pic

ന്യൂയോർക്ക് : സ്ട്രീറ്റ് ഫുഡ്സ് ആസ്വദിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. യാത്രകളും മറ്റും പോകുമ്പോൾ ചില നഗരങ്ങളിലെ ഭക്ഷണം നമ്മെ വല്ലാതെ ആകർഷിക്കും. മറ്റ് നഗരങ്ങളിൽ നിന്ന് വ്യത്യസ്തമായി രുചികരമായ ഭക്ഷണത്തിന്റെ പേരിൽ അറിയപ്പെടുന്ന നിരവധി ഇടങ്ങൾ ലോകത്തുണ്ട്. അത്തരത്തിൽ ലോകത്തെ ഏറ്റവും മികച്ച 100 ഫുഡ് സിറ്റികളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ലോകപ്രശസ്ത യാത്രാ ഓൺലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ്.

ഇന്ത്യയിൽ നിന്ന് ആറ് നഗരങ്ങൾ പട്ടികയിൽ ഇടംനേടി. സ്വപ്നങ്ങളുടെ നഗരമായ മുംബയ് ലിസ്റ്റിൽ അഞ്ചാം സ്ഥാനം നേടി. സ്ട്രീറ്റ് ഫുഡ്സിനും ട്രഡീഷണൽ ഫുഡ്സിനും ഒരു പോലെ പേരുകേട്ട ഇടമാണ് മുംബയ്. ബേൽപൂരി,​ പാവ് ബാജി,​ വട പാവ് തുടങ്ങിയ സ്ട്രീറ്റ് ഫുഡ്സിന്റെ പറുദീസ.

റാം ആശ്രയ,​ കഫേ മദ്രാസ് തുടങ്ങിയ ഐക്കണിക് റെസ്റ്റോറന്റുകൾ മുംബയ്‌യെ ഭക്ഷണപ്രേമികൾക്കിടെയിൽ സ്‌പെഷ്യലാക്കുന്നു. അമൃത്‌സർ (43)​,​ ന്യൂഡൽഹി (45)​,​ ഹൈദരാബാദ് (50)​,​ കൊൽക്കത്ത (71)​,​ ചെന്നൈ (75)​ എന്നിവയാണ് ലിസ്റ്റിലിടം നേടിയ മറ്റ് ഇന്ത്യൻ നഗരങ്ങൾ.

ഇറ്റലിയിലെ നേപ്പിൾസ് ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. നിയപൊളിറ്റൻ പിസയ്ക്ക് പേര് കേട്ട നേപ്പിൾസ് ആണ് പിസയുടെ ജന്മദേശം. ഇറ്റാലിയൻ നഗരങ്ങളായ മിലാൻ, ബൊലോന്യ, ഫ്ലോറൻസ് എന്നിവയാണ് തൊട്ടുപിന്നിൽ.

റോം (6)​,​ ടൂറിൻ (9)​ എന്നിവയാണ് ആദ്യ പത്തിൽ ഇടംനേടിയ മറ്റ് ഇറ്റാലിയൻ നഗരങ്ങൾ. പാരീസ് (ഫ്രാൻസ്)​ ഏഴാമതും വീയന്ന (ഓസ്ട്രിയ)​ എട്ടാമതും ഒസാക്ക (ജപ്പാൻ)​ പത്താമതുമെത്തി.