rain

ചെന്നൈ: തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുന്നതിനിടെ താഴ്ന്നപ്രദേശങ്ങളില്‍ പലതും വെള്ളത്തിനടിയില്‍. പലയിടത്തും വലിയവെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. തിരുവണ്ണാമലൈ, ശ്രീപെരുമ്പത്തൂര്‍ എന്നിവിടങ്ങളില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. തിരുനെല്‍വേലി, തെങ്കാശി എന്നീ ജില്ലകളില്‍ വ്യാപകമായി നാശനഷ്ടമുണ്ടായി.തോരാതെ പെയ്യുന്ന മഴ കാരണം ട്രിച്ചി ജില്ലയില്‍ പലയിടത്തും അതീവഗുരുതരമായ സാഹചര്യമുണ്ട്.

മഴ ശക്തമായതോടെ വിരുദനഗര്‍, ശിവഗംഗ ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധിയായിരുന്നു. ചെന്നൈയില്‍ ഇടവിട്ടു മഴ പെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.


അതേസമയം, ന്യൂനമര്‍ദ്ദം നിലവില്‍ കന്യാകുമാരി തീരത്തേക്ക് നീങ്ങുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ശനിയാഴ്ചയോടെ ന്യൂനമര്‍ദം ദുര്‍ബലമാകുമെന്നും വെള്ളിയാഴ്ച രാത്രി വരെ തമിഴ്‌നാട്ടില്‍ മഴ തുടരുമെന്നുമാണ് മുന്നറിയിപ്പ്.

ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആന്‍ഡമാനിന്റെ തെക്ക് ഭാഗത്തായി ചക്രവാതച്ചുഴിയും രൂപപ്പെടും. ഇതിന് പിന്നാലെ തമിഴ്‌നാട്ടില്‍ വീണ്ടും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി സംസ്ഥാനത്ത് വ്യാപകമായി മഴയും നാശനഷ്ടവും സംഭവിക്കുകയാണ്. വെള്ളിയാഴ്ച കുറ്റാലത്ത് മലവെള്ളപ്പാച്ചിലുണ്ടായതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു.