
ബംഗളൂരു: വ്യാജ സ്ത്രീധന പീഡന പരാതി ഉൾപ്പെടെ ആരോപിച്ച് ബംഗളൂരുവിൽ ടെക്കി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ജീവനൊടുക്കിയ അതുൽ സുഭാഷിന്റെ ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കും സമൻസ് അയച്ചു. പ്രതികൾ മാറത്തഹള്ളി പൊലീസ് സ്റ്റേഷനിൽ മൂന്ന് ദിവസത്തിനുള്ളിൽ ഹാജരാകണം. അതുലിന്റെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബംഗളൂരു പൊലീസ് സംഘം അതുലിന്റെ ഭാര്യയുടെ നാടായ ഉത്തർപ്രദേശിലെ ജൗൻപൂരിൽ എത്തി സമൻസ് കൈമാറിയത്. വസ്തുതകളും സാഹചര്യങ്ങളും പരിശോധിക്കുമ്പോൾ നിങ്ങളെ ചോദ്യം ചെയ്യാൻ മതിയായ കാരണങ്ങളുണ്ട്. മൂന്ന് ദിവസത്തിനകം ബംഗളുരുവിലെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാൻ നോട്ടീസിൽ ആവശ്യപ്പെട്ടു.
ഭാര്യ നികിത സിംഘാനിയ, അമ്മ നിഷ, സഹോദരൻ അനുരാഗ്, അമ്മാവൻ സുശീൽ എന്നിവർ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയത്. വർഷങ്ങളായി വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ മൂലം മാനസിക സമ്മർദ്ദത്തിലാണെന്ന് അതുലിന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. വ്യാജ സ്ത്രീധന പീഡന ആരോപണം ഉന്നയിച്ച് മൂന്ന് കോടി രൂപ ഭാര്യയുടെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഭാര്യാപിതാവിന്റെ മരണത്തിന് കാരണം അതുലാണെന്ന് പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇത് പിന്നീട് വ്യാജ പരാതിയാണെന്ന് കണ്ടെത്തി.
മകന്റെ ചെലവിനായുള്ള കേസ് നടക്കുന്നതിനിടെ പണം തരാൻ കഴിയില്ലെങ്കിൽ ആത്മഹത്യ ചെയ്തുകൂടേയെന്ന് ഭാര്യ ചോദിച്ചതിന് ജഡ്ജ് ചിരിച്ചത് യുവാവിനെ ഏറെ വേദനിപ്പിച്ചെന്നും ബന്ധുക്കൾ പറയുന്നു.
താനുണ്ടാക്കുന്ന പണം എതിരാളികളെ ശക്തരാക്കാൻ മാത്രമാണ് പ്രയോജനപ്പെടുന്നതെന്നും തന്റെ തന്നെ പണം ഉപയോഗിച്ച് ഭാര്യയും ബന്ധുക്കളും തന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നുമുള്ള ആരോപണം അതുൽ ഈ വീഡിയോയിൽ വിശദമാക്കിയിരുന്നു. 4 വയസുള്ള മകന്റെ ചെലവിനായി തുടക്കത്തിൽ 40000 രൂപ ആവശ്യപ്പെട്ട നികിത പിന്നീട് ഇത് ഇരട്ടി വേണമെന്നും പിന്നീട് ഒരു ലക്ഷം രൂപ മാസം വേണമെന്നും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.