ ശ്വേതയാണ് നിഖിലിന്റെ ഭാര്യ. 1988 ജൂൺ രണ്ടിന് 63 -ാം വയസിലാണ് രാജ് കപൂർ വിടവാങ്ങിയത്.