
വയനാട്ടിൽ രണ്ടു ഗ്രാമങ്ങളെയാകെ വിഴുങ്ങിയ ഉരുൾപൊട്ടൽ ദുരന്തമുണ്ടായത് നാലുമാസം മുമ്പാണ്. മുന്നൂറ്റിയമ്പതോളം പേരുടെ ജീവൻ കവർന്ന ദുരന്തത്തിൽ നൂറുകണക്കിന് വീടുകൾക്കു പുറമെ, സ്കൂളുകളും മറ്റു സ്ഥാപനങ്ങളും ഒലിച്ചുപോയി. ജീവിതവും കിടപ്പാടവും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനും, ചൂരൽമല, മുണ്ടക്കൈ ഗ്രാമങ്ങൾക്ക് പുതുജീവൻ പകരാനും രണ്ടായിരം കോടിയുടെ പാക്കേജാണ് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനു സമർപ്പിച്ചത്. ഇതിലും ചെറിയ ദുരന്തങ്ങളിൽപ്പോലും സംസ്ഥാനങ്ങൾക്ക് അടിയന്തര ധനസഹായവും, പിന്നീട് വിശദ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പണവും അനുവദിക്കുന്നതാണ് സാധാരണ രീതി.
വയനാട്ടിലെ ദുരന്തഭൂമി ചുറ്റിനടന്നു കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, ദുരന്തബാധിതരുടെ കുടുംബങ്ങളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. കുഞ്ഞുങ്ങളെ ആശ്ലേഷിച്ചു. കേന്ദ്ര സർക്കാർ ഒപ്പമുണ്ടാവുമെന്ന് ഉറപ്പുനൽകി മടങ്ങിയ മോദിയിൽ കാരുണ്യമുള്ള മനുഷ്യസ്നേഹിയെയാണ് കേരളം ദർശിച്ചത്. ദുരന്തമേഖലയിലെ ജനങ്ങൾ മാത്രമല്ല, സംസ്ഥാന സർക്കാരും ആ വാക്കുകളിൽ ഏറെ പ്രതീക്ഷയർപ്പിച്ചു. പക്ഷേ, ദുരന്തം നടന്ന് നാലുമാസം പിന്നിട്ടിട്ടും കേന്ദ്രത്തിൽ നിന്ന് ചില്ലിക്കാശു പോലും കേരളത്തിനു ലഭിച്ചില്ല. മാത്രമല്ല, സംസ്ഥാന ദുരന്ത സമാശ്വാസ നിധിയിൽ നിന്നുള്ള തുച്ഛമായ തുകയെടുത്ത് ചെലവാക്കാൻ ഉപദേശവും!
ബി.ജെ.പിയുടെ സഖ്യകക്ഷികൾ ഭരിക്കുന്ന ഒഡിഷയ്ക്കും ആന്ധാപ്രദേശിനും ഇതിനിടെയുണ്ടായ പ്രകൃതിദുരന്തങ്ങളുടെ പേരിൽ കോടികളാണ് ധനസഹായമായി നൽകിയത്. അതിന്റെ എത്രയോ മടങ്ങ് വലിയ ദുരന്തം നടന്ന വയനാടിന്റെ കാര്യത്തിൽ മോദി സർക്കാരിന്റെ കണ്ണ് മഞ്ഞളിച്ചു പോയതെന്തെന്നാണ് കേരള സർക്കാരിന്റെ ചോദ്യം. കേരളം ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ടോ, അതോ വയനാട് പാർലമെന്റ് മണ്ഡലത്തിന്റെ എം.പി. രാഹുൽ ഗാന്ധിക്കു പിന്നാലെ പ്രിയങ്കാ ഗാന്ധി ആയതുകൊണ്ടോ കേന്ദ്രത്തിന് രാഷ്ട്രീയ അന്ധത ബാധിച്ചതാവാമത്രെ! ഇത്തരം ദുരന്തങ്ങളിൽ സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനോടല്ലാതെ മറ്റാരോടാണ് കൈ നീട്ടുകയെന്ന കേരള ഹൈക്കോടതിയുടെ ചോദ്യത്തിനും ഉത്തരമില്ല.
