revanth-reddy

ഹൈദരാബാദ്: കഴിഞ്ഞ ദിവസം നടൻ അല്ലു അർജുനെ അറസ്​റ്റ് ചെയ്ത പൊലീസ് നടപടിയെ ന്യായീകരിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പൊലീസ് അവരുടെ ജോലിയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നടന്റെ പുതിയ ചിത്രമായ പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടയിൽ സന്ധ്യ തിയേ​റ്ററിലുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് വീട്ടമ്മ മരിച്ച സംഭവത്തെ തുടർന്നായിരുന്നു അറസ്​റ്റ്. നടന് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചെങ്കിലും ഇന്ന് രാവിലെയാണ് ജയിൽ മോചിതനായത്.

'മരിച്ച വീട്ടമ്മയുടെ മകൻ ഗുരുതര പരിക്കേ​റ്റ് കോമയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തീയേ​റ്ററിലെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിനെ വിന്യസിച്ചിരുന്നു. എന്നാൽ ഷോയ്ക്ക് അല്ലു അർജുൻ എത്തിയതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുകയായിരുന്നു. ഇതാണ് പ്രശ്നത്തിന് കാരണമായത്. അല്ലു സിനിമ കാണാൻ വേണ്ടി മാത്രമല്ല തീയേ​റ്ററിൽ വന്നത്. ആരാധകരെ അഭിവാദ്യം ചെയ്യുന്നതിനായി നടൻ കാറിന്റെ സൺറൂഫിൽ നിന്ന് പുറത്തേക്ക് വരികയും ചെയ്തു. ഇതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയായി.

അല്ലുവിന്റെ ഭാര്യ സ്‌നേഹ റെഡ്ഡി തന്റെ ബന്ധുവാണ്. ഇത് അറസ്റ്റിനെ ബാധിച്ചിട്ടില്ല. നടന്റെ അറസ്​റ്റുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകൾ ഇതിനകം തന്നെ നടന്നു. പക്ഷെ തിക്കിലും തിരക്കിലും മരണം സംഭവിച്ച സ്ത്രീയെക്കുറിച്ച് ഒരു ചർച്ചകളും നടന്നിട്ടില്ല. ഒരു പാവപ്പെട്ട കുടുംബത്തിനാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്. കോമയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യം എന്നാണ് മെച്ചപ്പെടുക? ഇനിയുളള കാലം ആ കുട്ടി അമ്മയില്ലാതെ ജീവിക്കണ്ടേ. ഇവിടെയുളള സിനിമാതാരങ്ങളെല്ലാം പണം സമ്പാദിക്കുന്നുണ്ട്. സാധാരണക്കാർക്ക് അതിൽ കാര്യമില്ല. നിയമം അതിന്റെ വഴിക്ക് പോകും. കേസിന്റെ അന്വേഷണത്തിൽ ആരും ഇടപെടേണ്ട ആവശ്യമില്ല'- രേവന്ത് റെഡ്ഡി പറഞ്ഞു.

പരിപാടിയിൽ ഇഷ്ടതാരം ആരാണെന്ന് മുഖ്യമന്ത്രിയോട് ഒരാൾ ചോദിച്ചു. ഞാൻ തന്നെ ഒരു താരമാണ്. ഞാൻ ആരുടേയും ആരാധകനല്ല എന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ പ്രതികരണം.