
ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് ഇന്ന് മുതൽ
ബ്രിസ്‌ബേൺ: ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയുടെ മൂന്നാം ടെസ്റ്റ് ഇന്ന് ബ്രിസ്ബേനിിലെ ഗാബയിൽ തുടങ്ങും. പിങ്ക് ബാൾ ടെസ്റ്റിലെ വമ്പൻ തോൽവിക്ക് പകരം വീട്ടാനും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ സജീവമാക്കാനും ജയിച്ചേ അടങ്ങുവെന്ന വാശിയിലാണ് ചരിത്ര പ്രസിദ്ധവും സംഭവബഹുലവുമായ ഗാബയിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടാനിറങ്ങുന്നത്. ഇന്ത്യൻ സമയം രാവിലെ 5.50 മുതലാണ് മത്സരം.
പരമ്പരയിൽ ഇരടീമും ഓരോ മത്സരവും ജയിച്ച് സമനിലയിലാണ്.
കഴിഞ്ഞ മത്സരത്തിലെ ഗംഭീര ജയം നൽകിയതിന്റെ ആത്മവിശ്വാസത്തിൽ ഗാബയിൽ പോരിനിറങ്ങുന്ന ഓസ്ട്രേലിയ നേരത്തേ തന്നെ മത്സരത്തിലെ ഇലവനെ പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ മത്സരത്തിൽ കളിച്ച സ്കോട്ട് ബോളണ്ടിന് പകരം പരിക്ക് മാറിയ ജോഷ് ഹേസൽവുഡ് ടീമിൽ തിരച്ചെത്തി.
തിരിച്ചുവരാൻ
ബാറ്റിംഗ് നിര പരാജയപ്പെട്ടകും ബുംറ ഒഴികെയുള്ള ബൗളർമാർ നിറം മങ്ങിയതുമാണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെതോൽവിക്ക് കാരണമായത്. ക്യാപ്ടൻ രോഹിത് ശർമ്മ ഓപ്പണറായി തിരിച്ചെത്താൻ സാധ്യത കൂടുതലാണ്. രാഹുൽ- ജയ്‌സ്വാൾ ഓപ്പണിംഗ് സഖ്യം ഒന്നാം ടെസ്റ്റിലെ വിജയത്തിന് നിർണായക സംഭാവന നൽകിയെങ്കിലും രണ്ടാം ടെസ്റ്റിൽ പൂർണപരാജയമായിരുന്നു. അതിനാൽ തന്നെ രോഹിത് സ്ഥിരം പൊസിഷനായ ഓപ്പണിംഗിലേക്ക് മടങ്ങി വരികയൂം രാഹുൽ മദ്ധ്യനിരയിലേക്ക് ഇറങ്ങാനും സാധ്യതയുണ്ട്. അശ്വിന് പകരം വാഷിംഗ്‌ടൺ സുന്ദറും ഹർഷിത് റാണയ്‌ക്ക് പകരം അകശ്ദീപും ആദ്യ ഇലവനിൽ ഇടം നേടാനുള്ള സാധ്യത തള്ലിക്കളയാനാകില്ല. ഗാബയിൽ 2021ൽ ഐതിഹാസിക വിജയം സമ്മാനിക്കാൻ പ്രധാന പങ്കുവഹിച്ച റിഷഭ് പന്ത് ഇത്തവണയും നിരാശപ്പെടുത്തില്ലെന്നാണ് പ്രതീക്ഷ.
ഇന്ത്യ സാധ്യതാ ടീം: രോഹിത്, ജയ്‌സ്വാൾ,രാഹുൽ, ഗിൽ, കൊഹ്‌ലി,പന്ത്, നിതീഷ്,സുന്ദർ/അശ്വിൻ, ആകാശ്‌ദീപ്,സിറാജ്, ബുംറ.
ഓസ്ട്രേലിയ ടീം: ഖ്വാജ, മക്‌സ്വീനി,ലെബുഷെയ്‌ൻ, സ്‌മിത്ത്, ഹെഡ്,മാർഷ്,കാര,കമ്മിൻസ്,സ്റ്റാർക്ക്,ലയൺ,ഹാസൽവുഡ്.
മറക്കാനാകില്ല ഗാബ
2021-21 ലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഗാബ വേദിയായ നിർണായകമായ നാലാം ടെസ്റ്റിൽ അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിൽ ഇന്ത്യ 3 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം നേടി പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു. ഗാബയിൽ ഈ നൂറ്റിണ്ടിൽ ടെസ്റ്റിൽ ഓസ്ട്രേലിയ വഴങ്ങിയ ആദ്യ തോൽവിയായിരുന്നു അത്. ഗാബയിലെ ഓസ്ട്രേലിയയുടെ ഗർവിനേറ്റ അടിയായിരുന്നു ആ തോൽവി. രണ്ടാം ഇന്നിംഗ്‌സിൽ പുറത്താകാകെ 83 റൺസ് നേടിയ റിഷഭ് പന്തായിരുന്നു ഇന്ത്യയുടെ വിജയ ശില്പി. ഗിൽ (91),പുജാര( 56) എന്നിവരും നിർണായക സംഭാവന നൽകി. സിറാജിന്റെ ഓസീസിന്റെ രണ്ടാം ഇന്നിംഗ്സിൽ 5 വിക്കറ്ര് വീഴ്‌ത്തി.
ലൈവ് - സ്റ്റാർ സ്പോർട്‌സ്, ഹോട്ട്‌സ്റ്റാർ.