pic

പാരീസ് : ഫ്രാങ്കോയ്സ് ബെയ്റൂവിനെ (73) ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. മൂന്ന് മാസം അധികാരത്തിലിരുന്ന പ്രധാനമന്ത്രി മിഷെൽ ബാർനിയേ അവിശ്വാസ വോട്ടിലൂടെ പുറത്തായതിന് പിന്നാലെയാണ് പകരക്കാരനായി ബെയ്റൂവിനെ തിരഞ്ഞെടുത്തത്. മദ്ധ്യ വലതുപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് മൂവ്‌മെന്റ് നേതാവായ ബെയ്റൂ, മാക്രോണിന്റെ അടുത്ത അനുയായിയാണ്. മാക്രോണിന്റെ റെനെയ്സൻസ് പാർട്ടിയുൾപ്പെട്ട ലിബറൽ സഖ്യമായ എൻസെംബിളിന്റെ ഭാഗമാണ് ഡെമോക്രാറ്റിക് മൂവ്‌മെന്റ്. പുതിയ മന്ത്രിമാരെ ബെയ്റൂ വരും ദിവസങ്ങളിൽ തിരഞ്ഞെടുക്കും. കൃത്യമായ ഭൂരിപക്ഷമില്ലാത്തതും ഒരു ഡസനിലേറെ പാർട്ടികൾ നിറഞ്ഞതുമായ ഫ്രഞ്ച് പാർലമെന്റിനെ നയിക്കുക എന്നത് ബെയ്റൂവിന് കടുത്ത വെല്ലുവിളിയാണ്. പാർലമെന്റിന്റെ അംഗീകാരമില്ലാതെ നികുതി വർദ്ധനയും ചെലവ് ചുരുക്കലും ഉൾക്കൊള്ളുന്ന ബഡ്ജറ്റ് ബില്ലുമായി മുന്നോട്ടുപോയതാണ് മുൻ പ്രധാനമന്ത്രി മിഷെലിന് വിനയായത്. ബഡ്‌ജ​റ്റിന് പ്രത്യേക അധികാരം ഉപയോഗിച്ച് മിഷെൽ അംഗീകാരം നൽകിയിരുന്നു. ഇതോടെ തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയുടെ നേതൃത്വത്തിലെ പ്രതിപക്ഷം മിഷെലിനെ അവിശ്വാസ വോട്ടിലൂടെ പുറത്താക്കി.


 ഫ്രാങ്കോയ്സ് ബെയ്റൂ


 മൂന്ന് തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയം
 നീതി, വിദ്യാഭ്യാസ മന്ത്രി സ്ഥാനം വഹിച്ചു
 2014 മുതൽ തെക്കു പടിഞ്ഞാറൻ നഗരമായ പോയിലെ മേയർ
 യൂറോപ്യൻ പാർലമെന്റ് മുൻ അംഗം


-------------------------


 നാല് പ്രധാനമന്ത്രിമാർ


ഈ വർഷം ഫ്രാൻസിന് നാല് പ്രധാനമന്ത്രിമാരുണ്ടായി;

 എലിസബത്ത് ബോൺ (2022 മേയ് - 2024 ജനുവരി)

 ഗബ്രിയേൽ അട്ടൽ (2024 ജനുവരി - 2024 സെപ്തംബർ)

 മിഷെൽ ബാർനിയേ (2024 സെപ്തംബർ - 2024 ഡിസംബർ)

 ഫ്രാങ്കോയ്സ് ബെയ്റൂ (2024 ഡിസംബർ - ...)