അതിനിടയ്ക്കാണ്, 'പുര കത്തുമ്പോൾ വാഴ വെട്ടുന്ന" തരത്തിലുള്ള അടുത്ത കുത്തെന്ന് കേരള സർക്കാർ. 2018-ൽ കേരളത്തിൽ സംഭവിച്ച മഹാപ്രളയത്തിൽ ഹെലികോപ്ടർ വഴി എയർ ലിഫ്റ്റ് ചെയ്ത് നിരവധി പേരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ വ്യോമസേനയുടെ സാഹസിക കൃത്യം ഏറെ പ്രശംസ നേടിയതാണ്. പക്ഷേ, കേന്ദ്രസർക്കാർ ഇപ്പോൾ അതിനും വില ചോദിക്കുന്നു! വയനാട് ദുരന്തത്തിൽ ഉൾപ്പെടെ 2006 മുതൽ കേരളത്തിൽ വ്യോമസേന നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്കു ചെലവായ 132 കോടി രൂപ എത്രയും വേഗം നൽകണമെന്നാണ് വ്യോമസേനയുടെ ആവശ്യം. എന്നാൽ, ഈ പണം കേരളം അടയ്ക്കേണ്ടി വരില്ലെന്നും, സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതത്തിൽ പിന്നീട് കുറവു ചെയ്യുമെന്നും മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ. പണം നൽകിയാൽത്തന്നെ, പിന്നീട് തിരിച്ചു നൽകുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ്. തിരികെ നൽകിയാൽത്തന്നെ അത് എപ്പോൾ കിട്ടും? അതിനേക്കാൾ നല്ലത് കേന്ദ്രം 132 കോടി വ്യോമസേനയ്ക്ക് നേരിട്ടു നൽകുന്നതല്ലേ എന്നാണ് സംസ്ഥാന സർക്കാരിന്റെ ചോദ്യം.
ഒരു കസേര, അഞ്ച് അവകാശികൾ! പാർലമെന്റ് തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും നേടിയ വമ്പിച്ച വിജയത്തോടെ, 2026 മേയിൽ നടക്കുന്ന അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനാവുമെന്ന യു.ഡി.എഫിന്റെ സ്വപ്നങ്ങൾക്ക് ചിറകു മുളച്ചു തുടങ്ങി. ഒപ്പം, മുഖ്യമന്ത്രി സ്ഥാനം കൈക്കലാക്കാനുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ഒപ്പനകളിയും- വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, കെ. സുധാകരൻ, ശശി തരൂർ. ഒരുകാലത്ത് ഐ ഗ്രൂപ്പിന്റെ കിടിലങ്ങളായിരുന്നു ഇതിൽ പലരും. പിന്നീട് അതേ ഗ്രൂപ്പിൽത്തന്നെ പല തട്ടുകളായി. ചിലർക്ക് ഗ്രൂപ്പെന്ന് പറയുന്നതു തന്നെ പിന്നീട് അലർജിയായി.
വളരെക്കാലം കേരള രാഷ്ട്രീയത്തിൽ ഐ ഗ്രൂപ്പിനോട് മപ്പടിച്ചു നിന്നിരുന്ന എ ഗ്രൂപ്പ് തണ്ടൊടിഞ്ഞ താമര പോലെയായി. എ ഗ്രൂപ്പിന്റെ തലതൊട്ടപ്പനായിരുന്ന എ.കെ. ആന്റണി തന്റെ പ്രതാപകാലം കഴിയും മുമ്പുതന്നെ സ്വന്തം ഗ്രൂപ്പിനോട് നമോവാകം പറഞ്ഞു. ഉമ്മൻചാണ്ടിയുടെ കാലം വരെ ഒരുവിധം പിടിച്ചു നിന്ന ഗ്രൂപ്പിലെ പോരാളികളിൽ ചിലർ കാറ്റിന്റെ ഗതിക്കനുസരിച്ച് കോലം മാറി. മറ്റു ചിലർ നിർജീവമായി. 'ആടു കിടന്നിടത്ത് പൂട പോലുമില്ലാത്ത" സ്ഥിതി. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ചുമതല നൽകാതെ, തന്നെ മാത്രം തഴഞ്ഞെന്ന ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ കരച്ചിലിന് ചെവി കൊടുക്കാൻ പോലും അതിലാരും തയ്യാറായില്ല!
