railway

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് ആപ്പായ ഐആര്‍സിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് കോടിക്കണക്കിന് ആളുകളാണ്. സാധാരണ ടിക്കറ്റ്, തത്കാല്‍ ടിക്കറ്റ്, പ്രീമിയം തത്കാല്‍ ടിക്കറ്റ്, കറന്റ് റിസര്‍വേഷന്‍ തുടങ്ങിയ നിരവധി ടിക്കറ്റുകള്‍ ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ബുക്ക് ചെയ്യാന്‍ കഴിയും. ബുക്ക് ചെയ്യുന്ന ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റില്‍ ആണെങ്കില്‍, ചാര്‍ട്ട് തയ്യാറാക്കി കഴിഞ്ഞിട്ടും ടിക്കറ്റ് കണ്‍ഫോം അല്ലെങ്കില്‍ മുഴുവന്‍ തുകയും തിരികെ കിട്ടും. എന്നാല്‍ വെയ്റ്റിംഗ് ലിസ്റ്റിലെ ടിക്കറ്റ് യാത്രക്കാരന്‍ തന്നെ ക്യാന്‍സല്‍ ചെയ്താല്‍ ക്യാന്‍സലേഷന്‍ ഫീസ് ഈടാക്കാറുണ്ട്.

ഇത്തരത്തില്‍ യാത്രക്കാരന്‍ തന്നെ വെയ്റ്റിംഗ് ലിസ്റ്റിലെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിന് എന്തിനാണ് റെയില്‍വേ പണം ഈടാക്കുന്നതെന്ന ചോദ്യം രാജ്യത്തെ ട്രെയിന്‍ യാത്രക്കാര്‍ കാലങ്ങളായി ചോദിക്കുന്നതാണ്. കണ്‍ഫോം ആയ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോഴാണ് പണം ഈടാക്കുന്നതെങ്കില്‍ മനസ്സിലാക്കാം പക്ഷേ വെയ്റ്റിംഗ് ലിസ്റ്റിലെ ടിക്കറ്റിന് ഈ നടപടി ശരിയല്ലെന്ന അഭിപ്രായമാണ് ഭൂരിഭാഗം യാത്രക്കാര്‍ക്കുമുള്ളത്. ഇത് പിന്‍വലിക്കാന്‍ റെയില്‍വേ തയ്യാറാകണമെന്ന ആവശ്യവും കാലങ്ങളായി ഉള്ളതാണ്.

ഇത്തരത്തില്‍ വെയ്റ്റിംഗ് ലിസ്റ്റിലെ ടിക്കറ്റ് യാത്രക്കാരന്‍ തന്നെ ക്യാന്‍സല്‍ ചെയ്യുമ്പോഴുള്ള ഫീസ് ഈടാക്കല്‍ ഒഴിവാക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സമാജ്‌വാദി പാര്‍ട്ടി എംപി ഇഖ്‌റ ചൗധരിയാണ് പാര്‍ലമെന്റില്‍ മന്ത്രിയോട് ഈ ചോദ്യം ഉന്നയിച്ചത്. ഇതിന് എഴുതി തയ്യാറാക്കിയ മറുപടിയാണ് കേന്ദ്ര മന്ത്രി നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ അറിവോടെയാണോ ഫീസ് ഈടാക്കുന്നതെന്നും എംപി ചോദിച്ചിരുന്നു.

എല്ലാ വിഭാഗം ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുമ്പോഴും ഒരു ക്ലെറിക്കല്‍ ഫീസ് ചുമത്താറുണ്ടെന്നാണ് മന്ത്രി നല്‍കിയ മറുപടി. ക്യാന്‍സലേഷന്‍ ഫീസ് വിഭാഗത്തില്‍ പിരിക്കുന്ന തുക എന്തിനാണ് ഉപയോഗിക്കുന്നതെന്നും തന്റെ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി. റെയില്‍വേയുടേയും ട്രെയിനുകളുടേയും അറ്റകുറ്റപണികള്‍ക്കും ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ ചെലവിനും വേണ്ടിയാണ് പണം ഉപയോഗിക്കുന്നതെന്നാണ് മന്ത്രി നല്‍കിയ മറുപടി.