padmanabha-swamy-temple

കേരളത്തിന് പ്രത്യേകിച്ച് തലസ്ഥാനവാസികൾക്ക് അഭിമാനവും വിശ്വാസപ്രപഞ്ചവുമാണ് ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രം. 12008 സാളഗ്രാമ ശിലകളാൽ നിർമ്മിതമായ അത്യപൂർവ ശയന വിഗ്രഹമാണ് ക്ഷേത്രത്തിലേത്. അനവധിയായ ചുമർച്ചിത്ര രചനകളാൽ സമ്പന്നം കൂടിയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ മഹാക്ഷേത്രം. ഈ ചുമർ ചിത്രങ്ങൾക്കും ശിൽപങ്ങൾക്കും പിന്നിൽ അടങ്ങിയിരിക്കുന്ന അത്ഭുതങ്ങളെ കുറിച്ച് പറയുകയാണ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ഭായ്.

അശ്വാരൂഡ പാർവതി എന്നറിയപ്പെടുന്ന ഒരു ചിത്രത്തിന് ചില സവിശേഷതകൾ ഉണ്ടെന്ന് ഗൗരി ലക്ഷ്‌മി ഭായ് പറയുന്നു. പുരുഷന്മാർ അവിടെ പോയി പ്രാർത്ഥിച്ചു കഴിഞ്ഞാൽ ഉടൻ വിവാഹം നടക്കുമെന്നും, ഉത്തമയായ ഭാര്യയെ ലഭിക്കുമെന്നും വിശ്വാസമുണ്ട്''.തന്റെ അറിവിൽ തന്നെ ആറു മാസത്തിനുള്ളിൽ മൂന്ന് വിവാഹങ്ങൾ നടന്നുവെന്നും തമ്പുരാട്ടി വെളിപ്പെടുത്തി.

''മറ്റൊന്നുള്ളത്, അഷ്‌ടനാഗ ഗരുഡനാണ്. വലിയ ബലിക്കല്ലിന് അരികിലായി ഹനുമാന്റെ ഇടത് വശത്താണ് അഷ്‌ടനാഗ ഗരുഡൻ നിലകൊള്ളുന്നത്. ഗരുഡനെ പ്രദക്ഷിണം വയ്‌ക്കുകയാണെങ്കിൽ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന വിശ്വാസവുമുണ്ട്. അത്രയും വലുപ്പമുള്ള അഷ്‌ടനാഗ ഗരുഡൻ ഭാരതത്തിൽ അപൂർവമാണ്.

പലർക്കും അറിയാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. അലങ്കാര മണ്ഡപത്തിലെ ഒരു തൂണിൽ ചെറിയൊരു രൂപം കൊത്തി വച്ചിട്ടുണ്ട്. ചിറകുമായിട്ട് പറക്കുന്ന രൂപമാണതിന്. കൈയിലൊരു സഞ്ചിയുണ്ട്. അതിൽ നിന്ന് എന്തോ വീഴുന്ന രൂപത്തിലാണ് അത് കൊത്തിവച്ചിട്ടുള്ളത്. അഭീഷ്‌ടദായകൻ എന്നാണ് ആ മൂർത്തി അറിയപ്പെടുന്നത്. അതിന് മുന്നിൽ പോയി പ്രാർത്ഥിക്കുകയാണെങ്കിൽ ആഗ്രഹിക്കുന്ന എന്തു നല്ല കാര്യവും നടക്കും എന്നും വിശ്വാസമുണ്ട്''.