പൊതുശത്രുവിനെതിരെ ശത്രുക്കൾ ഒന്നിക്കുക എന്നതാണ് കോൺഗ്രസിൽ ഒടുവിലത്തെ സംഭവം. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാനുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കരുനീക്കങ്ങളിൽ ആശങ്കാകുലരാണ് മറ്റ് കസേര മോഹികൾ. ഛിന്നഭിന്നമായി നിന്നിരുന്ന സതീശൻ വിരുദ്ധ ഐ ഗ്രൂപ്പുകാർ വിശാല ഐ ഗ്രൂപ്പിന് പുതുജീവൻ നൽകാനുള്ള ശ്രമത്തിലാണ്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കി സ്വന്തം പക്ഷക്കാരനെ പ്രസിഡന്റാക്കാനുള്ള സതീശന്റെ ശ്രമം സംഘടനയും കൈപ്പിടിയിൽ ഒതുക്കാനാണത്രെ. സുധാകരനെ മാറ്റേണ്ടതില്ലെന്നാണ് അവരുടെ മറുതന്ത്രം. 'അത് അതിമോഹമാണ് മോനേ ദിനേശാ. അതങ്ങ് കൈയിൽ വച്ചാൽ മതി" എന്ന ഭാവം.
ഈ പത്രക്കാരെക്കൊണ്ട് എം.വി. ഗോവിന്ദൻ മാഷ് തോറ്റു. മാഷിന്റ നോട്ടത്തിൽ പത്രക്കാരിൽ ഏറിയ പങ്കും കമ്മ്യൂണിസത്തിന്റെ ശത്രുക്കളാണ്. പാർട്ടിയെയും ഇടതുപക്ഷ സർക്കാരിനെയും അപകീർത്തിപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. സി.പി.എമ്മിലെ തെറ്റായ പ്രവണതകൾ തിരുത്താനുള്ള പ്രവർത്തനങ്ങളെ കമ്മ്യൂണിസ്റ്റ് വിരുദ്ധമെന്ന് അവർ ചിത്രീകരിച്ചുകളയും. ആരോഗ്യകരമായ നിലയിലാണ് പാർട്ടി കൊല്ലം ജില്ലാ സമ്മേളനം പൂർത്തിയായത്. എന്നാൽ പത്രങ്ങളിൽ വന്നത്, മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വരെ കടുത്ത വിമർശനം നേരിട്ടെന്ന മട്ടിലും. സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിൽ ലഹരിമരുന്നു കച്ചവടം നടന്നെന്നുവരെ താൻ പ്രസംഗിച്ചതായി ചില പത്രങ്ങൾ എഴുതി. 'കുടലെടുത്ത് കാണിച്ചാലും വാഴനാരെ"ന്നേ പറയൂ. മൂന്നാം പിണറായി സർക്കാർ ഉയർന്നു വരുന്നതിന്റെ സാദ്ധ്യതകളാണ് സമ്മേളനങ്ങളിൽ ചർച്ച ചെയ്യുന്നതെന്നാണ് മാഷിന്റെ ഭാഷ്യം.
നുറുങ്ങ്
 വയനാട് ദുരന്തബാധിതർക്ക് കേന്ദ്രം ഉടൻ ധനസഹായം നൽകണമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ട ഡി.എം.കെ എം.പി കനിമൊഴിക്കു നേരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി കൈകൾ മലർത്തി ഗോഷ്ടി കാണിച്ചെന്ന് ആക്ഷേപം.
# സുരേഷ്ഗോപിയോട് തിരിച്ച് ഗോഷ്ടി കാണിക്കാൻ തൃശൂരിലെ വോട്ടർമാർക്കും ഒരു ദിവസം വരുമെന്ന് ഇടതുപക്ഷം. 'ജസ്റ്റ് റിമംബർ ദാറ്റ്."
(വിദുരരുടെ ഫോൺ: 99461 08221)